നവാഗതനായ വിഷ്ണു ജി. രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത വാശി ജൂണ്‍ 17നാണ് തിയേറ്ററുകളിലെത്തിയത്. കീര്‍ത്തി സുരേഷും ടൊവിനോ തോമസും പ്രധാന കഥാപാത്രങ്ങളായെത്തിയ വാശി നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരിക്കുകയാണ്.
അഭിഭാഷകരായി മാധവിക്കും എബിനും അവരുടെ കരിയറിലെ നിര്‍ണായകമായ ഒരു കേസില്‍ നേര്‍ക്ക് നേര്‍ നിന്ന് വാദിക്കേണ്ടി വരുന്നു. തുടര്‍ന്ന് ആ കേസ് എങ്ങനെ മുമ്പോട്ട് പോകുന്നു എന്നതും അത് ഇരുവരുടെയും സ്വകാര്യജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുമെല്ലാമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
സമകാലീന സമൂഹത്തില്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്ന കണ്‍സെന്റ്, മീ ടൂ എന്നീ വിഷയങ്ങള്‍ വാശിയില്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിലെ കണ്‍സെന്റ്, മാനിപ്പുലേറ്റഡ് കണ്‍സെന്റ് എന്നിവയുടെ വിവിധ ലെയറുകള്‍ ഇഴകീറി ചിത്രത്തില്‍ പരിശോധിക്കുന്നുണ്ട്.
സമ്മതമില്ലാത്ത ക്രൂരമായ റേപ്പ് മാത്രമാണ് പീഡനം എന്ന് പറയുന്ന പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിച്ചും സാഹചര്യം ചൂഷണം ചെയ്തും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും റേപ്പ് തന്നെയാണെന്ന് സിനിമ പറയുന്നു. നിയമം മുന്‍ഗണന നല്‍കുമ്പോഴും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ഭൂരിപക്ഷ ചിന്താഗതികളും തടസം നില്‍ക്കുമ്പോഴും ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് മുമ്പോട്ട് കടന്നുവരാന്‍ ധൈര്യം നല്‍കേണ്ടത് നിയമമാണെന്ന് ചിത്രം പറയുന്നു.
എന്നാല്‍ ചിത്രത്തിന്റെ അന്ത്യത്തിലേക്ക് വരുമ്പോള്‍ ആരുടെ ഭാഗത്ത് നില്‍ക്കണമെന്ന ആശയകുഴപ്പം പ്രേക്ഷകന് വരുന്നുണ്ട്. ഇരയുടെയും പ്രതിയുടെയും ഭാഗത്തെ ന്യായങ്ങളും അന്യായങ്ങളും ചിത്രം കാണിക്കുന്നുണ്ട്. പുരുഷനായ പ്രതിക്ക് വേണ്ടി വാദിക്കാന്‍ നായികയായ മാധവിയും ഇരയായ സ്ത്രീക്ക് വേണ്ടി വാദിക്കാന്‍ നായകനായ എബിനുമെത്തുന്നത് ബാലന്‍സിങിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടി വരും.
സ്ത്രീകളുടെ അവകാശങ്ങളെ പറ്റി സംസാരിക്കുന്ന, താന്‍ ഒരു ഫെമിനിസ്റ്റാണെന്ന് പറയുന്ന മാധവി റേപ്പ് കേസിലെ പ്രതിക്ക് വേണ്ടി ഹാജരാകുന്നതും പാവപ്പെട്ട ആണുങ്ങളെ കേസിലേക്ക് ട്രാപ്പ് ചെയ്യുന്നു എന്ന് പറയുന്ന എബിന്‍ ഇരക്ക് വേണ്ടി ഹാജരാകുന്നതും പ്രൊഫഷന്റെ ഭാഗമാകുന്നു.
കേസിന്റെ വിധി ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് പുറത്തേക്ക് വരാന്‍ ധൈര്യം കൊടുക്കുന്ന ഒന്നാകണമെന്നും അത് എന്തു തന്നെയായാലും സമൂഹത്തില്‍ പ്രതിഫലിക്കാന്‍ പോകുന്നതാണെന്നും പറഞ്ഞാണ് എബിന്‍ കേസ് അവസാനിപ്പിക്കുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് നീതിയും തുല്യതയും ലഭിക്കുന്നതിനൊപ്പം അതിന്റെ പേരില്‍ നിരപരാധികളായ പുരുഷന്മാര്‍ ശിക്ഷിക്കപ്പെടരുതെന്നുമാണ് മാധവി പറയുന്നത്. ഇതിനൊപ്പം സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്നത് പുരുഷന്മാര്‍ക്കും ബാധകമാണെന്നും മാധവി പറഞ്ഞുവെക്കുന്നുണ്ട്.
ഇപ്പോഴും പുരുഷാധിപത്യ വ്യവസ്ഥിതിയില്‍ തന്നെ തുടരുന്ന, സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന സമൂഹത്തില്‍ ഈ സിനിമ ഏത് രീതിയില്‍ പ്രതിഫലിക്കുമെന്ന സംശയം ചിത്രത്തിന്റെ ഒടുക്കം ബാക്കി നില്‍ക്കുന്നു.
Content Highlight: write up about vaashi movie Consent and Balancing