| Thursday, 28th December 2023, 6:18 pm

തമിഴകത്തിന്റെ വിജയകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയകാന്ത് വിടവാങ്ങിയിരിക്കുകയാണ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് വിജയകാന്തിന്റെ മരണം. ഒരു സിനിമ പോലെ തന്നെ സംഭവബഹുലമായിരുന്നു വിജയകാന്തിന്റെ ജീവിതവും. സിനിമയിലൂടെ ജനപ്രീതിയാര്‍ജിച്ച വിജയകാന്ത് പിന്നീട് തമിഴകത്തിന്റെ രാഷ്ട്രീയ ഭൂമികയിലും ശക്തമായ സാന്നിധ്യമായിരുന്നു. സിനിമയിലൂടെ തുടങ്ങി രാഷ്ട്രീയത്തിലേക്ക് നീണ്ട ആ യാത്ര ഒന്ന് പരിശോധിക്കാം.

1952 ഓഗസ്റ്റ് 25ന് മധുരയിലാണ് ‘നാരായണന്‍ വിജയരാജ് അളകര്‍സ്വാമി’ എന്ന വിജയകാന്തിന്റെ ജനനം. 1979ല്‍ എം.എ കാജ സംവിധാനം ചെയ്ത ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം. ആദ്യചിത്രത്തില്‍ വില്ലനായ വിജയകാന്ത് 1981ല്‍ പുറത്ത് വന്ന സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിലൂടെ നായകനെന്ന നിലയില്‍ ശ്രദ്ധ നേടി.

സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ക്ഷോഭിക്കുന്ന നായകന്മാരായിരുന്നു വിജയകാന്തിന്റേത്. നാടിന് വേണ്ടി നന്മയും ത്യാഗവും ചെയ്യുന്ന നായകന്മാരെ വെള്ളിത്തിരയില്‍ ആടിത്തീര്‍ത്ത വിജയകാന്തിനെ ആരാധകര്‍ സ്നേഹത്തോടെ വിളിച്ചിരുന്നത് പുരൈട്ച്ചി കലൈഞ്ചര്‍ എന്നായിരുന്നു. കറുപ്പ് എം.ജി.ആര്‍ എന്നൊരു പേര് കൂടി വിജയകാന്തിനുണ്ടായിരുന്നു.

കഥാപാത്രങ്ങളില്‍ മാത്രമല്ല, ജീവിതത്തിലും വിജയകാന്ത് ജനങ്ങള്‍ക്ക് ഹീറോയായിരുന്നു. ആരാധകരായിരുന്നു വിജയകാന്തിന്റെ ശക്തി, പ്രത്യേകിച്ചും അരികുവത്കരിക്കപ്പെട്ട ദളിതരും ആദിവാസികളും. സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ തന്റെ ആരാധകവൃന്ദത്തിലൂടെ ജനങ്ങളെ സഹായിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിക്കുമായിരുന്നു. ആ ജനപിന്തുണ രാഷ്ട്രീയത്തിലും വിജയകാന്തിന് ഉയര്‍ച്ച നല്‍കി.

2005ലാണ് വിജയകാന്ത് ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം രൂപീകരിക്കുന്നത്. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മത്സരിച്ചു. ജനങ്ങളോടും ദൈവത്തോടും മാത്രം സഖ്യം പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയകാന്ത് നിന്ന ഒറ്റ സീറ്റില്‍ മാത്രമാണ് വിജയം കണ്ടത്.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.ഡി.കെ സഖ്യത്തിലേര്‍പ്പെടുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ 40 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് തന്നെ ഡി.എം.ഡി.കെ വീണ്ടും മത്സരിച്ചു. മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ എട്ട് ശതമാനം വോട്ട് വിഹിതം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 10 ശതമാനമാക്കി ഉയര്‍ത്തി. വിജയകാന്തിനും പാര്‍ട്ടിക്കും ലഭിച്ചിരുന്ന ജനസ്വീകാര്യതയിലും വോട്ട് വിഹിതത്തിലും മറ്റ് പാര്‍ട്ടികളില്‍ ആശങ്കയുണ്ടായി. 2011ല്‍ എ.ഐ.എ.ഡി.എംകെ വിജയകാന്തിനെ സഖ്യത്തിനായി ക്ഷണിച്ചു. ആ വര്‍ഷമാണ് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഡി.എം.ഡി.കെക്ക് വലിയ വിജയം ഉണ്ടാവുന്നത്.

അണ്ണാ ഡി.എം.കെയുമായി സഖ്യത്തിലേര്‍പ്പെട്ട തെരഞ്ഞെടുപ്പില്‍, മത്സരിച്ച 41 സീറ്റില്‍ 29 സീറ്റ് ഡി.എം.ഡി.കെ നേടി. കരുണാനിധിയുടെ എ.ഐ.എ.ഡി.എം.കെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 2011 മുതല്‍ 2016 വരെ ജയലളിത മുഖ്യമന്ത്രിയായ തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.

ഇക്കാലത്ത് നിയമസഭയില്‍ ജയലളിതയും വിജയകാന്തും തമ്മില്‍ പലപ്പോഴും നേര്‍ക്കുനേര്‍ വന്നു. ഒരു ഘട്ടത്തില്‍
ഡി.എം.ഡി.കെയിലെ നിയമസഭാംഗങ്ങള്‍ ഒന്നിനുപുറകെ ഒന്നായി എ.ഐ.എ.ഡി.എം.കെയിലേക്ക് ചേരാന്‍ തുടങ്ങി.
എ.ഐ.എ.ഡി.എം.കെയുമായി ഇനി സഖ്യത്തിനില്ലെന്ന് വിജയകാന്ത് പ്രഖ്യാപിച്ചു. ഡി.എം.ഡി.കെയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദമുണ്ടെന്നും ഇനി അവരുമായി സഹകരിക്കില്ലെന്നും ജയലളിതയും പറഞ്ഞു. അങ്ങനെ ആ സഖ്യം അവിടെ അവസാനിച്ചു.

പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.ഡി.കെയ്ക്ക് വിജയം തുടരാനായില്ല. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മത്സരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈകോയുടെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സി.പി.ഐ.എം, സി.പി.ഐ, വിടുതലൈ ചിരുത്തൈകള്‍ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും മത്സരിച്ച 104 സീറ്റുകളിലും പരാജയപ്പെട്ടു. അതോടെ വിജയകാന്തും ഡി.എം.ഡി.കെയും തമിഴ് രാഷ്ട്രീയത്തില്‍ മങ്ങാന്‍ തുടങ്ങി.

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വന്നവരില്‍ എം.ജി.ആറിനും ജയലളിതക്കും ശേഷം ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കിയ നേതാവായിരുന്നു വിജയകാന്ത്. രാഷ്ട്രീയ നേതാവെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ആകര്‍ഷണമുണ്ടാക്കിയെടുക്കാന്‍ വിജയകാന്തിനായിട്ടുണ്ട്. സഖ്യങ്ങളിലേര്‍പ്പെടാതെ ഒറ്റക്ക് തന്നെ മുന്നോട്ട് പോയിരുന്നെങ്കില്‍ ഒരുപക്ഷേ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ വിജയകാന്തിനും പാര്‍ട്ടിക്കും കുറച്ചുകൂടി വിജയകരമായി മുന്നേറാനാവുമായിരുന്നുവെന്ന വിലയിരുത്തലുകള്‍ പിന്നീട് വന്നിരുന്നു.

Content Highlight: write up about the political career of vijayakanth

We use cookies to give you the best possible experience. Learn more