| Saturday, 23rd July 2022, 11:37 am

പേരില്‍ ഒളിപ്പിച്ചു; സിനിമയില്‍ വെളിവായ ജാതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസില്‍ നായകനായ മലയന്‍കുഞ്ഞ് തീവ്രമായ ഒരു കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. നവാഗതനായ സജി മോന്‍ സംവിധാനം ചെയ്ത ചിത്രം മണ്ണിടിച്ചിലിന്റെ ഭീകരാവസ്ഥയെ കാണിച്ചു തരുന്നുണ്ടെങ്കിലും അതിനുമപ്പുറം മനുഷ്യരുടെ മനോനിലകളുടെ പല ലെയറുകളേയും പ്രതിഫലിപ്പിക്കുന്നതാണ്.

************************spoiler alert***************************

അനില്‍ കുമാര്‍ എന്ന അനിക്കുട്ടനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അമ്മയോടൊപ്പമാണ് അയാളുടെ താമസം. അച്ഛന്‍ മരണപ്പെട്ട അനിക്കുട്ടന് പിന്നാക്ക വിഭാഗത്തില്‍ പെട്ട യുവാവിനൊപ്പം ഇറങ്ങിപോയ പെങ്ങളോട് ഇപ്പോഴും പിണക്കമാണ്.

കടുത്ത സവര്‍ണത ഉള്ളില്‍ പേറുന്ന കഥാപാത്രമാണ് അനിക്കുട്ടന്‍. അത് പുറത്തേക്ക് അധികം പ്രകടിപ്പിക്കാതിരുന്ന അനിക്കുട്ടന്റെ സ്വഭാവത്തില്‍ വ്യതിയാനം വരുന്നത് പെങ്ങള്‍ ഇറങ്ങിപ്പോകുന്നതോടെയാണ്. അതോടെ പിന്നാക്കവിഭാഗക്കാരോടുള്ള വെറുപ്പ് അയാള്‍ പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്നു.

മകള്‍ ഇറങ്ങി പോയതിന്റെ ദേഷ്യം അനിക്കുട്ടന്റെ അച്ഛന്‍ പ്രകടിപ്പിക്കുന്നത് ‘കണ്ട കോളനിക്കാരുടെ കൂടെ ജീവിക്കാനല്ല ഞാന്‍ എന്റെ മകളെ വളര്‍ത്തിയത്’ എന്ന് പറഞ്ഞാണ്. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുമ്പോഴും ഉള്ളിലുള്ള ജാതീയത ഏറ്റവും വള്‍നെറബിളായ നിമിഷത്തില്‍ പ്രകടമായ രീതിയില്‍ പുറത്തേക്ക് വരുന്നതാണ് ഈ രംഗത്തില്‍ കാണുന്നത്.

പിന്നാക്കജാതിയില്‍ പെട്ടവരുമായി വീട്ടിലുള്ള ഒരംഗം വിവാഹ ബന്ധത്തിലേക്ക് എത്തിയാല്‍ തീരുന്ന അയല്‍പക്ക സൗഹൃദങ്ങളുള്ള മലയാളി ബോധത്തെ തന്നെയാണ് ഇവിടെ കാണുന്നത്.

ഈ സംഭവത്തിന് ശേഷം അനിക്കുട്ടന്‍ പിന്നാക്കവിഭാഗക്കാര്‍ക്കെതിരായ വിദ്വേഷം നേരിട്ട് തന്നെ പ്രകടിപ്പിക്കുന്നുണ്ട്. ഹോട്ടലില്‍ മറ്റുള്ളവര്‍ ഭക്ഷണം എടുത്ത പാത്രത്തില്‍ നിന്നും തനിക്കുള്ള കറി എടുക്കാന്‍ മടി കാണിച്ചും, കഴിച്ചതിന് ശേഷം ഇലയെടുക്കാതെ എഴുന്നേല്‍ക്കുകയും ചെയ്യുന്നതിലൂടെ അനിക്കുട്ടന്റെ സവര്‍ണ ബോധം പുറത്തേക്ക് തള്ളി വരുന്നുണ്ട്. പിന്നാക്ക വിഭാഗക്കാരന് പകരം സഹോദരി ഒരു ബ്രാഹ്മണനോ നായര്‍ യുവാവിനോടൊപ്പമോ പോയാല്‍ അനിക്കുട്ടന്‍ ആ വിഭാഗത്തോട് മുഴുവന്‍ അതിന്റെ വൈരാഗ്യം കാണിക്കുമോ എന്ന സംശയം കൂടി ഇവിടെ ഉയരുന്നുണ്ട്.

മലയന്‍മാര്‍ എന്ന് ചിത്രത്തില്‍ അനിക്കുട്ടന്‍ രോഷത്തോടെ പറയുന്ന രംഗമുണ്ട്. പിന്നാക്ക വിഭാഗത്തെ പ്രാദേശികമായി വിളിക്കുന്ന പ്രയോഗമായിരിക്കാം ഇത്. ഒരു പിന്നാക്കക്കാരന്റെ കുഞ്ഞ് തന്നെയാണ് അയാളുടെ ജീവിത്തില്‍ നിര്‍ണായക വഴിത്തിരിവാകുന്നത്. അതുകൊണ്ടായിരിക്കാം സിനിമയുടെ പേര് മലയന്‍കുഞ്ഞ് എന്നായത്.

അയാള്‍ക്ക് ചെറിയൊരു മാറ്റം വരുന്നത് ചിത്രത്തിന്‍റ അവസാനമാണ്.  എങ്കിലും പിന്നാക്കവിഭാഗക്കാരനായ അളിയന്റെ ഫോണ്‍ വാങ്ങാന്‍ തയ്യാറാവാതെ നടക്കുമ്പോഴും മറ്റുള്ളവരോടൊപ്പം ലിഫ്റ്റില്‍ കയറാന്‍ തയ്യാറാവാതെയും തന്റെ ഉള്ളിലെ ജാതിബോധം പൂര്‍ണമായും വിട്ടുപോയിട്ടില്ല എന്ന് അനിക്കുട്ടന്‍ പറയാതെ പറയുന്നുണ്ട്.

Content Highlight: write up of how malayankunju portray the castism in people

We use cookies to give you the best possible experience. Learn more