1948ലെ ഫലസ്തീന്‍ ജനതയുടെ വംശനശീകരണമായി (നക്ബ) ഒടുങ്ങിയ ഇസ്രഈല്‍ അധിനിവേശത്തെക്കുറിച്ച് മഹമൂദ് മമദാനി (Mahmood Mamdani) പറയുന്നത് ഇപ്രകാരമാണ്;
‘യഹൂദരല്ലാത്ത ജനതയെ മുഴുവന്‍ എന്നെന്നേക്കുമായി നീക്കം ചെയ്യുന്നത് വംശീയ ഉന്മൂലനത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും വിഭജനത്തിന്റെയും വര്‍ണവിവേചനത്തിന്റെയും സ്വത്വ നിഷേധത്തിന്റെയും സ്വഭാവമാര്‍ജിച്ചു കഴിഞ്ഞിരുന്നു.
ഇസ്രഈല്‍ പ്രഖ്യാപിച്ച സ്വാതന്ത്ര്യത്തെ തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ജൂതസൈനികര്‍ യഹൂദന്മാരല്ലാത്ത എല്ലാ ഫലസ്തീനികളെയും അവര്‍ പാര്‍ത്തിരുന്ന ഇടങ്ങളില്‍ നിന്ന് കൂട്ടത്തോടെ പുറത്താക്കി. ഏകദേശം 75,000 പേര്‍ നാടുകടത്തപ്പെടുകയും പതിനായിരക്കണക്കിന് വരുന്ന ആളുകള്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. എല്ലാവര്‍ക്കും അവരുടെ ഭൂമിയും വീടുകളും നഷ്ടപ്പെട്ടു. അത് അവരുടെ യഹൂദ ഉടമകള്‍ ‘വീണ്ടെടുത്തു’.
അതേസമയം, ഇസ്രഈലില്‍ തുടരുന്ന ജൂതേതര ഫലസ്തീനികളെ സൈനിക അധിനിവേശ മേഖലകളിലേക്ക് കേന്ദ്രീകരിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ അവരുടെ പട്ടണങ്ങളും വീടുകളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് യഹൂദേതതര ജനതയുടെ സ്വത്തുക്കളും വസ്തുവഹകളും ഭരണകൂടം കണ്ടുകെട്ടുകയോ നശിപ്പിക്കുകയോ ചെയ്യുമ്പോള്‍ ഫലസ്തീന്‍ ജനത തീര്‍ത്തും അരക്ഷിതരായി.
അതുവരെ നിലനിന്നിരുന്ന നിയമപരമായ എല്ലാ അവകാശങ്ങളുടെ എടുത്തുമാറ്റലോടെയും ദരിദ്രവല്‍ക്കരണത്തോടെയും (deprivation and immiseration) 1948ല്‍ ആരംഭിച്ച ഇസ്രഈല്‍ ഭരണകൂടത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപന ദൗത്യം പൂര്‍ത്തിയാവുകയായിരുന്നു. അതോടെ, ഇസ്രഈലിലെ ഫലസ്തീന്‍ ജനതയെ ആഭ്യന്തര ശത്രുവായി ഫ്രെയിം ചെയ്യപ്പെട്ടു.’ (Neither Settler nor Native, The making and unmaking of Permanent Minorities, Mahmood Mamdani, 2020).
ഇങ്ങനെ അപഹരിക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്ത ഫലസ്തീന്‍ ജനതയുടെ സാക്ഷ്യമാണ് ഡാരിന്‍ ജെ. സലാമിന്‍ സംവിധാനം നിര്‍വഹിച്ച ജോര്‍ദാന്‍ നിര്‍മിത ഫലസ്തീനെ കുറിച്ചുള്ള ചലച്ചിത്രം ‘ഫര്‍ഹ’.
ഇതിനകം വളരെയധികം ശ്രദ്ധ നേടിയ, ഇസ്രഈല്‍ ഭരണകൂടം തന്നെ ഇസ്രഈലില്‍ നെറ്റ്ഫ്‌ലിക്‌സിന് നിരോധനമേര്‍പ്പെടുത്താന്‍ കാരണമായ ‘ഫര്‍ഹ’യില്‍ (2021) സയണിസ്റ്റ് ഭരണകൂടം ബ്രിട്ടീഷ് ഒത്താശയോടെ 1948ല്‍ നടത്തിയ അധിനിവേശത്തിന്റെ എല്ലാ ക്രൂരതകളും 14 വയസുകാരി പെണ്‍കുട്ടി നേരനുഭവത്തിലൂടെയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്.
1948ലെ ഈ ക്രൂരനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന റാദിഹ് എന്ന പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ കഥയാണ് ഫര്‍ഹയിലൂടെ പ്രതിപാദനം ചെയ്യുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. തന്റെ ഗ്രാമം ഇസ്രഈല്‍ സൈന്യം വളയുകയാണെന്നറിഞ്ഞ ഫര്‍ഹയുടെ പിതാവ് ഗ്രാമത്തെ അധിനിവേശത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ സഹപ്രവര്‍ത്തകരുടെ കൂടെ ചെറുത്തുനില്‍പിനായി യാത്ര തിരിക്കുകയാണ്. മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ മകളെ വീടിന്റെ ഒരൊഴിഞ്ഞ അറയില്‍ താല്‍ക്കാലത്തേക്കായി പാര്‍പ്പിക്കുകയാണ്. പിതാവ് ഒളിപ്പിച്ചിരുത്തിയ അറയുടെ കാഴ്ച പഴുതിലൂടെയാണ് ഫര്‍ഹ ഒരു ജനതയുടെ അതിക്രൂരമായ കുടിയൊഴിപ്പിക്കലിന് സാക്ഷ്യം വഹിക്കുന്നത്.
ഫര്‍ഹയെ ഇസ്രഈല്‍ അധിനിവേശകരില്‍ നിന്നും രക്ഷിക്കാനായി പിതാവ് അടച്ചിട്ട മുറിയുടെ ഭിത്തിയിലെ ഒരു ചെറിയ ദ്വാരത്തിലൂടെയും വാതിലിന്റെ വിള്ളലിലൂടെയുമാണ് ‘നക്ബ’യുടെ ഭീകരത അവള്‍ കാണുന്നത്. അവളെ ആദ്യം കാണുമ്പോള്‍ സന്തോഷം നിറഞ്ഞ മുഖവുമായി പുസ്തക വായനയില്‍ ഫര്‍ഹ ലയിച്ചിരിക്കുകയാണ്.
പഠിക്കാന്‍ വലിയ താല്‍പര്യമുള്ള ഫര്‍ഹയുടെ പിതാവിനോടുള്ള ഏകാവശ്യം എന്ന് പറയുന്നത് നഗരത്തിലെ സ്‌കൂളില്‍ തുടര്‍പഠനത്തിനായി ചേര്‍ക്കുക എന്നാണ്. ഓത്ത് പഠിപ്പിക്കുന്ന മതാധ്യാപകന്‍ അവള്‍ ഖുര്‍ആന്‍ അല്ലാതെ മറ്റൊന്നും പഠിക്കേണ്ട എന്ന അഭിപ്രായക്കാരനാണ്. പക്ഷെ അവള്‍ അതില്‍ പ്രതിഷേധിച്ചുകൊണ്ട് പറയുന്നത് അവള്‍ക്ക് ഭൂമിശാസ്ത്രവും കണക്കും ഇംഗ്ലീഷും പഠിക്കണമെന്നാണ്. ദൂരെ നഗരത്തിലെ സ്‌കൂളിലേക്ക് അയച്ചു പഠിപ്പിക്കാന്‍ വിടുന്നതില്‍ പിതാവിന് ഏറെ ആശങ്കയുണ്ടെങ്കിലും അയാള്‍ അവളുടെ ഇഷ്ടത്തിന് വഴങ്ങുകയാണ്.
ഫര്‍ഹ ഈ വിവരം തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ഫരീദയുമൊത്ത് പങ്കുവെക്കുന്നു. ആണ്‍പിള്ളേരെ കുറിച്ചു അവരുടെ സ്വകാര്യതമാശകള്‍ പറഞ്ഞിരിക്കെയാണ് ദൂരെ നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നത്. തൊട്ടുപിന്നാലെ പട്ടാള വണ്ടികള്‍ കടന്നുവരികയാണ്. ഗ്രാമം തീര്‍ത്തും അരക്ഷിതാവസ്ഥയിലായി. കിട്ടാവുന്ന കൈയിലെടുത്തു വീടും കുടിയും വിട്ട് ഗ്രാമവാസികള്‍ പലായനം ചെയ്യുകയാണ്. ഫരീദയുടെ പിതാവിന്റെ കാറില്‍ ഫര്‍ഹയും രക്ഷപ്പെടുന്നു.
പക്ഷെ അവള്‍ക്ക് പിതാവിനെ ഉപേക്ഷിച്ച് പോകാനാവില്ല. രക്ഷപ്പെടാനായി മകളെ നിര്‍ബന്ധിക്കുന്ന പിതാവ് പലവട്ടം പറഞ്ഞിട്ടും അയാളെ വിട്ടുപോകാന്‍ അവള്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ അധിനിവേശത്തിനെതിരെയുള്ള ഗ്രാമത്തിന്റെ പരിമിതമായ ചെറുത്തുനില്‍പിന് പോകുംമുമ്പ് അയാള്‍ തിരിച്ചുവരുന്നതുവരെ ഫര്‍ഹയെ സുരക്ഷിതയാക്കാന്‍ വേണ്ടിയാണ് വീടിന്റെ ഒരൊഴിഞ്ഞ മുറിയില്‍ അവളെ ഒളിവില്‍ പാര്‍പ്പിക്കുന്നത്.
ഒളിച്ചിരിക്കുന്ന അറയില്‍ ഫര്‍ഹയ്ക്ക് അനിശ്ചിതം തുടരേണ്ടി വരുന്നു. ഓരോ ദിവസവും പിതാവിന്റെ വരവിനായി അവള്‍ കാത്തിരിക്കും. അവള്‍ അറയ്ക്കകത്തിരുന്നുക്കൊണ്ട് തന്റെ ചുറ്റുപാടുമുള്ള ലോകത്തെ ചുമരിലെ ഒരു ചെറുദ്വാരത്തിലൂടെയാണ് കണ്ടിരുന്നത്. അത്രയും കാഴ്ച മാത്രമേ നമ്മുക്കും സംവിധായകന്‍ ഡാരിന്‍ ജെ. സലാം അനുവദിച്ചിട്ടുള്ളു.
ഒളിയറയ്ക്ക് പുറത്തുനടക്കുന്ന യുദ്ധം ഫര്‍ഹ കേള്‍ക്കുന്നത് വെടിയൊച്ചകളുടെ ശബ്ദങ്ങളിലൂടെയാണ്. നിലയ്ക്കാത്ത പൊട്ടിത്തെറികളും വെടിയൊച്ചകളും, ബോംബുകളുടെ ഭയാനകമായ ശബ്ദവും ഫര്‍ഹയില്‍ ഭീതിയും ദുഖവും ജനിപ്പിക്കുന്നു. പിതാവിന്റെ സുരക്ഷിത്വത്തെകുറിച്ചാണ് അവളുടെ ഭയമത്രയും.
ഒളിയറയില്‍ വെച്ചവള്‍ ഋതുമതിയാക്കുന്നുമുണ്ട്. പുറത്തു മഴ പെയ്യുന്നു. എന്നിട്ടും അതുവരെ പ്രത്യാശ കൈവിടാതിരുന്ന അവളെ തകര്‍ത്തത് ഇസ്രഈല്‍ പട്ടാളം പ്രസവിച്ചയുടനെയുള്ള ഒരു കുഞ്ഞും മറ്റ് രണ്ടു കുഞ്ഞു പെണ്‍മക്കളും ഭാര്യയും ഭര്‍ത്താവുമടങ്ങിയ ഒരു ഫലസ്തീന്‍ കുടുംബത്തോട് കാണിച്ച നിര്‍ദയമായ ഭീകരത കണ്ടിട്ടാണ്. ഫര്‍ഹ ഇതോടെ മറ്റൊരാളായി തീരുന്നു. അറയില്‍ മുമ്പാരോ ഒളിപ്പിച്ചുവെച്ചിരുന്ന ഒരു പിസ്റ്റള്‍ അവള്‍ കണ്ടെത്തുന്നു. കൂടെ വെടിയുണ്ടകളും. അതുപയോഗിച്ച് അറയുടെ വാതില്‍പൊളിച്ചാണ് അവള്‍ പുറത്തുകടക്കുന്നത്. ഫര്‍ഹ പിന്നീട് സിറിയയിലേക്ക് പലായനം ചെയ്തുവെന്നാണ് ടൈറ്റിലില്‍ എഴുതിവരുന്നത്.
അറയിലെ ഫര്‍ഹയുടെ ജീവിതം തീര്‍ച്ചയായും ഏതൊരു മനുഷ്യസ്‌നേഹിയെയും നാസിവാഴ്ച കാലത്തെ ആന്‍ ഫ്രാങ്കിനെ ഓര്‍മിപ്പിക്കും. ഹൃദയഭേദകമാണ് ഇസ്രഈല്‍ പട്ടാളക്കാര്‍ ഫലസ്തീന്‍ കുടുംബത്തോട് ചെയ്തിരിക്കുന്ന ക്രൂരത. അത്തരം ക്രൂരതകള്‍ എണ്ണമറ്റ ഫലസ്തീനികളെ ബാധിച്ചിട്ടുണ്ടെന്നും അവരുടെ കഥകള്‍ മായ്ച്ചു കളയപ്പെട്ടിരിക്കുന്നുവെന്നതുമാണ് യാഥാര്‍ഥ്യം. വംശീയവും വര്‍ണവിവേചനപരവുമായ കുടിയേറ്റ കൊളോണിയല്‍ (settler-colonial) വ്യവസ്ഥ സ്ഥാപിതമായത് ഇങ്ങനെയുള്ള ക്രൂരമായ അധിനിവേശത്തിലൂടെയാണ്.
2021 ടൊറന്റോ ഫെസ്റ്റിവലില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ജോര്‍ദാനില്‍ നിന്നുള്ള ഈ ചലച്ചിത്രം സാംസ്‌കാരിക പ്രചാരവേലയാണെന്നാണ് (propaganda) ഇസ്രഈല്‍ ആരോപിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം ആരംഭിച്ചത് മുതല്‍ ഈ പ്ലാറ്റ്‌ഫോമിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.
ഫലസ്തീനിനെക്കുറിച്ച് നോം ചോംസ്‌കിയുമായി നടത്തിയ സംഭാഷണത്തില്‍ ഇയാന്‍ പാപ്പേ നടത്തുന്ന ചില നീരിക്ഷങ്ങള്‍ കൂടി ഇതിനോടൊപ്പം ചേര്‍ക്കട്ടെ. ഇയാന്‍ പാപ്പേ ഫലസ്തീന്‍ വംശഹത്യയെക്കുറിച്ച് എഴുതിയിട്ടുള്ള അറബ് സ്റ്റഡീസ് പണ്ഡിതനാണ്.
‘അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കും നിസ്സഹായരായ സമൂഹങ്ങള്‍ക്കുമെതിരെ അറബ് ലോകത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയും ഫലസ്തീന്‍ ജനതക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഇസ്രഈലികളെയും ഒരേ ധാര്‍മികവും നൈതികവുമായ മാനദണ്ഡങ്ങള്‍ വെച്ചു വേണം വിലയിരുത്തേണ്ടത്. അവരെല്ലാം യുദ്ധക്കുറ്റവാളികളാണ്, എങ്കിലും ഫലസ്തീന്റെ കാര്യത്തില്‍ ഇസ്രഈല്‍ വളരെ കൂടുതല്‍ കാലം മുതല്‍ക്കെ തുടങ്ങിയതാണ് ആ ജോലി.
ക്രൂരതകള്‍ ചെയ്യുന്ന ആളുകളുടെ മതപരമായ ഐഡന്റിറ്റി എന്താണെന്നോ അവര്‍ ഏത് മതത്തിന്റെ വേണ്ടിയാണോ സംസാരിക്കുന്നത് എന്നത് പ്രസക്തമല്ല. അവര്‍ സ്വയം ജിഹാദികളോ, ജൂതവാദികളോ, സയണിസ്റ്റുകളോ എന്ത് തന്നെ സ്വയം വിളിച്ചാലും, അവരോട് ഒരേ രീതിയില്‍ തന്നെയാണ് ലോകം പെരുമാറേണ്ടത്.’
അതുകൊണ്ട് ‘ലോകത്തെവിടെയുമുള്ള യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് കൂടുതല്‍ ഫലപ്രദമാകാനും സമാധാനം പുലരുന്ന ഒരു ലോകം സാധ്യവുമാക്കണമെങ്കില്‍ ഇസ്രഈലുമായുള്ള ഇടപാടുകളിലെ ഇരട്ടത്താപ്പ് സമീപനം എത്രയും പെട്ടെന്ന് ലോകരാജ്യങ്ങള്‍ അവസാനിപ്പിക്കേണ്ടതായുണ്ട്’. (Noam Chomsky and Ian Pappe, On Palestine)
Content Highlight: Write up on Israel- Palestine politics and the movie Farha