| Saturday, 20th August 2022, 7:17 pm

ഇത് നസീറിന്റെയും ജയന്റെയും കാലത്ത് വിട്ട കേസ്; 'ഔട്ട്‌ഡേറ്റഡ് അവിഹിതം' ഇനിയെങ്കിലും മാറ്റിപിടിക്കൂ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആണാവാന്‍ ആഗ്രഹിക്കുന്ന സാറ എന്ന പെണ്‍കുട്ടി. അതിനു വേണ്ടിയുള്ള സര്‍ജറിക്കുള്ള അവളുടെ ശ്രമങ്ങളാണ് മൈക്കില്‍ കാണിക്കുന്നത്. താന്‍ അനുഭവിക്കുന്ന പല സാമൂഹിക ഘടകങ്ങളാണ് സാറയെ അതിന് പ്രേരിപ്പിക്കുന്നത്.

SPOILER ALERT

വീട്ടിലെ പ്രശ്‌നങ്ങളാണ് ഇതില്‍ ഒരു കാരണം. അമ്മയുടെ നിയന്ത്രണത്തിലാണ് സാറയുടെ വീട് കഴിഞ്ഞ് പോകുന്നത്. ദുര്‍ബലനും പാവത്താനുമാണ് സാറയുടെ അച്ഛന്‍. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന സാറയുടെ അമ്മയുടെ വിവാഹേതര ബന്ധം മലയാള സിനിമയില്‍ എന്നേ ഔട്ട്‌ഡേറ്റഡായതാണ്.

ഭര്‍ത്താവും കുട്ടിയുമുള്ള, യൗവ്വനം കഴിഞ്ഞ് മധ്യവയസിലേക്ക് കടന്ന ഭാര്യക്ക്, മസ്‌കുലിനായ യുവാവുമായി വിവാഹേതര ബന്ധമുണ്ടാകുന്നതും പിന്നീട് ഉണ്ടാകുന്ന തിരിച്ചറിവുമൊക്കെ മുമ്പ് കണ്ടിട്ടുള്ളത് നസീറിന്റേയും ജയന്റെയുമൊക്കെ സിനിമകളിലായിരിക്കും.

അതുപോലെയൊരു ക്ലീഷേയാണ് കായികമായി നായികയെ രക്ഷിക്കുന്ന നായകനും മാനസികമായി തകര്‍ന്ന നായകനെ നന്നാക്കുന്ന നായികയും. ഇതൊക്കെ ഇപ്പോഴത്തെ സിനിമകളിലും കാണിക്കുന്നുണ്ടെങ്കിലും അത് പ്രേക്ഷകനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന രീതി ആസ്വദന യോഗ്യമാവുമ്പോഴാണ് വിജയിക്കുന്നത്.

മൈക്കില്‍ ഈ നായികയുടെയും നായകന്റേയും രക്ഷപ്പെടുത്തല്‍ അത്ര എന്‍ഗേജിങ്ങായിരുന്നില്ല. ട്രാന്‍സ് മെന്‍ ആവാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി എന്ന ഘടകമൊഴിച്ച് നിര്‍ത്തിയാല്‍ മലയാളത്തില്‍ സ്ഥിരം പറയാറുള്ള പാറ്റേണിലാണ് മൈക്കും മുന്നേറുന്നത്.

ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും സിനിമാറ്റോഗ്രഫിയും നന്നായിരുന്നു. ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതവും നന്നായിരുന്നു.

Content Highlight: write up about the extra marital relation in mike movie

We use cookies to give you the best possible experience. Learn more