Advertisement
Film News
'ഈ ഹിമാറിനോട് പറഞ്ഞുകൊടുക്ക്, ഞാനാരാണെന്നല്ല, ഈടത്തെ പാര്‍ട്ടി എന്താണെന്ന്'; കണ്ണൂരിലെ പാര്‍ട്ടിയും കൊത്തും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 29, 06:01 pm
Saturday, 29th October 2022, 11:31 pm

കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് സിബി മലയിലിന്റെ സംവിധാനത്തിലൊരുങ്ങിയ കൊത്ത് തിയേറ്ററുകളിലെത്തിയത്. കണ്ണൂര്‍ രാഷ്ട്രീയത്തിന്റൈ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ഒക്ടോബര്‍ 28ന് നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരുന്നു. പിന്നാലെ ചിത്രത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിക്കഴിഞ്ഞു.

കണ്ണൂരില്‍ വേരൂന്നിയ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ തമ്മിലുള്ള പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് കൊത്ത്. കാവി നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള കൊടികളുള്ള പാര്‍ട്ടികളെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഇത് സി.പി.ഐ.എമ്മിനേയും ബി.ജെ.പിയേയുമാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാല്‍ നേരിട്ട് പറയാതെ പേരില്‍ ചില മാറ്റങ്ങളോടെയാണ് കൊത്തില്‍ രണ്ട് പാര്‍ട്ടികളേയും അവതരിപ്പിക്കുന്നത്.

ശക്തികേന്ദ്രങ്ങളായ പാര്‍ട്ടിഗ്രാമങ്ങളെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. പാര്‍ട്ടിക്ക് അവിടെ വളരുന്ന കുട്ടികളില്‍ വരെ എത്രത്തോളം സ്വാധീനമുണ്ടെന്നുള്ളത് ചിത്രത്തിന്റെ പല ഭാഗത്തും കാണാനാവും.

നാട്ടിലെ പ്രശ്നങ്ങളിലെല്ലാം പാര്‍ട്ടിയുടെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. ഇങ്ങനെ ഒരു പ്രശ്നത്തില്‍ ഇടപെടുന്ന രഞ്ജിത്തിന്റെ കഥാപാത്രത്തോട് ഇത് പാര്‍ട്ടി ഇടപെടേണ്ട കേസല്ലെന്നാണ് മറുഭാഗത്തുള്ള കഥാപാത്രം പറയുന്നത്. ഇതിന് മറുപടിയായി രഞ്ജിത്തിന്റെ കഥാപാത്രം പറയുന്നത് ‘മുത്തുക്കോയ ഈ ഹിമാറിനോട് പറഞ്ഞുകൊടുക്ക്, ഞാനാരാണെന്നല്ല, ഈടത്തെ പാര്‍ട്ടി എന്താണെന്ന്,’ എന്നാണ്. ഇതേ രംഗത്തില്‍ തന്നെ ഇത് ഗുണ്ടായിസമാണോ എന്ന് ചോദിക്കുമ്പോള്‍ ഗുണ്ടായിസമല്ല, കമ്മ്യൂണിസമെന്നും രഞ്ജിത്ത് മറുപടി നല്‍കുന്നത് കാണാം.

മുതിര്‍ന്ന പാര്‍ട്ടി നേതാവാണ് രഞ്ജിത്ത് അവതരിപ്പിക്കുന്ന സദാനന്ദന്‍. പാര്‍ട്ടി അംഗങ്ങള്‍ അദ്ദേഹത്തെ സദുവേട്ടനെന്നാണ് വിളിക്കുന്നത്. തിരിച്ച് അവരെ അദ്ദേഹം സ്വന്തം കുട്ടികളായാണ് കാണുന്നത്. പ്രായമായ ആളുകള്‍ വരെ സദാനന്ദനെ കാണുമ്പോള്‍ എഴുന്നേക്കുന്നുണ്ട്. കണ്ണൂരിലെ ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തെയാണ് കൊത്തിലെ സദാനന്ദനിലൂടെ കാണിക്കുന്നത്.

നമ്മള്‍ വെറും കേറ്ററിങ് കാരല്ല, പാര്‍ട്ടിക്കാരാന്ന് എന്ന് ആസിഫ് അലി പറയുന്നിടത്ത് കണ്ണൂരിലെ ഗ്രാമങ്ങളില്‍ പാര്‍ട്ടിക്കുള്ള സ്വാധീനമെന്താണെന്ന് കൂടി കാണിക്കുന്നുണ്ട്. ഈടത്തെ കുഞ്ഞുങ്ങ സിനിമാപ്പാട്ട് കേട്ടല്ല വളരുന്നത്, ഇക്വിലാബ് സിന്ദാബാദ് കേട്ടിട്ടാണെന്ന ഡയലോഗിലും ആഴത്തിലൂന്നിയ പാര്‍ട്ടി വേരുകള്‍ കാണാം.

Content Highlight: write up about the kannur politics in kotthu movie