| Monday, 23rd May 2022, 8:14 pm

കിരണ്‍ കുമാറിനെ ഉണ്ടാക്കിയെടുക്കുന്ന സിസ്റ്റത്തെ അഡ്രസ് ചെയ്യാത്തിടത്തോളം നാളെയും സ്ത്രീധന വിവാഹം നടക്കും

അനു പാപ്പച്ചന്‍

വിസ്മയയെ രക്ഷപ്പെടാനാവാത്ത വിധം ഇല്ലാതാക്കിയ കിരണ്‍ കുമാറിനെ
ഉണ്ടാക്കിയെടുക്കുന്ന സിസ്റ്റമുണ്ടല്ലോ, അതിനെ അഡ്രസ് ചെയ്യാത്തിടത്തോളം നാളെയും സ്ത്രീധന വിവാഹം നടക്കും.

കോടതി ഈ കേസിന് ശിക്ഷ വിധിക്കുമ്പോഴുണ്ടല്ലോ, അപ്പോഴും എവിടെയെങ്കിലും പവനും കാശും കാറും, ഭൂമിയും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടാവും.

ഉറപ്പ്!.തൂങ്ങിയോ, കത്തിയോ, ഒടുങ്ങുന്നതുകൊണ്ടു മാത്രം പുറത്തു വരുന്ന പീഡനങ്ങളേ ഹൊ! കഷ്ടമായി, ഭയങ്കരം എന്ന് മൂക്കത്തു വിരല്‍ വക്കൂ. അതും രണ്ടു ദിവസം കഴിഞ്ഞാല്‍ മറക്കും. വാക്കും നാക്കും കൊണ്ടുള്ള അധിക്ഷേപവും കൈ വക്കലും ഒക്കെ വെറും നോര്‍മലായി നമ്മുടെ അപ്പുറം ഇപ്പുറം തുടരുന്നു. ഗാര്‍ഹിക പീഡനം ചോറും കറിയും തിന്നും പോലെ സ്വാഭാവികമാണ് കേരളത്തില്‍. അതിന് വിവരമോ വിദ്യാദ്യാസമോ പദവിയോ മാനദണ്ഡമേയല്ല.

ആ പെണ്ണിന് രക്ഷപ്പെടാമായിരുന്നു, ഇത്രേം വിദ്യാഭ്യാസമുള്ളതല്ലേ… എന്ന പോംവഴികള്‍ നിരത്തുന്നവരുണ്ടല്ലാ,തൊട്ടപ്പുറത്ത്, അവര്‍ക്കത്രേം കിട്ടാന്‍ വകയുണ്ടെന്നേ എന്ന ന്യായം വക്കുന്നവരാണ്. പെണ്ണിന് പഠിപ്പും ജോലിയുമുണ്ടല്ലോ എന്ന് ബോധ്യപ്പെട്ടവര്‍ തന്നെ ഹേ, അപ്പോള്‍ അന്തസിനനുസരിച്ച് കാറില്ലേ, എന്ന് ചൊറിയുന്നവരാണ്. എന്തു കൊടുത്തു / കിട്ടി. എന്ന കണക്കെടുപ്പ് വര്‍ത്തമാനങ്ങള്‍ നിരന്തരം കേട്ടുപഴകി, ഇത്രേം കൊണ്ടു ചെന്നില്ലെങ്കില്‍ വിലയില്ലാത്ത ഒരു മുതലാണ് താന്‍ എന്ന അവമതി സ്വയം ഏറ്റെടുപ്പിക്കയാണ് ഈ നാറിയ സിസ്റ്റം.

സകലജാതിമത സംഘടനാ കൂട്ടങ്ങളും ഈ വൃത്തികേടിന് അനുകൂലമാണ്. സകലമാന തുണി / സ്വര്‍ണ / നിക്ഷേപ പരസ്യങ്ങളും ഈ സിസ്റ്റത്തിനെ താലോലിക്കുന്നു. വിവാഹമാണ് പെണ്ണിന്റെ ഏറ്റവും അള്‍ട്ടിമേറ്റ് ലക്ഷ്യമെന്ന് സ്ഥാപിക്കുന്നു.

പള്ളിയിലും അമ്പലത്തിലും മണ്ഡപങ്ങളിലും സകല ആണ്‍/പുരോഹിതവര്‍ഗത്തിന്റെയും മധ്യസ്ഥത്തില്‍
പെണ്ണുങ്ങളേ,, ഡാഷ്, ഡാഷ്, ഡാഷ്….. എന്നു ഉളുപ്പില്ലാതെ ഉദ്‌ബോധിപ്പിക്കുന്നല്ലോ.
ക്ഷമ, സഹനം, വിധേയത്വം എന്തെന്തെല്ലാമാണ് പഠിപ്പിക്കുന്നത്. ആത്മാഭിമാനത്തേക്കാള്‍ അന്തസ്, അടിമത്തമാണ് എന്നാണ് ഉദ്‌ബോധനം.

ചെക്കന്റെ ഏതു പ്രശ്നവും പരിഹരിക്കാവുന്നതേയുള്ളൂ… അല്ലെങ്കിലും അവന്റെ ദുശീലങ്ങളൊക്കെ മാറ്റാനുള്ള മരുന്നാണല്ലോ കല്യാണം!
പെണ്ണിന് ചത്തതിനൊക്കുമേ ജീവിക്കേണ്ടുന്ന കല്ലറയും. മരിക്കുന്നില്ല എന്നതുകൊണ്ടു മാത്രം ജീവിക്കുന്നു എന്ന അര്‍ഥമില്ലല്ലോ.

വിസ്മയയുടെ അച്ഛന്‍ എന്ന് ഇപ്പോള്‍
ധാര്‍മിക രോഷം കൊള്ളുമ്പോള്‍
അയാളെപ്പോലെ
ആയിരക്കണക്കിന് തന്ത തള്ളമാരെ ഉണ്ടാക്കിയെടുക്കുന്ന സിസ്റ്റത്തിന്
കല്ലിടുന്നതില്‍ നിന്ന് മാറിനില്‍ക്കാന്‍, ദൃഢനിശ്ചയം ചെയണം സ്ത്രീധനം വാങ്ങി വിവാഹം ചെയില്ല.


മകന് സ്ത്രീധനം വാങ്ങിയൊരു വിവാഹം വേണ്ട.
മകള്‍ക്ക് സ്ത്രീധനം നല്‍കിയൊരു വിവാഹം വേണ്ട.
സ്ത്രീധന കല്യാണങ്ങളില്‍ പങ്കെടുക്കില്ല എന്ന്.
വിവാഹം വില്ക്കലും വാങ്ങലുമല്ല.

കേരളത്തില്‍ ഇത് പറഞ്ഞു മടുത്തതിനാല്‍ ജീവിച്ചിരിക്കുന്ന പെണ്ണുങ്ങളേ,
നിങ്ങളുടെ വിവാഹം നിങ്ങളുടെ സ്വാതന്ത്ര്യമാണ് എന്നെങ്കിലും തിരിച്ചറിയുക.
നിങ്ങളുടെ ജീവിതത്തിന്റെ അന്തസും ആത്മാഭിമാനവും വിലപേശലിനു വിട്ടുകൊടുക്കുകയില്ല എന്നുറപ്പിക്കുക.
അല്ലെങ്കില്‍ നിയമം മൂലം നിരോധിച്ച ഈ ക്രൈം ‘അത്, പിന്നെ, വരനുള്ള സ്‌നേഹസമ്മാനങ്ങളല്ലേ’ എന്ന് നിര്‍ബാധം തുടരും. വിസ്മയ ഒരൊറ്റ പേരല്ല.

CONTENT HIGHLIGHTS: write up of Anu  Pappachan Vismaya isuue

അനു പാപ്പച്ചന്‍

Latest Stories

We use cookies to give you the best possible experience. Learn more