അമാനുഷികനായ മാരന്‍; ആ അത്ഭുത സിദ്ധിക്ക് പിന്നിലെ ചുരുളഴിയാത്ത രഹസ്യം
Film News
അമാനുഷികനായ മാരന്‍; ആ അത്ഭുത സിദ്ധിക്ക് പിന്നിലെ ചുരുളഴിയാത്ത രഹസ്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th August 2022, 5:37 pm

ബിലഹരിയുടെ സംവിധാനത്തിലൊരുങ്ങിയ പരീക്ഷണ ചിത്രമാണ് കുടുക്ക് 2025. എന്റര്‍ടെയ്‌നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനും ചേര്‍ന്നുള്ള ഒരു ചിത്രം. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വിഷയമാണ് കുടുക്കില്‍ പ്രമേയമാക്കിയിരിക്കുന്നത്. 2025ലെ കഥയാണ് ചിത്രം പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് കുടുക്കിന്റെ പ്രമേയം.

സാങ്കേതിക വിദ്യയുടെ പുരോഗമനം എങ്ങനെയൊക്കെ മനുഷ്യജീവിതത്തെ ബാധിക്കുന്നു എന്ന് ചിത്രത്തില്‍ കാണിച്ചു തരുന്നുണ്ട്. ജ്വാല, ഈവ് എന്നീ രണ്ട് പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഈവിനോട് കണക്റ്റഡായാണ് മാരന്‍ എന്ന കഥാപാത്രവും ചിത്രത്തിലെത്തുന്നത്. കൃഷ്ണ ശങ്കറാണ് ചിത്രത്തില്‍ മാരനെ അവതരിപ്പിക്കുന്നത്.

ഈവ് മുറുകിപ്പോയ കുടുക്കില്‍ നിന്നും അവളുടെ മോചനത്തിന് സഹായിക്കുന്നത് മാരനാണ്. ഈവയുടെ പ്രശ്‌നമെന്താണെന്നറിയാനും അതില്‍ അവളെ സഹായിക്കാനും മാരന്‍ ശ്രമിക്കുന്നുണ്ട്.

ഇതിനെല്ലാമിടയില്‍ മനസിലാക്കാന്‍ പറ്റാത്തൊരു കാര്യം മാരന്റെ അത്ഭുത സിദ്ധിയാണ്. ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ തലയുടെ പുറകിലൂടെ വരുന്ന കത്തി വരെ പുറകോട്ട് നോക്കാതെ പിടിക്കാനുള്ള കഴിവ് മാരനുണ്ട്. ഇതുപോലെ ചിത്രത്തിനിടയില്‍ ക്രിക്കറ്റ് ബോളും ഫുട്‌ബോളുമൊക്കെ ഏത് ദിക്കില്‍ നിന്ന് വന്നാലും മാരന്‍ കറക്റ്റായി ക്യാച്ച് ചെയ്യുന്നുണ്ട്.

സിനിമയുടെ തുടക്കത്തില്‍ ഈ അമാനുഷിക കഴിവ് മാരന് എങ്ങനെ ലഭിച്ചുവെന്നും ഇതിന്റെ കാരണം പിന്നീട് കാണിക്കുമെന്നും ചിന്തിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെവിടെയും ഇതിനൊരു ഉത്തരം ലഭിക്കുന്നില്ല. ബിഗ് ബ്രദറിലെ സച്ചിക്ക് ഇരുട്ടത്ത് കാഴ്ചശക്തി ഉള്ളതാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ കണ്ടിട്ടുള്ള ഒരു അത്ഭുത സിദ്ധി. ആ ചിത്രത്തില്‍ ഇരുട്ടത്ത് തുടര്‍ച്ചയായി ഇരുന്നിട്ടാണ് സച്ചിക്ക് ഇങ്ങനെയൊരു കഴിവ് ലഭിച്ചതെന്ന് കാരണം പറയുന്നുണ്ട്.

Content Highlight: write up about the super human power of maaran