| Wednesday, 23rd November 2022, 1:51 pm

മനസിലുള്ളത് കളത്തിലെടുക്കാനാവാതെ ഭാരം പേറുന്ന പ്രതിഭകള്‍

സമീര്‍ കാവാഡ്

ഖത്തര്‍ ലോകകപ്പില്‍ നൂറ്റാണ്ടുകണ്ട ഭൂലോക അട്ടിമറി. കളിയില്‍ പെരുമയും പാരമ്പര്യവും ഒട്ടുമില്ലാത്ത സൗദി അറേബ്യ സാക്ഷാല്‍ മെസിയെയും കൂട്ടരേയും പഞ്ഞിക്കിട്ടിരിക്കുന്നു. അര്‍ജന്റീനയുടെ എതിരാളികള്‍ ആവേശത്തിലാണ്. പടക്കംപൊട്ടിച്ചും ലഡു വിതരണം ചെയ്തും അവര്‍ ആര്‍മാദിക്കുകയാണ്. അര്‍ജന്റീനയുടെ തോല്‍വിയാഘോഷത്തിനിടയില്‍ പൊരുതിക്കളിച്ച അറേബ്യന്‍ ചുണക്കുട്ടികളുടെ കളിമിടുക്ക് നമ്മള്‍ കാണാതെപോകരുത്.

തുടക്കത്തില്‍ കളിയുടെ നിയന്ത്രണമേറ്റെടുത്ത കുമ്മായക്കുപ്പായക്കാരുടെ ശക്തിദൗര്‍ബല്യങ്ങളെ കളിക്കളത്തില്‍ അനുഭവിച്ചറിയാനാണ് സൗദി ആദ്യം മുതിര്‍ന്നത്. 36 കളികളില്‍ തോല്‍വിയറിയാതെ, കോപ്പാ കപ്പും താരപദവിയുമായി വരുന്ന അര്‍ജന്റീനയെന്ന കടലാസുപുലികളെക്കുറിച്ച്കേട്ടറിവായിരുന്നു കളിക്കളത്തിലിറങ്ങും വരെ അവര്‍ക്ക്. കളിഗതിയെ സാധൂകരിക്കുംവിധം പത്താം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണെങ്കിലും മെസി ഗോള്‍ നേടുന്നു.

ആദ്യത്തെ അരമണിക്കൂര്‍ അര്‍ജന്റീനക്ക് വേറെയും ചില അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും സൗന്ദര്യാത്മക ഫുട്‌ബോളിലൂടെ, അല്ലെങ്കില്‍ ടീം ബില്‍ഡ്അപ്പിലൂടെ മെനഞ്ഞെടുത്ത അവസരങ്ങളായിരുന്നില്ല.

കൃത്യമായി ഓഫ്‌സൈഡ് ട്രാപിങ് പരിശീലിച്ചുവന്ന ഒരു ടീമിനെതിരെ, പ്രത്യേകിച്ചും സൗദിയെപ്പോലെ വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുകയും പ്രാക്ടീസ് ചെയ്യുകയും ലോകകപ്പിലേക്ക് മാസങ്ങളായുള്ള മുന്നൊരുക്കത്തോടെയുമെത്തിയ ഒരു ടീമിനോട് എളുപ്പത്തില്‍ വിജയിച്ചെടുക്കാവുന്ന തന്ത്രങ്ങളായിരുന്നില്ല അര്‍ജന്റീനയുടേത്. കോപ്പാ ഫൈനലില്‍ ഡി മരിയ നേടിയ വിജയഗോളും ബ്രസീലിയന്‍ ലെഫ്റ്റ് വിങ് ബാക്കിന്റെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവില്‍ സംഭവിച്ച പിഴവിലൂടെ നേടിയതായിരുന്നല്ലോ.

കളി അരമണിക്കൂര്‍ പിന്നിട്ടതോടെ മെസി അടക്കമുള്ള അര്‍ജന്റീനിയന്‍ കളിക്കാര്‍ അതുവരെ കാണിച്ച ശാരീരികക്ഷമത കൈവിടുന്നു എന്ന് മനസ്സിലാക്കിയ സൗദി കളിക്കാര്‍, കേട്ടറിഞ്ഞ ശക്തിയേക്കാള്‍ അരമണിക്കൂറായി അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന അര്‍ജന്റീനയുടെ ദൗര്‍ബല്യങ്ങളെ മുതലെടുക്കാന്‍ ശ്രമമാരംഭിക്കുന്നതാണ് നാം കണ്ടത്. ബോക്‌സിന് പുറത്തുവെച്ച് എതിരാളികളെ തടയുക, പ്രതിരോധത്തിന്റെ ബസ് പാര്‍ക്കിങ് തീര്‍ക്കുക എന്നതില്‍ നിന്നും മാറി അല്‍പം കയറി മധ്യനിരയില്‍ കളി കേന്ദ്രീകരിച്ചുനിര്‍ത്തുന്നതില്‍ അവര്‍ ക്രമേണ വിജയിക്കുന്നതുകാണാം.

ആദ്യപകുതിയില്‍ ഒരു ഗോള്‍ കൂടി വീഴാതെ കാത്തതാണ് രണ്ടാംപകുതിയില്‍ ഒരുകൈ നോക്കാനുള്ള ആത്മവിശ്വാസം സൗദികള്‍ക്ക് നേടിക്കൊടുത്തത്.

രണ്ടാം പകുതി തുടങ്ങിയതും ആക്രമിച്ചു കളിച്ച പച്ചക്കുപ്പായക്കാര്‍ ലോകത്തെ ഞെട്ടിച്ച് രണ്ട് ഗംഭീര ഗോളുകളാണ് സാക്ഷാല്‍ എമിലിയോനോ മാര്‍ട്ടിനസിനെ നിഷ്പ്രഭമാക്കി അടിച്ചുകയറ്റിയത്. മെസിയോടും സംഘത്തോടും യാതൊരു മേഴ്‌സിയും കാണിക്കാത്ത സൗദിയെക്കണ്ട് നീലക്കുപ്പായത്തില്‍ കളികാണാനിരുന്നവര്‍ നെറ്റിചുളിച്ചു. അര്‍ജന്റീനയുടെ പൊതുവെ ദുര്‍ബലമായ പ്രതിരോധം കളികണ്ടിരിക്കുകയാണെന്ന് തോന്നിയ നിമിഷങ്ങള്‍. തുടരെ വന്ന ഈ രണ്ട് ഗോളുകളില്‍ അര്‍ജന്റീന പതറിപ്പോവുകയായിരുന്നോ?

അല്ല പതറിനിന്നതല്ല. അന്ധമായ ആരാധകര്‍ കരുതും പോലെ ഇത്തരം ഘട്ടങ്ങളില്‍ ഗോള്‍ മടക്കാനുള്ള പദ്ധതിയോ ഇനി പദ്ധതികളുണ്ടെങ്കില്‍ തന്നെ അത് എക്‌സിക്യൂട്ടീവ് ചെയ്യാനുള്ള ഒത്തിണക്കമുള്ള കളിക്കാരോ അര്‍ജന്റീനന്‍ ടീമിലില്ല എന്നതല്ലേ വസ്തുത?

മെസിയെ തന്നെ എടുക്കാം. 23, 27, 31 വയസുള്ളപ്പോള്‍ കളിച്ച മെസിയല്ല ഇന്നുള്ളതെന്ന് ആരാധകര്‍ ആദ്യം തിരിച്ചറിയണം. മെസി ഏറ്റവും മികച്ച ഫോമില്‍ കളിച്ചിരുന്ന കാലത്ത്, അതായത് ഹിഗ്വയിനും അഗ്യൂറോയും ഡി മരിയയും (നല്ലകാലം) പ്രതിരോധത്തിലാണെങ്കില്‍ സാക്ഷാല്‍ മഷരാനോയുമുള്ള കാലം, പെട്ടെന്ന് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ജര്‍മനിയോട് ഫൈനലില്‍ നിര്‍ഭാഗ്യത്തിന് തോറ്റകാലം. അതിനപ്പുറം പ്രതീക്ഷ വെച്ചുപുലര്‍ത്താനുള്ള ടീമിനെയൊന്നും ഇത്തവണ അര്‍ജന്റീനയ്ക്ക് സംഘടിപ്പിക്കാനായിട്ടില്ല.

2010-14 കാലത്ത് റയല്‍ മാഡ്രിഡില്‍ ഡി മരിയ കത്തിനിന്ന കാലം. കൈമാറേണ്ട പന്തുകള്‍ ഏതെന്നറിയാതെ സെല്‍ഫ് കളിക്കുമെന്നതാണ് മരിയയുടെ പെരിയ പോരായ്മ. അതുകൊണ്ടാണ് റയല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കൊടുത്തൊഴിവാക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം പി.എസ്.ജിയിലെത്തി അവിടെ പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ലാത്ത നീണ്ട ഏഴുവര്‍ഷം. അവരും ഒഴിവാക്കി ഇപ്പോള്‍ യുവന്റസില്‍ ഫ്രീ ട്രാന്‍സ്ഫര്‍ അവസ്ഥയില്‍ കളിയുടെ സുവര്‍ണകാലം തീര്‍ന്നുനില്‍ക്കുന്ന ഡി മരിയയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്‌കലോണി ഖത്തറിലെത്തുമ്പോള്‍, നാലുവര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് മാത്രം കാണാനിരിക്കുന്നവര്‍ക്ക് ആവേശംകൊള്ളാമെന്ന് മാത്രം.

പിറകിലായശേഷം തിരിച്ചുവരാനുള്ള അത്ഭുതപ്രഹരശേഷിയൊന്നും പലരും പറയുന്നതുപോലെ ഈ ടീമിനില്ല. അനുഭവസമ്പത്ത് കൊണ്ട് പ്രതിഭയാണവര്‍. മനസ്സിലുള്ളത് കളത്തില്‍ വിരിയിച്ചെടുക്കാനാവാത്തതിന്റെ ഭാരം പേറുന്ന പ്രതിഭകള്‍.

മറഡോണ ജീവിച്ചിരിപ്പില്ലാത്ത ലോകകപ്പില്‍ ആദ്യമത്സരത്തില്‍ തന്നെ തോല്‍വിയേറ്റുവാങ്ങുമ്പോള്‍ മെസിക്ക് ശേഷം അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. മെക്‌സിക്കോയോട് ജയിച്ചാല്‍ അടുത്ത റൗണ്ടിലെത്താമെങ്കിലും നോക്കൗട്ട് റൗണ്ടില്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഏറെക്കുറെ ഉറപ്പായ ഉത്തരമാണ് സൗദിയുമായി നടന്ന ഇന്നലത്തെ കളി പറയാതെ പറയുന്നത്.

Content Highlight: Write up on Argentina- Saudi Arabia match in the 2022 Qatar World cup

സമീര്‍ കാവാഡ്

അധ്യാപകന്‍, എഴുത്തുകാരന്‍

Latest Stories

We use cookies to give you the best possible experience. Learn more