ബോയ്‌കോട്ടിന് അവസാനമോ? മോക്ഷമാകുമോ ബ്രഹ്മാസ്ത്ര
Film News
ബോയ്‌കോട്ടിന് അവസാനമോ? മോക്ഷമാകുമോ ബ്രഹ്മാസ്ത്ര
അമൃത ടി. സുരേഷ്
Monday, 12th September 2022, 1:35 pm

പരാജയത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുന്ന ബോളിവുഡിന് കച്ചിത്തുരുമ്പായിരിക്കുകയാണ് ബ്രഹ്മാസ്ത്ര. അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രം 150 കോടിക്ക് മേലെയാണ് രണ്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും കളക്റ്റ് ചെയ്തത്.

റിലീസിന് മുമ്പ് തന്നെ ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഫിഫ്റ്റി ഫിഫ്റ്റി റിസ്‌കില്‍ തന്നെയാണ് ബ്രഹ്മാസ്ത്ര വന്നത്. തൊട്ടുമുമ്പ് വന്ന മൂന്ന് ചിത്രങ്ങളായ ലാല്‍ സിങ് ഛദ്ദ, രക്ഷാ ബന്ധന്‍, ദൊബാര എന്നിവ പരാജയങ്ങളായിരുന്നു. ലാല്‍ സിങ് ചദ്ദ, രക്ഷയാവുമെന്ന് കരുതിയെങ്കില്‍ വന്‍ പരാജയമായി. അതേസമയം ഇന്ത്യക്ക് പുറത്ത് ലാല്‍ സിങ് ചദ്ദ വിജയം നേടുകയും ചെയ്തു. ഒടുവില്‍ റിലീസ് ചെയ്ത രണ്‍ബീറിന്റെ ചിത്രം ഷംഷേരയും എട്ടുനിലയില്‍ പൊട്ടി.

അയാന്‍ മുഖര്‍ജി എന്ന സംവിധായകനില്‍ മാത്രമായിരുന്നു ആരാധകര്‍ക്ക് പ്രതീക്ഷ. റിലീസിന് തൊട്ടുമുമ്പേയുണ്ടായ ബീഫ് വീഡിയോ വിവാദവും പ്രതികൂലമായി ബാധിച്ചു. ഇതിന്റെ പേരില്‍ രണ്‍ബീറിനും ആലിയക്കും ഉജ്ജെയിനിലെ മഹാകാലേശ്വര ക്ഷേത്രത്തില്‍ പ്രവേശനം പോലും നിഷേധിക്കപ്പെട്ടു.

എന്നാല്‍ റിലീസിന് പിന്നാലെ കഥ മാറി. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മിക്‌സഡ് റിവ്യൂസ് ആണ് വന്നത്. ചിലര്‍ ചിത്രം മികച്ചതാണെന്ന് പറഞ്ഞപ്പോള്‍ അടുത്ത ഡിസാസ്റ്ററെന്ന വിലയിരുത്തലുകളും വന്നു. എന്നാല്‍ മിക്‌സഡ് റിവ്യൂസിനിടയിലും തിയേറ്ററുകളിലേക്ക് ആളുകള്‍ വന്നു. ആദ്യ ദിനം 75 കോടിയാണ് ബ്രഹ്മാസ്ത്ര നേടിയതെന്ന് ധര്‍മ പ്രൊഡക്ഷന്‍സ് ട്വീറ്റ് ചെയ്തു.

റിലീസ് കഴിഞ്ഞിട്ടും വിവാദങ്ങള്‍ തുടരുകയാണ്. വിവാദങ്ങളുടെ തോഴിയായ കങ്കണ ദുരന്തമെന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. കരണ്‍ ജോഹര്‍ പൈസ കൊടുത്ത് റിവ്യൂവും, റേറ്റിങും വാങ്ങുകയാണെന്നും സ്‌ക്രിപ്റ്റിനെക്കാളും മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തിലാണ് അദ്ദേഹത്തിന് താല്‍പര്യമെന്നും കങ്കണ പറഞ്ഞു.

‘അയാന്‍ മുഖര്‍ജിയെ ജീനിയസ് എന്ന് വിളിക്കുന്നവരെ ജയിലില്‍ ഇടണം. 12 വര്‍ഷം സിനിമക്കായി ചെലവഴിച്ചു. 14 തവണ ഡി.ഒ.പി മാറ്റി, 400 ദിവസം ഷൂട്ട് ചെയ്തു, 86 തവണ എ.ഡിമാരെ മാറ്റി, 600 കോടി ചാരമാക്കി. മതവികാരത്തെ ചൂഷണം ചെയ്യാന്‍ ജലാലുദ്ദീന്‍ റൂമി എന്ന പേര് ശിവയാക്കി മാറ്റി. ബാഹുബലിയുടെ വിജയം കണ്ടാണ് അയാള്‍ പേര് മാറ്റിയത്. ഇങ്ങനെ സര്‍ഗാത്മകത ഇല്ലാത്ത അവസരവാദികളെ ജീനിയസ് എന്ന വിളിക്കുന്നത് പകലിനെ രാത്രിയെന്ന് വിളിക്കുന്നത് പോലെയും രാത്രിയെ പകലെന്ന് വിളിക്കുന്നത് പോലെയുമാണ്,’ കങ്കണ പറഞ്ഞു.

റിലീസിന് പിന്നാലെ സുശാന്തിന്റെ സഹോദരിയും ബോളിവുഡിനെതിരെ രംഗത്ത് വന്നിരുന്നു.
സുശാന്തിന്റെ ബ്രഹ്മാസ്ത്രം മതി ബോളിവുഡാകെ ചാമ്പലാവാന്‍. ബോളിവുഡിന് ജനങ്ങളോട് ആജ്ഞാപിക്കാനാണ് താല്‍പര്യം. ഇതുപോലെയുള്ള ആള്‍ക്കാരെ എങ്ങനെയാണ് രാജ്യത്തിന്റെ മുഖമായി ഉയര്‍ത്തി കാണിക്കാനാവുകയെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ ചോദിച്ചത്.

ബോയ്കോട്ട് ബോളിവുഡ് ട്രെന്‍ഡിന് ഒരു പ്രധാന കാരണം സുശാന്തിന്റെ മരണമായിരുന്നു. ബോളിവുഡിന്റെ നെപ്പോട്ടിസം കള്‍ച്ചറും പുറത്ത് നിന്ന് വരുന്നവരെ അവഗണിക്കുന്നതുമെല്ലാം സുശാന്തിന്റെ മരണത്തിന് കാരണമായി ഉന്നയിക്കപ്പെട്ടു.

10 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായുള്ള കിടിലന്‍ കഥ നല്‍കിയെന്ന് ബ്രഹ്മാസ്ത്രയെ  പറയാനാവില്ല. റൊമാന്‍സ് പാര്‍ട്ട് ക്ലീഷേയായിരുന്നു. മറ്റ് ഇന്ത്യന്‍ സിനിമകള്‍ വെച്ച് നോക്കുമ്പോള്‍ ചിത്രത്തിലെ വി.എഫ്.എക്‌സ് മികച്ച് നിന്നു. 400 കോടി ചെലവഴിച്ച് നിര്‍മിച്ച ചിത്രം തുടര്‍ദിവസങ്ങളില്‍ നേടുന്ന കളക്ഷനുകള്‍ കൂടി കണക്കിലെടുത്താലേ വിജയിച്ചോ എന്ന് പറയാനാവൂ. അങ്ങനെ വിജയമാവുകയാണെങ്കില്‍ അത് ഇനി വരുന്ന ബോളിവുഡ് സിനിമകള്‍ ആ വിജയം തുടരുമോയെന്ന് കണ്ടറിയണം.

Content Highlight: write up about the release and controversies of brahmastra

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.