താമറിന്റെ സംവിധാനത്തില്‍ സലിം അഹമദ് നിര്‍മിച്ച ചിത്രമാണ് 1001 നുണകള്‍. നാലഞ്ചു പേരൊഴികെ ബാക്കി എല്ലാ കഥാപാത്രങ്ങളേയും പുതുമുഖങ്ങള്‍ അവതരിപ്പിച്ച ചിത്രം മികച്ച ഒരു അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
സാഹചര്യങ്ങള്‍ കൊണ്ട് രണ്ട് ദിവസം ഒരു വീട്ടില്‍ ഒന്നിച്ചാവേണ്ടി വന്ന സുഹൃത്തുക്കള്‍. ആറ് ദമ്പതികളാണ് ഇവര്‍. ഒരാളുടെ പങ്കാളി മാത്രം സ്ഥലത്തില്ല. ഇവരെല്ലാം കൂടി ഒരു ഗെയിം കളിക്കാന്‍ തീരുമാനിക്കുകയും അത് ഒടുവില്‍ അവരുടെ ബന്ധങ്ങളെ തന്നെ പുനര്‍നിര്‍വചിക്കുന്നതിലേക്ക് എത്തുന്നതുമാണ് 1001 നുണകള്‍ പറയുന്നത്.
ഭൂരിഭാഗം സമയത്തും ഒരു വീട്ടിലാണ് ഈ കഥ നടക്കുന്നതായി കാണിക്കുന്നത്, ഒരു വീട്ടില്‍ പൊളിച്ചുകളയുന്ന നുണകള്‍. വളരെ കുറച്ചു സമയം മാത്രമാണ് പുറംലോകത്തേക്ക് കഥ പോവുന്നത്. എന്നാല്‍ അത് ഒരു തരത്തിലും ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നില്ല എന്ന് മാത്രമല്ല, കൂടുതല്‍ എന്‍ഗേജിങ്ങായി പോകുന്നുണ്ട്.
അടുത്തതായി ഒരോ കഥാപാത്രവും പറയാന്‍ പോകുന്നതെന്താവുമെന്നും അതിന്റെ അനന്തര ഫലങ്ങള്‍ എന്താവുമെന്നുമാവും പ്രേക്ഷകര്‍ നോക്കുന്നുണ്ടാവുക.
കഥാപാത്ര സൃഷ്ടി തന്നെയാണ് ചിത്രത്തിലെ ഏറ്റവും മികച്ച ഘടകം. 12 കഥാപാത്രങ്ങളാണ് ചിത്രത്തില്‍ പ്രധാനമായും ഉള്ളത്. അവര്‍ ഓരോരുത്തര്‍ക്കും വിവിധ ലെയറുകള്‍ കൊടുത്ത് വ്യക്തമായ ക്യാരക്ടര്‍ ആര്‍ക്ക് നടത്താന്‍ എഴുത്തുകാരനായിട്ടുണ്ട്. ഓരോ ദമ്പതികള്‍ക്കും ഓരോ തരത്തിലുള്ള ബന്ധമാണുള്ളത്. ലളിതവും സങ്കീര്‍ണവുമാണ് അവ.
കോണ്‍ക്രീറ്റാവുന്നതിന് പകരം വിശാലമായ അധിക വായനക്കുള്ള സാധ്യത കൂടി തുറന്നിട്ടാണ് ചിത്രം അവസാനിക്കുന്നത്. ഓരോ ദമ്പദികളുടേയും അടുത്ത ദിവസം എങ്ങനെയാവും എന്ന് പ്രേക്ഷകര്‍ക്ക് തന്നെ ചിന്തിക്കാനാവും.
Content Highlight: Write up about the single location in 1001 nunakal