സ്ത്രീകള്‍ സിനിമയിലേക്ക് വന്നാല്‍ പ്രശ്‌നം കൂടുമോ?
Film News
സ്ത്രീകള്‍ സിനിമയിലേക്ക് വന്നാല്‍ പ്രശ്‌നം കൂടുമോ?
അമൃത ടി. സുരേഷ്
Thursday, 13th October 2022, 7:09 pm

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സിനിമാ പ്രൊമോഷന്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. സിനിമയിലെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളുമായി നിരവധി പേര്‍ സ്റ്റേജിലുണ്ടായിരുന്നെങ്കിലും രണ്ട് പേരാണ് ശ്രദ്ധ മുഴുവനും പിടിച്ചുപറ്റിയത്. ഷൈന്‍ ടോം ചാക്കോയും ജോളി ചിറയത്തും.

രണ്ട് തലത്തില്‍ നിന്നാണ് ഇവര്‍ പ്രതികരണം നടത്തിയത്. സിനിമാ മേഖലയിലെ സ്ത്രീകളും മറ്റ് അഭിനേതാക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ വളരെ പക്വമായാണ് ജോളി വിവരിച്ചത്. മറുഭാഗത്ത് ഷൈനാവട്ടെ പൊതുവേദിയില്‍ അപക്വമായ പെരുമാറ്റത്തോടെ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെ അവഗണിക്കുന്നതാണ് കാണുന്നത്.

സിനിമയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന വേതനത്തെ പറ്റിയാണ് ആദ്യം ഉയര്‍ന്ന ചോദ്യം. വേണമെങ്കില്‍ തനിക്ക് ടാക്ടിക്കലായി ഉത്തരം പറയാം പക്ഷേ അതിന് ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞാണ് ജോളി തുടങ്ങുന്നത്.

ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ വേതനത്തില്‍ പ്രശ്‌നങ്ങളുണ്ട്. സിനിമാ മേഖലയ്ക്ക് കൃത്യമായ സ്ട്രക്ച്ചറില്ലാത്തതാണ് ഇതിന് ഒരു പ്രധാന കാരണമായി ജോളി ചൂണ്ടിക്കാണിക്കുന്നത്. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ചോദ്യങ്ങളുയരുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു. തൊഴിലാളികളെക്കുറിച്ചും സാമൂഹിക സമത്വത്തെക്കുറിച്ചും ഏറ്റവുമധികം സംസാരിക്കുന്ന മലയാളം ഇന്‍ഡസ്ട്രിയിലാണ് ഏറ്റവുമൊടുവില്‍ തൊഴിലാളി യൂണിയന്‍ ഉണ്ടായതെന്നും അവര്‍ പറഞ്ഞുവെച്ചു.

ജോളി പറയുന്നതിനിടയില്‍ കയറി ഷൈന്‍ സംസാരിക്കുന്നതും ഈ പ്രസ് മീറ്റില്‍ കാണാം. അതിനോടും ഞാന്‍ കണ്ടിന്യൂ ചെയ്‌തോട്ടെ എന്ന ചോദ്യം കൊണ്ടുമാത്രമാണ് ജോളി പ്രതികരിക്കുന്നത്.

ഇതിന് ശേഷം സിനിമയിലെ സ്ത്രീകളെക്കുറിച്ചുള്ള ചോദ്യം ജോളിയോട് ചോദിക്കുമ്പോഴും ഷൈന്‍ ഇടയില്‍ കയറുന്നുണ്ട്. സിനിമയിലെ സ്ത്രീകളെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ ചോദിക്കുമ്പോള്‍ ഷൈന്‍ എന്തിനാണ് ഇത്രയും അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസിലാവുന്നില്ല. നടന്മാര്‍ക്ക് പ്രശ്‌നമില്ലേ എന്നാണ് ഇദ്ദേഹം തിരിച്ചുചോദിക്കുന്നത്.

സ്ത്രീകള്‍ക്ക് പ്രശ്‌നമുണ്ടെന്ന് പറയുമ്പോള്‍ മറുവശത്ത് പുരുഷന്മാര്‍ക്ക് പ്രശ്‌നമില്ല എന്നൊരു അര്‍ത്ഥമില്ല. ഓരോ മേഖലയിലും പുരുഷന്മാരും നിലനില്‍പ്പിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീയായതുകൊണ്ട് മാത്രമുള്ള വിവേചനങ്ങള്‍ എല്ലാ മേഖലയിലുമുണ്ടെന്നത് ഷൈന്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം മനസിലാക്കുക.

സ്ത്രീ പുരുഷ വിവേചനത്തെ പറ്റി സംസാരിക്കുന്നത് സമയം കളയാനുള്ള പരിപാടിയാണെന്നാണ് ഷൈന്‍ മനസിലാക്കുന്നത്. സ്ത്രീകളായ സംവിധായകര്‍ വന്നാല്‍ പ്രശ്‌നം മാറുമോയെന്ന് ചോദിക്കുമ്പോള്‍ അവര്‍ വന്നാല്‍ കൂടുതല്‍ പ്രശ്‌നമാകുമെന്നാണ് ഷൈനിന്റെ മറുപടി. അതായത് സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാതിരിക്കണമെങ്കില്‍ അവര്‍ വീട്ടിലിരുന്നുകൊള്‍ക, ഞങ്ങള്‍ ആണുങ്ങളും പാട്രിയാര്‍ക്കല്‍ സമൂഹവും ഇങ്ങനെ തന്നെയിരിക്കും, ഞങ്ങള്‍ മാറില്ലെന്ന ലൈനാണിത്.

അവിടെയും പക്വമായി ജോളി മറുപടി പറയുന്നുണ്ട്. സിനിമക്ക് മാത്രമുള്ള പ്രശ്‌നമല്ല ഇത്. സമൂഹത്തിലെ പ്രശ്‌നം റിഫ്‌ളക്റ്റ് ചെയ്യുന്നതാണ്. സമൂഹത്തില്‍ എല്ലാവരും വീക്ഷിക്കുന്ന ഏരിയ ആയതുകൊണ്ടാണ് സിനിമയിലെ വിവേചനം ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. ജനറലി ഉള്ളതാണ് ജന്റര്‍ ഡിസ്‌ക്രിമിനേഷനെന്ന് ജോളി പറയുന്നു. അത് മാറണമെങ്കില്‍ സ്ത്രീകളുടെ മേല്‍ക്കയ്യിലും സ്ത്രീകളുടെ പങ്കാളത്തത്തിലും സിനിമ ഉണ്ടാവണം. ആ സിനിമ ചെയ്യാന്‍ നിര്‍മാതാക്കളുണ്ടാവണമെന്ന് ഷൈനുകൂടിയുള്ള മറുപടി ജോളി പറയുന്നുണ്ട്.

വേതനം സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന പ്രശ്‌നമല്ല. സ്ത്രീയെന്ന നിലയില്‍ സെക്കന്‍ഡറി ജെന്ററായി ട്രീറ്റ് ചെയ്യുന്ന പ്രശ്‌നങ്ങള്‍ സിനിമാ മേഖലയിലുണ്ടെന്നും ജോളി പറയുന്നു.

സിനിമാ ഇന്‍ഡസ്ട്രിയിലെത്തി വളരെ കുറച്ച് സിനിമകളുടെ മാത്രം എക്‌സ്പീരിയന്‍സ് വെച്ചിട്ടാണ് ജോളി ഇത്രയും ക്ലാരിറ്റിയോടെ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്നത്. ദീര്‍ഘകാലം സിനിമാ മേഖലയിലുണ്ടായിട്ടും ഇന്‍ഡസ്ട്രിയിലുള്ള വിവേചനം തിരിച്ചറിയാനാവുന്നില്ലെങ്കില്‍ അത് ഷൈന്‍ ആണ്‍പ്രിവിലേജില്‍ നിന്നും ഇറങ്ങിവരാത്തത് കൊണ്ടാണ്.

Content Highlight: write up about the statements of shine tom chacko and joli chirayath in press meet

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.