| Thursday, 25th August 2022, 7:56 pm

കിട്ടിയ റോള്‍ സൗബിന് പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്ന മണികണ്ഠന്‍ ആചാരി

ജിതിൻ ജോസഫ്

മണികണ്ഠന്‍ ആചാരിയുടെ ഒരു അഭിമുഖം കാണാന്‍ ഇടയായി. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായതയും നിരാശയുമെല്ലാം അതില്‍ കാണാനായി. മലയാള സിനിമയില്‍ തനിക്കു ഇപ്പോള്‍ നല്ല റോളുകള്‍ ലഭിക്കുന്നില്ലെന്നും സാറ്റലൈറ്റ് മൂല്യം ഇല്ലാത്തതാണ് കാരണമായി പറയുന്നതെന്നും അദ്ദേഹം പരിതപിക്കുന്നു.

ഇലവീഴാപൂഞ്ചിറയുടെ സ്‌ക്രിപ്റ്റുമായി ഷാഹി കബീര്‍ ആദ്യം എത്തിയത് മണികണ്ഠന്റെ അടുത്തായിരുന്നു. പ്രൊഡ്യൂസറെ കിട്ടാന്‍ രണ്ടു പേരും ശ്രമിച്ചെങ്കിലും, എന്റെ പേര് കേട്ടപ്പോള്‍ പലരുടെയും മുഖം മാറി എന്ന് മണികണ്ഠന്‍ തുറന്നു പറയുന്നു. മാര്‍ക്കറ്റ് വാല്യു ഇല്ല എന്ന കാരണത്താല്‍ കയ്യില്‍ വന്ന നല്ല സ്‌ക്രിപ്റ്റ് സൗബിന്‍ ഷാഹിറിലേക്ക് പോകുന്നത് നോക്കി നിസഹായനായി നില്‍ക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളു.

വ്യക്തിപരമായി മണികണ്ഠനെക്കാള്‍ മികച്ച നടനാണ് സൗബിന്‍ എന്ന് വിശ്വസിക്കുന്നില്ല. പക്ഷെ മണികണ്ഠനില്ലാത്ത സിനിമ ബന്ധങ്ങളും വിപുലമായ സൗഹൃദങ്ങളും സൗബിനുണ്ട്. സുഹൃത്തുക്കളുടെ സിനിമയില്‍ തീരെ ആപ്റ്റ് അല്ലാതിരുന്നിട്ടു പോലും സൗബിനു പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇവിടെയാണ് മണികണ്ഠനെ പോലെയുള്ള ആളുകള്‍ തഴയപ്പെടുന്നത്.

റെക്കമന്‍ഡ് ചെയ്യാനും സപ്പോര്‍ട്ട് ചെയ്യാനും അദ്ദേഹത്തിനാരും ഇല്ല. സ്വന്തം കഴിവില്‍ മാത്രം വിശ്വസിച്ചു നില്‍ക്കുന്ന അദ്ദേഹത്തെ ഒക്കെ വാല്യു ഇല്ല എന്ന് മുഖത്തു നോക്കി പറഞ്ഞ് നിഷ്‌കരുണം ഒഴിവാക്കുമ്പോള്‍, പച്ചയായ തിരസ്‌കരണം ഒരു മനുഷ്യനെ എത്രത്തോളം മാനസികമായി തകര്‍ക്കും എന്ന് പലരും ചിന്തിക്കുന്നില്ല.

മണികണ്ഠനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചില്ല, നല്ല നടനായിരുന്നു എന്നൊക്കെ ഞാന്‍ മരിച്ച ശേഷമേ നിങ്ങള്‍ പറയുകയുള്ളോ എന്ന് അദ്ദേഹം ചങ്ക് തകര്‍ന്നു ചോദിക്കുകയാണ്. ചെറിയ ചെറിയ റോളുകള്‍ ചെയ്തു ചെയ്തു തീരെ ചെറുതായി. പിന്നെയും ചെറുതായി അവസാനം എല്ലാവരുടെയും ഓര്‍മയില്‍ നിന്ന് താന്‍ മാഞ്ഞു പോകുമോ എന്ന് അദ്ദേഹം ഭയക്കുന്നു. ദയവു ചെയ്ത് പെയിന്റിങ്ങും കാറ്ററിങ്ങും ഒക്കെ ആയി സിനിമ സ്വപ്നം കണ്ട് നടക്കുന്നവര്‍ക്ക് റോള്‍ കൊടുക്കരുതേ എന്നദ്ദേഹം അപേക്ഷിക്കുകയാണ്. കാരണം കുറച്ചു സിനിമകള്‍ക്ക് ശേഷം അവസരം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന വീഴ്ച അവര്‍ക്കു താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും.

ഇദ്ദേഹത്തെ പോലുള്ളവരെ മലയാള സിനിമ ചേര്‍ത്ത് നിര്‍ത്തിയാല്‍ സ്വന്തം കഴിവിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്ന വിശ്വസിക്കുന്ന, സിനിമ സ്വപ്നം കാണുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനം ആകും. Also the industry will grow with greater talent pool.

ഉദയനാണ് താരത്തില്‍ പറയുന്ന പോലെ ഒരു വെള്ളിയാഴ്ച മതി സിനിമാക്കാരന്റെ തലവര മാറാന്‍. മണികണ്ഠന്‍ ആചാരിയുടെ കരിയറിലും അങ്ങനെ ഒരു വെള്ളിയാഴ്ച്ച ഉടനെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ആഗ്രഹിക്കുന്നു. നിങ്ങ എങ്ങും പോവില്ല ബാലന്‍ ചേട്ടാ.. ഇവിടെ ഒക്കെ തന്നെ കാണും

Content Highlight: write up about theloosing career of manikandan achari

ജിതിൻ ജോസഫ്

We use cookies to give you the best possible experience. Learn more