Film News
മല പോലെ വന്ന് എലി പോലെ പോയ ഒരു 'സിങ്കപ്പെണ്ണ്'
അമൃത ടി. സുരേഷ്
2023 Sep 12, 11:19 am
Tuesday, 12th September 2023, 4:49 pm

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ജവാന്‍. അറ്റ്‌ലി- ഷാരൂഖ് കോമ്പോക്ക് പുറമേ നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രം എന്ന നിലയിക്ക് കൂടിയാണ് ജവാന്‍ ശ്രദ്ധ നേടിയത്.

പൊലീസ് ഉദ്യോഗസ്ഥയായ നര്‍മദ റായി എന്ന കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒരു മുഴം മുന്നേ നടക്കുന്ന പ്രോഗ്രസീവ് കഥാപാത്രമാണ് നയന്‍താരയുടേത്. ഗര്‍ഭിണിയായപ്പോള്‍ അബോഷന്‍ ചെയ്യാമെന്ന് പറഞ്ഞ കാമുകനെ ഉപേക്ഷിച്ച് സിംഗിള്‍ പേരന്റാവാന്‍ തീരുമാനിച്ച സ്ത്രീയാണവര്‍. നായകനെ ശാരീരികമായി നേരിടുന്ന, ഫൈറ്റ് ചെയ്യുന്ന ഒരു മാസ് നായിക. പത്താനിലെ ദീപികക്ക് ശേഷം ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ സ്ത്രീ മാസ് കാണിക്കുന്നല്ലോ സംതൃപ്തിയോടെയാണ് ആദ്യ പകുതി തിയേറ്ററില്‍ കണ്ടത്.

എന്നാല്‍ അതേ കഥാപാത്രം തന്നെ പിന്നീട് പറയുകയാണ്, തന്റെ കുട്ടിക്ക് അച്ഛന്‍ വേണമെന്നും അച്ഛന്‍ എന്ന് പറയുന്നത് മക്കള്‍ക്ക് ധൈര്യമാണെന്നും. ഒരു സ്ത്രീ എത്രയൊക്കെ പരിശ്രമങ്ങള്‍ ചെയ്താലും കുടുംബം നോക്കുന്ന ആണിനോളം എത്തില്ല എന്നാണോ അറ്റ്‌ലി പറയാനുദ്ദേശിക്കുന്നത്. അതോ അദ്ദേഹത്തിന്റെ വീക്ക് പോയിന്റായ ‘അപ്പാ സെന്റിമെന്റ്‌സ’ ആണോ വര്‍ക്ക് ചെയ്തത്.

ഫസ്റ്റ്ഹാഫിലെ പരാക്രമങ്ങള്‍ കണ്ടപ്പോള്‍ ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി നര്‍മദ ഉണ്ടാവുമെന്നും നായകനുമായി ടോം ആന്‍ഡ് ജെറി ഗെയിം കാണാമെന്നുമൊക്കെയുള്ള പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നു. അവിയല്‍ പരുവത്തില്‍ രൂപപ്പെടുത്തിയ സിനിമയില്‍ വ്യക്തമായ ക്യാരക്ടര്‍ ആര്‍ക്ക് ഇല്ലാത്ത ഒരു അവിയല്‍ കഥാപാത്രമായി നര്‍മദ റായി.

നര്‍മദയും ആസാദും തമ്മില്‍ ഒറ്റദിവസത്തില്‍ പൊട്ടിമുളച്ച പ്രണയവും കണ്‍വിന്‍സിങ്ങാവുന്നുണ്ടായിരുന്നില്ല. ആദ്യ പാതിയില്‍ നിറഞ്ഞ് നിന്ന നയന്‍താരക്കും ആസാദിന്റെ ഗേള്‍സ് ഗ്യാങ്ങിനും സെക്കന്റ് ഹാഫില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സെക്കന്റ് ഹാഫില്‍ ആണ്‍ ആഘോഷ ഫോര്‍മാറ്റിലേക്ക് തന്നെയാണ് ജവാനും സഞ്ചരിച്ചത്. ജവാനിലെ അറ്റ്‌ലിയുടെ സ്ത്രീ ശാക്തീകരണം ബിഗിലിലേത് പോലെ തന്നെ ഒരു നനഞ്ഞ പടക്കമായി.

Content Highlight: Write up about the character of Nayanthara in jawan

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.