| Tuesday, 18th October 2022, 10:34 pm

നീ ആണല്ലേടാ അവയവ മാഫിയ? കുപ്രചരണങ്ങള്‍ക്കും മില്യണ്‍ ഡോളര്‍ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നീ ആണല്ലേടാ അവയവ മാഫിയാ. എന്ന ചോദ്യം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ.(ഉത്തരം ഒടുവില്‍ പറഞ്ഞിട്ടുണ്ട്). ഇലന്തൂര്‍ കൊലക്കേസില്‍ അവയവ മാഫിയ എന്നൊക്കെ ഏതോ വികലമനസ്‌കരും മാധ്യമ പ്രവര്‍ത്തകരും പടച്ചുവിടുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളും വികല ഭാവനകളും ഉണ്ടാക്കാന്‍ പോവുന്ന പ്രതിസന്ധി ഇനി ആരോഗ്യ മേഖല കാണാനിരിക്കുന്നതേയുള്ളൂ. (ബോധവത്കരണ സ്പൂണ്‍ ഫീഡിങ്ങ് ഒക്കെ കുറെ കാലമായി നിര്‍ത്തിയിട്ട്, പക്ഷെ ഡോ. ജിനേഷിന്റെ വാളില്‍ കുറെ പേര്‍ ‘ഒരു മില്യണ്‍ ഡോളര്‍ ചോദ്യം’ ചോദിച്ചതുകണ്ടു. അതിനൊരുത്തരം തരാം എന്ന് വിചാരിച്ചു). ആ മില്യണ്‍ ഡോളര്‍ ചോദ്യത്തിലേക്ക് വരാം,

കൊല മറ്റൊരിടത്ത് (അതായത് ശസ്ത്രക്രിയ ചെയ്യാന്‍ സൗകര്യം ഉള്ളിടത്ത്) നടത്തിയിട്ട് മൃതദേഹം ഇവിടെ കൊണ്ടിട്ടതായിക്കൂടെ ?

അത്തരത്തില്‍ തെളിവൊന്നും ഇത് വരെ കിട്ടിയതായി അറിവില്ലെന്നത് പോട്ടെ. (18.10.22ല്‍ പൊലീസ് ആ സാധ്യത തള്ളിക്കളഞ്ഞു ക്ലാരിഫൈ ചെയ്തിട്ടും ഉണ്ട്). വീണിടത്ത് കിടന്നു ഉരുളല്‍ ആയി ഇത് ഇറക്കുന്നവരോട് ഒന്നും പറയാനില്ല. എന്നാല്‍ ഇത് കേട്ട് ആശയക്കുഴപ്പത്തില്‍ ആവുന്നവര്‍, ഇത്തരക്കാരോട് കൃത്യം മറുപടി പറയാന്‍ ആഗ്രഹിക്കുന്നവര്‍, വസ്തുത അറിയാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്ക് വേണ്ടി ആണ് സമയം ചിലവഴിക്കുന്നത്.

ഒന്നാമതായി ഒരാള്‍ ജീവനോടെ ഇരിക്കെ വൃക്ക പോലുള്ള അവയവം ദാനം ചെയ്ത കാര്യമാണോ, അതോ മരണാന്തര അവയവ ദാനത്തെക്കുറിച്ചാണോ പരാമര്‍ശിക്കുന്നതെന്ന് ചോദ്യ കര്‍ത്താക്കള്‍ വ്യക്തമാക്കണം. ഇത് രണ്ടിലും പല വിധത്തില്‍ വത്യസ്തതകള്‍ ഉണ്ട്.

ഒരാളെ കൊന്നു അവയവം എടുക്കുകയോ, ആശുപത്രി വഴി പോകുന്നവരെയൊക്കെ പിടിച്ച് അവരറിയാതെ അവയവങ്ങള്‍ മുറിച്ചെടുക്കുകയോ ഒക്കെ ചെയ്യുന്നത് പോലുള്ള ഒരു ഓര്‍ഗനൈസെഡ് ക്രൈം ‘മരണാനന്തര’
അവയവ മാഫിയ നിലവിലെ സാഹചര്യത്തില്‍ അസംഭവ്യമാണ്.

എന്നാല്‍ ലൈവ് ഓര്‍ഗന്‍ ഡൊണേഷന്‍ പ്രക്രിയയില്‍ ഇത്തരം അധാര്‍മിക പ്രവണതകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഓര്‍ക്കുക മരണാനന്തര അവയവ ദാനം കുറയുമ്പോള്‍- അനധികൃത അവയവ കച്ചവടം നടക്കാനുള്ള സാധ്യത ഉയരുകയാണ് ചെയ്യുക.

ഈ കൊലപാതകത്തില്‍ മരണാനന്തര അവയവക്കച്ചവടം നടത്താനുള്ള സാധ്യത ഇല്ലെന്നു ഉറപ്പിച്ചുതന്നെ പറയാം, കാരണങ്ങള്‍.

1. ഒരാളെ കൊന്നു ആശുപത്രിയില്‍ എത്തിച്ചു അവയവം എടുത്തത് ആയിക്കൂടെ?’

എല്ലാ മരണങ്ങളിലും അവയവദാനം സാധ്യമാവില്ല, മസ്തിഷ്‌ക മരണം ‘Brain Stem death’ എന്ന അവസ്ഥയില്‍ മാത്രമാണ് അവയദാനത്തിനുള്ള സൗകര്യം കിട്ടുന്നത്. ഇത്തരം ഒരു ബ്രെയിന്‍ സ്റ്റെം മരണം കൃത്രിമമായി ഉണ്ടാക്കി എടുക്കല്‍ ഒക്കെ നടപ്പുള്ള കാര്യം അല്ല. സാധാരണഗതിയില്‍ മരിക്കുന്ന നിമിഷം തൊട്ട് ആന്തരിക അവയവങ്ങളിലേക്കുള്ള രക്ത ഓട്ടം നിലയ്ക്കുകയും അവ മാറ്റിവെച്ചാലും പ്രവത്തിക്കാത്ത വിധം ആവാനുള്ള സാധ്യത ഓരോ നിമിഷവും ഏറിക്കൊണ്ടിരിക്കും. ഒരാളെ കൊന്നിട്ട് ആശുപത്രിയിലെത്തിച്ചു നടപടി ആക്കിയെടുക്കാന്‍ പറ്റുന്ന കാര്യം അല്ല ഇതെന്ന് ചുരുക്കം.

എല്ലാ മരണങ്ങളും മസ്തിഷ്‌ക മരണമോ അവയവ ദാനത്തിന് യോജിച്ച രീതിയിലുള്ള മരണമോ ആവില്ല.
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിന് ഇടയിലൂടെ കടന്നുപോവുന്ന ഒരാളെ തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കുന്നതിനിടയില്‍ എത്തപ്പെടുന്ന ഒരു താല്‍ക്കാലിക അവസ്ഥ മാത്രമാണ് ഈ മസ്തിഷ്‌ക മരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു അവസ്ഥ.

മരണത്തിലേക്ക് തള്ളിയിടാന്‍ ഒരാള്‍ ബോധപൂര്‍വം ശ്രമിച്ചാല്‍ ചിലപ്പോള്‍ circulatory death അഥവാ അവയവങ്ങളിലേക്കുള്ള രക്ത ചംക്രമണം നിലച്ച് അവ അവയവദാനത്തിന് ഉപയോഗിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ആയേക്കാം. ഒരു ഡോക്ടര്‍ വിചാരിച്ച് ബോധപൂര്‍വം ഒരാളെ ബ്രെയിന്‍ സ്റ്റെം മരണത്തിലെത്തിച്ചു അവയവം നീക്കം ചെയ്യാവുന്ന പരുവത്തില്‍ എത്തിക്കലൊക്കെ സിനിമാ ഭാവനയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. പ്രായോഗിക തലത്തില്‍ ഓള്‍മോസ്റ്റ് അസംഭ്യവ്യം.

2. ‘എല്ലാ സംവിധാനവും ഉള്ള ഒരു ആംബുലന്‍സില്‍ വെച്ച് ഇത് നടത്തിക്കൂടേ? ‘ക്രിമിനല്‍ മൈന്‍ഡുള്ള ഡോക്ടര്‍ വിചാരിച്ചാല്‍ ഇത് ആശുപത്രിയില്‍ വെച്ച് നടത്തിക്കൂടേ?

ഇല്ല എന്ന് ഉറപ്പിച്ചുപറയാം, അവയവം നീക്കം ചെയ്യുന്നതിന് ഇത്തരം പരിമിത ആംബുലന്‍സ് സംവിധാനം ഒന്നും മതിയാവില്ല. രോഗാണുബാധ ഉണ്ടാവാതെ നോക്കണം. ക്രിമിനല്‍ മൈന്‍ഡുള്ള ഒരു ഡോക്ടറെ കിട്ടിയാലും മതിയാവില്ല. അവയവം നീക്കം ചെയ്യുന്നതും വെച്ച് പിടിപ്പിക്കുന്നതും അതീവ ശ്രദ്ധ വേണ്ട സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ആണ്. ഇത് നടക്കുന്നത് ഒന്നിലധികം സ്ഥലങ്ങളില്‍ വെച്ചാണ്.
അനേകം ഡോക്ടര്‍മാര്‍, ശസ്ത്രക്രിയാ സഹായികള്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കൂടാതെ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോണ്‍ മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാലേ നീക്കം ചെയ്യുന്ന ഈ അവയവം പ്രത്യേകം ഉപാധികളോട് കൂടി സമയബന്ധിതമായി ഇത് മറ്റൊരു കേന്ദ്രത്തില്‍ ഉള്ള രോഗിയില്‍ ഉടനടി വെച്ച് പിടിപ്പിക്കാന്‍ കഴിയൂ.

അവയവം എടുക്കുന്ന ആശുപത്രി അവയവം സ്വീകരിക്കുന്ന വിവിധ ആശുപത്രികള്‍, സംസ്ഥാനതലത്തില്‍ ഉള്ള സര്‍ക്കാര്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ തൊട്ടുള്ള ആള്‍ക്കാര്‍ എന്നിങ്ങനെ അനേകം പേര്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. സമയം താമസിക്കുന്തോറും അവയവം നിര്‍ജീവം ആവാനുള്ള റിസ്‌ക് വര്‍ധിക്കും, അതുകൊണ്ടാണ് അവയവം ട്രാന്‍സ്പോര്‍ട്ട് ചെയ്യുമ്പോള്‍ പൊലീസ് ഉള്‍പ്പെടെ ഉള്ള അധികാരികള്‍ ട്രാഫിക് ഒക്കെ നിയന്ത്രിച്ചു ഗ്രീന്‍ കോറിഡോര്‍ ഉണ്ടാക്കി കൊടുക്കുന്നതും, ദ്രുതഗതിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഓടുന്നതും, ഹെലികോപ്റ്റര്‍ വരെ ഈ കേരളത്തിലും ഉപയോഗിച്ചതും ഒക്കെ നാം കണ്ടത്.

ക്രിമിനല്‍ മൈന്‍ഡുള്ള അനേകം പ്രൈവറ്റ് ആന്‍ഡ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍, മൃതസഞ്ജീവനി എന്ന സര്‍ക്കാര്‍ സംവിധാനത്തിലെ ജീവനക്കാര്‍ എന്ന് വേണ്ട സകലമാന ആളുകളും ചേര്‍ന്ന മാഫിയ വേണ്ടി വരും ഇതൊക്കെ ഭാവനയില്‍ പോലും നടപ്പാക്കിയെടുക്കാന്‍. ഇത്രയും പേര്‍ ചേര്‍ന്ന് ഇതൊക്കെ നടപ്പാക്കിയിട്ട് ഇന്നാട്ടില്‍ പിടിക്കപ്പെടില്ല എന്നൊക്കെ കരുതാന്‍ മാത്രം ബുദ്ധി ശൂന്യതയും ഉള്ളവരുണ്ടാവുമോ?

3. മെഡിക്കല്‍ രംഗത്ത് അധാര്‍മികതകള്‍ നടമാടുന്നില്ലേ? സംശുദ്ധമാണോ മെഡിക്കല്‍ രംഗം? ഇതൊക്കെ നടന്നുകൂടെ? ബ്രെയിന്‍ സ്റ്റെം മരണം സംഭവിച്ചു എന്ന് വ്യാജമായി സര്‍ട്ടിഫിക്കറ്റ് കൊടുത്ത് അവയവം നീക്കം ചെയ്യാന്‍ ഒരു ഡോക്ടര്‍ വിചാരിച്ചാല്‍ പറ്റില്ലേ?

നിലവിലെ കേരളത്തിലെ അവസ്ഥയില്‍ ചികില്‍സിക്കുന്ന ‘ഒരു’ ഡോക്ടറുടെ താല്പര്യമോ, നിര്‍ണയാധികാരമോ കൊണ്ട് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ കഴിയില്ല. അത്ര ലളിതമല്ല കാര്യങ്ങള്‍.
കര്‍ശനമായ വ്യവസ്ഥകളും സുതാര്യമായ നടപടിക്രമങ്ങളുമാണ് ബ്രയിന്‍ സ്റ്റെം മരണ സര്‍ട്ടിഫിക്കേഷന്‍ ചെയ്യുന്നതിന് പിന്നിലുള്ളത്.

1. ഒരു ഡോക്ടര്‍ അല്ല മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്, നാല് ഡോക്ടര്‍മാര്‍ ചേര്‍ന്നുള്ള ഒരു വിദഗ്ധ പാനല്‍ ആണ്.
2.ആരാണാ പാനല്‍ അംഗങ്ങള്‍ 4 പേര്‍?

a,ചികിത്സിച്ചിരുന്ന ഡോക്ടര്‍.
b,അതെ ആശുപത്രിയുടെ സൂപ്രണ്ട് പോലെയുള്ള മേധാവി.
c, സര്‍ക്കാര്‍ നിയോഗിക്കുന്ന ഡോക്ടര്‍ – കേരളത്തെ മൂന്ന് മേഖലയായി തിരിച്ച്, അവിടെ നിന്നുമുള്ള തിരഞ്ഞെടുത്ത വിദഗ്ധ ഡോക്ടര്‍മാരുടെ (ന്യൂറോളജിസ്റ്റ്/ ന്യൂറോ സര്‍ജ്ജന്‍ ഇവരില്ല എങ്കില്‍ ഫിസിഷ്യന്‍, അനസ്‌തെറ്റിസ്റ്റ്, ഇന്റെന്‌സിവിസ്റ്റ് അല്ലെങ്കില്‍ സര്‍ജന്‍) ഒരു ലിസ്റ്റ് ഉണ്ട്. സര്‍ക്കാരിന്റെ ഉപയുക്ത അധികാരിയാണ് അവരില്‍ നിന്നും ഒരു ഡോക്ടറെ തിരഞ്ഞെടുക്കുന്നത് ഓരോ കേസിനും നിയോഗിക്കുന്നത്. ആരായിരിക്കും എന്ന് മുന്‍കൂട്ടി തീരുമാനിക്കുക ആയിരിക്കില്ല.
d,ഒരു ന്യൂറോളജിസ്റ്റ് അല്ലെങ്കില്‍ ന്യൂറോ സര്‍ജന്‍(ചികില്‍സിക്കുന്ന ആശുപത്രിയില്‍ നിന്നോ പുറത്തു നിന്നോ). ഇത് കൊണ്ട് തീര്‍ന്നില്ല,

പത്തോളം പരിശോധനാ ക്രമങ്ങള്‍ കേരളത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്, വിസ്താര ഭയം കൊണ്ട് ഓരോന്നും വിശദീകരിക്കുന്നില്ല.

ഈ മുഴവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു വെക്കണം. ആറ് മണിക്കൂറുകള്‍ക്ക് ശേഷം ഈ സംഘം വീണ്ടും ഇതേപടി ഇതേ ടെസ്റ്റുകള്‍ ഒരു ആവര്‍ത്തി കൂടി ചെയ്തതിന് ശേഷമേ മസ്തിഷ്‌ക മരണം സ്ഥിരീകരണം റിപ്പോര്‍ട്ട് തയ്യാറാക്കുക. എന്റെ അറിവില്‍ കേരളത്തില്‍/ ഇന്ത്യയില്‍ അല്ലാതെ ലോകത്ത് ഒരിടത്തും ഇത്ര വിപുലവും കര്‍ശനവുമായ നൂലാമാലകള്‍ ഇല്ല.

മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള വിപുലമായ പരിശോധനകള്‍ നടത്തി നിശ്ചിത ഫോമില്‍ രേഖപ്പെടുത്തിയും വെക്കണം. ഈ രേഖകള്‍ ഒക്കെ പത്തു വര്‍ഷത്തേക്ക് ആശുപത്രിയില്‍ ഫയല്‍ ചെയ്തു വെക്കണം. കോടതിയോ അധികാരികളോ ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണം.

അതായത് മുന്‍കൂട്ടി അല്ലാതെ random ആയി നിശ്ചയിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം ഡോക്ടര്‍മാരുടെ വിലയിരുത്തലിനെ സ്വാധീനിക്കുന്നത് പോലുള്ള ‘സംഘടിത’ ക്രൈം അസാധ്യമാണ് എന്ന് തന്നെ പറയാം.

മസ്തിഷ്‌കമരണം സ്ഥിരീകരിക്കാന്‍ എം പാനല്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റ് സംസ്ഥാനസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ശരാശരി 15 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അതിലുണ്ട്, എന്നാല്‍ എറണാകുളം പോലെ ഒരു ജില്ലയില്‍ 56 സര്‍ക്കാര്‍ ഡോക്ടര്മാരുണ്ട് ലിസ്റ്റില്‍.

4. അവയവദാനം നടന്നിട്ടില്ല എന്ന് എങ്ങനെ പറയാന്‍ പറ്റും?

അതും ഉറപ്പിച്ചു പറയാന്‍ പറ്റും. അവയവമാറ്റ ശസ്ത്രക്രിയ എല്ലാ ആശുപത്രിയിലും നടത്താന്‍ പറ്റില്ല, ഇതിനു അനുവാദം കിട്ടിയിട്ടുള്ള കേന്ദ്രങ്ങളില്‍ മാത്രമാണ് അത് നടക്കുക. ഏറ്റവും സാധാരണമായി നടക്കുന്ന വൃക്കവെച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്ക് അംഗീകാരം കിട്ടിയിട്ടുള്ളത് കേരളത്തിലെ
35 ആശുപത്രികള്‍ക്ക് മാത്രമാണ്, ഇതില്‍ 10 എണ്ണം മെഡിക്കല്‍ കോളേജുകളാണ്(4 എണ്ണം സര്‍ക്കാര്‍). ഈ ആശുപത്രികള്‍ എല്ലാം തന്നെ പൊതുജനങ്ങള്‍ക്ക് പൊതുവെ മതിപ്പുള്ള കേന്ദ്രങ്ങളാണെന്നു കാണാം.

കരള്‍ മാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുവാദവും സജ്ജീകരണവും ഉള്ളത് 16 ആശുപത്രികള്‍ക്ക് മാത്രമാണ്.
ഇതെല്ലാം ക്രോഡീകരിച്ചു നടപ്പാക്കുന്നത് KNOS – Kerala Network for Organ Sharing (KNOS) എന്ന സര്‍ക്കാര്‍ സംവിധാനത്തിന്റെ മേല്‍നോട്ടത്തിലാണ് മൃതസഞ്ജീവനി എന്ന പദ്ധതി നടക്കുന്നത്. ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പോയാല്‍ ആര്‍ക്കും സുതാര്യമായി അനേകം വസ്തുതകള്‍ ലഭ്യമാവും എന്നിരിക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഒക്കെ നിരുത്തരവാദിത്വപരമായി ഈ പ്രചരണങ്ങള്‍ നടത്തുന്നത്.

ഇതില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആര്‍ക്കും അവയവം സ്വീകരിക്കാന്‍ പറ്റില്ല, ഈ ലിസ്റ്റ് സംവിധാനത്തിന്റെ ഭാഗമായുള്ള പലര്‍ക്കും കാണാവുന്ന ഒന്നാണ്(ഒരു വ്യക്തിയല്ല മാനേജ് ചെയ്യുന്നത്). മസ്തിഷ്‌ക മരണം സംഭവിച്ച ഒരാള്‍ മുന്‍പ് അവയവദാനത്തിന് സമ്മതപത്രം കൊടുത്തിരുന്നു എങ്കില്‍ പോലും അത് പ്രകാരം അവയവം എടുക്കാന്‍ കഴിയില്ല മരണ ശേഷം രോഗിയുടെ ബന്ധുക്കള്‍ സമ്മതപത്രം നല്‍കണം.

മസ്തിഷ്‌ക മരണം സംഭവിച്ച ഒരു രോഗിയില്‍ താല്‍ക്കാലികമായി(മണിക്കൂറുകള്‍ കൂടി) മെഡിക്കല്‍ സഹായത്തോടെ അവയവങ്ങളിലെക്കുള്ള രക്തയോട്ടം നില നിര്‍ത്താന്‍ കഴിയും. ഈ ഒരു കാലയളവില്‍ ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും പരിശോധനാ ഫലങ്ങള്‍ പരിശോധിച്ച് മാച്ചിങ് ആയ ഒരു സ്വീകര്‍ത്താവിനെയും ആ രോഗിയുടെ ചികിത്സകനെയും വിവരം അറിയിക്കുന്നത്. ഇത് ഒരു ആശുപത്രിയിലെ സ്റ്റാഫ് മാത്രം അറിഞ്ഞുള്ള ഇടപാടല്ല.

മരണാനന്തര അവയവദാനത്തില്‍ ഒരു ഡോക്ടര്‍ വിചാരിച്ചാല്‍ തനിക്ക് ഇഷ്ടം ഉള്ള ആര്‍ക്കെങ്കിലും അവയവം കൈമാറാന്‍ മുന്‍കൂട്ടി നിശ്ചയിച്ച് ‘ഉറപ്പിക്കാന്‍’ പറ്റില്ല. അതിനും ചില മാനദണ്ഡങ്ങള്‍ ഉണ്ട്. സ്വീകര്‍ത്താവ് ആരൊക്കെയാണെന്ന് നിശ്ചയിക്കുന്നത് സര്‍ക്കാര്‍ ഓണ്‍ലൈന്‍ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന പ്രയോറിറ്റി പ്രകാരമാണ്. ഇതിന് അനേകം ക്രൈറ്റീരിയകളുണ്ട്, dynamic ആയ ഈ ഓണ്‍ലൈന്‍ മുന്‍ഗണന ലിസ്റ്റ് ഏതു നിമിഷവും മാറാം. ലിസ്റ്റിന് വെളിയില്‍ ഉള്ള ഒരാള്ക്ക് അവയവം മാറ്റി വെക്കാനോ, മറിച്ചുകൊടുക്കാനോ ഒന്നും പറ്റില്ല. മൂന്നു അവയവങ്ങള്‍ക്ക് മാത്രമായിരിക്കും നീക്കം ചെയ്യുന്ന ആശുപത്രിക്ക് പ്രയോറിറ്റി കിട്ടുന്നത്. അതും മാച്ചിങ്ങായി സ്വീകര്‍ത്താവ് ആ ആശുപത്രിയുടെ ഭാഗമായി ഉണ്ടെങ്കില്‍ മാത്രം.

ഇതിനിടയില്‍ മാറ്റിവെച്ച വൃക്ക തകരാറായവര്‍ക്ക് ഒക്കെ കൂടുതല്‍ പ്രയോറിറ്റി കിട്ടി മുന്നില്‍ വരാം. മറ്റു അവയവങ്ങള്‍ കേരളത്തിലെ മറ്റു ഏതെങ്കിലും ആശുപത്രികളിലെ രോഗികള്‍ക്കായിരിക്കും സാധാരണ കിട്ടുക.

നിലവില്‍ മരണാനന്തര അവയവ ദാനം വളരെ കുറവായതിനാല്‍ തന്നെ ഇത്തരം ഒരു അവയവമാറ്റം എവിടെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് വാര്‍ത്ത ആവാറുണ്ട്. വളരെ വിപുലമായതും, സാങ്കേതികവും വിരസവും ആയതു കൊണ്ട് കൂടുതല്‍ വിവരിക്കുന്നില്ല. കുപ്രചരണങ്ങള്‍ മൂലം പാടെ തകര്‍ന്നു പോയ അവസ്ഥയിലാണ് കേരളത്തിലെ മരണാനന്തര അവയവദാന പ്രക്രിയ. 2015ല്‍ 218 അവയവമാറ്റം നടന്ന കേരളത്തില്‍ പിന്നീട് കുത്തനെ കുറഞ്ഞു. 2021ല്‍ 49 അവയവമാറ്റം മാത്രം നടന്നു, ഈ വര്‍ഷം ഇതുവരെ 37 അവയവമാറ്റം മാത്രമാണ് നടന്നത്.

അതില്‍ 8 കരള്‍ മാറ്റവും, 18 വൃക്കമാറ്റവും. അതായത് ഇലന്തൂരില്‍ മരണപ്പെട്ടവരുടെ അവയവം അസാധ്യമാം വിധം ആരെങ്കിലും കവര്‍ന്നു എടുത്തിട്ടുണ്ടെങ്കില്‍ അത് ഈ മേല്‍പ്പറഞ്ഞ ആള്‍ക്കാരുടെ ശരീരത്തിലാവണമല്ലോ തുന്നി ചേര്‍ത്തിരിക്കുക. ഇതിനൊക്കെ കൃത്യം രേഖകള്‍ ഉണ്ട്. ഈസിയായി കണ്ടെത്താവുന്ന ഒന്നാണെന്ന് ഇരിക്കെ ഒരു കോടി രൂപ പിഴയും തടവും കിട്ടുന്ന ഒരു റിസ്‌ക് 40-50 പേര് ചേര്‍ന്ന് എടുക്കും എന്ന് നിങ്ങള്‍ ഇപ്പോഴും കരുതുന്നുണ്ടോ?!

ഇനി ഞാനാണോ അവയവ മാഫിയക്കാരന്‍ എന്ന് ചോദിച്ചാല്‍, ഞാനല്ല ഇത്രയും ഒക്കെ വായിച്ചിട്ടും ഇനിയും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വിശ്വസിക്കുന്ന/ പ്രചരിപ്പിക്കുന്ന ഓരോരുത്തരും ആണ് ആ മാഫിയയുടെ സഹായികള്‍ എന്ന് നിസ്സംശയം പറയാം.
ഇന്നും Live organ donation അഥവാ ജീവനുള്ള ദാതാവില്‍ നിന്നും അവയവങ്ങള്‍ സ്വീകരിക്കുമ്പോള്‍ പല വിധ അവിഹിതങ്ങളും അഴിമതിയും തത്വത്തില്‍ നടക്കാം.

നിങ്ങള്‍ മുഖേന മരണാനന്തര അവയവദാനം സമൂഹത്തില്‍ കുറയും തോറും Live ഡൊണേഷന്‍ മുഖാന്തിരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യത കൂടുകയാണുണ്ടാവുക. വൃക്ക കാത്തിരിക്കുന്നത് 2200നു മുകളില്‍ ആള്‍ക്കാര്‍ ആണെന്ന് ഓര്‍ക്കണം. കുപ്രചരണക്കാര്‍ ചെയ്യുന്നത് അവയവം കാത്തിരിക്കുക ജീവന്‍ തുലാസിലാടുന്നവരെ മരണത്തിലേക്ക് തള്ളിയിടുന്ന പ്രവര്‍ത്തിയാണ്. നിങ്ങളത് അറിഞ്ഞാലും ഇല്ലെങ്കില്‍ അതാണ് പരിണിതഫലം. കണക്കുകള്‍ നോക്കിയാല്‍ അത് മനസിലാവും.

Content Highlights: Write up of Dr. Deepu Sadasivan on The organ mafia Propaganda theory 

We use cookies to give you the best possible experience. Learn more