| Thursday, 27th October 2022, 6:57 pm

10 വര്‍ഷത്തെ സിനിമാ യാത്ര; ടൊവിനോയിലെ നടനും സ്റ്റാറും

അമൃത ടി. സുരേഷ്

‘അവനൊരു ആഗ്രഹത്തിന്റെ സന്തതിയാണ്. അവന്‍ സ്റ്റാറാവുമെന്നുള്ള കാര്യം ഞങ്ങള്‍ക്കെല്ലാവര്‍ക്കും നൂറ് ശതമാനം ഉറപ്പായിരുന്നു,’ ടൊവിനോയെ പറ്റി സുഹൃത്തായ സംവിധായകന്‍ ആര്‍.ജെ മാത്തുക്കുട്ടി പറഞ്ഞ വാക്കുകളാണിത്.

ഇന്ന് മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ് ടൊവിനോ. അദ്ദേഹം തന്റെ സിനിമാ ജീവിതം തുടങ്ങിയിട്ട് കഴിഞ്ഞ ദിവസം 10 വര്‍ഷം പിന്നിടുകയാണ്. 2012 ഒക്ടോബര്‍ 26നാണ് ടൊവിനോയുടെ ആദ്യചിത്രമായ പ്രഭുവിന്റെ മക്കള്‍ റിലീസ് ചെയ്യുന്നത്.

നിലവില്‍ മലയാളത്തിലെ മുന്‍നിരയുതാരങ്ങളെ എടുത്തുനോക്കിയാല്‍ ദുല്‍ഖര്‍, നിവിന്‍, ഫഹദ് ഫാസില്‍, എന്നിങ്ങനെ ലിസ്റ്റ് പോകും. കുറച്ച് കൂടി സീനിയര്‍ താരങ്ങളെ നോക്കുകയാണെങ്കില്‍ ആസിഫ് അലി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരും വരും. ഈ താരങ്ങളെല്ലാം നായകന്മാരായാണ് തങ്ങളുടെ സിനിമാ ജീവിതം തുടങ്ങിയത്. ടൊവിനോയാവട്ടെ ചെറിയ വേഷത്തില്‍ തുടങ്ങി വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു സിനിമയില്‍ നായകനാവുന്നത്. പിന്തിരിഞ്ഞ് നോക്കുമ്പോള്‍ അഭിമാനമുണ്ടാക്കുന്ന ഒരു യാത്ര ടൊവിനോക്ക് അവകാശപ്പെടാനുണ്ട്.

2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്ക് ടൊവിനോ എത്തുന്നത്. വിനയ് ഫോര്‍ട്ട്, ജിജോയ് എന്നിവര്‍ നായകന്മാരായ ചിത്രത്തില്‍ ചെഗുവേര സുധീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം തീവ്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടാറായും ടൊവിനോ വര്‍ക്ക് ചെയ്തിട്ടുണ്ട്.

ആദ്യകാലങ്ങളില്‍ ഏതൊരു സിനിമാ മോഹിയേയും പോലെ മാക്‌സിമം സിനിമകളില്‍ അഭിനയിച്ച് തന്റെ മുഖം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ടൊവിനോയും ശ്രമിച്ചിട്ടുള്ളത്. എ.ബി.സിഡി, സെവന്‍ത് ഡേ, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകളൊക്കെ ചെയ്യുന്ന സമയത്ത് സിനിമയില്‍ ചുവടുറപ്പിക്കാനാണ് അദ്ദേഹം നോക്കിയത്. 2016ല്‍ പുറത്ത് വന്ന ഗപ്പി എന്ന സിനിമയിലൂടെയാണ് ടൊവിനോ എന്ന നടന്റെ റേഞ്ച് നോട്ടീസ് ചെയ്യപ്പെടുന്നത്. ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ടൊറന്റിലെത്തിയതോടെ വന്‍ജനപ്രീതിയാണ് നേടിയത്.

ടൊവിനോക്ക് സോളോ തിയേറ്റര്‍ ഹിറ്റ് നല്‍കിയ ഒരു മെക്‌സിക്കന്‍ അപാരത മുതലാണ് അദ്ദേഹം ഒരു താരമെന്ന നിലയിലേക്ക് ഉയരുന്നത്. ഗോദ, മായാനദി എന്നീ ചിത്രങ്ങളുടെ വിജയം ആ സ്ഥാനം ഊട്ടി ഉറപ്പിച്ചു. തരംഗം പോലെയുള്ള പരീക്ഷണ ചിത്രങ്ങളും ഈ സമയത്ത് ടൊവിനോ ചെയ്യുന്നുണ്ടായിരുന്നു.

ഒരു കുപ്രസിദ്ധ പയ്യനാണ് അഭിനേതാവ് എന്ന നിലയില്‍ ടൊവിനോയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയത്. ഇക്കാലത്ത് തന്നെ വന്ന തീവണ്ടി, മറഡോണ, എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങള്‍ സേഫ് സോണിലുള്ളതായിരുന്നു. കുപ്രസിദ്ധ പയ്യനിലെ അജയന്‍ ടൊവിനോയുടെ ഭാഗത്ത് നിന്നുമുള്ള നല്ല ഒരു പരിശ്രമമായിരുന്നെങ്കിലും അപാകതകളുണ്ടായി.

2018ന്റെ ഒടുക്കത്തിലും 2019ന്റെ തുടക്കത്തിലും മാരി 2, ലൂസിഫര്‍, ഉയരെ, വൈറസ് എന്നീ സിനിമകളിലൂടെ നായകനല്ലെങ്കിലും പ്രധാനകഥാപാത്രങ്ങളായി ടൊവിനോ എത്തി. പിന്നീടങ്ങോട്ട് വിജയപരാജയങ്ങളിലൂടൊണ് അദ്ദേഹം കടന്നുപോയത്.

ലോക്ക്ഡൗണില്‍ കള എന്ന പരീക്ഷണ ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ടൊവിനോക്കായി. കാണേക്കാണെ എന്ന ചിത്രത്തിനും കയ്യടികള്‍ ഉയര്‍ന്നു.

ഇതിന് പിന്നാലെയാണ് മിന്നല്‍ മുരളി വരുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ അംഗീകാരം നേടിയ ചിത്രം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തു. ഇത്ര വലിയ വിജയം നേടിയ ചിത്രത്തിന് ശേഷവും ടൊവിനോ വഴിമാറിത്തന്നെയാണ് സഞ്ചരിച്ചത്. മിന്നല്‍ മുരളിക്ക് തൊട്ടുപിന്നാലെ വന്ന ടൊവിനോ ചിത്രങ്ങള്‍ നാരദന്‍, വാശി, ഡിയര്‍ ഫ്രണ്ട്. എന്നിവയാണ്. ഇതില്‍ നാരദനും ഡിയര്‍ ഫ്രണ്ടും തിയേറ്റര്‍ പരാജയങ്ങളായി. ഡിയര്‍ ഫ്രണ്ട് ഒ.ടി.ടിയിലെത്തിതോടെ കഥ മാറി. വരും കാലങ്ങളിലും പലരീതിയിലും പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.

മിന്നല്‍ മുരളിക്ക് ശേഷം സമാനമായി ബോളിവുഡില്‍ നിന്ന് പോലും ടൊവിനോയ്ക്ക് ഓഫറുകള്‍ വന്നതാണ്. എന്നാല്‍ തന്നിലെ നടനെ തേച്ചുമിനുക്കാനാഗ്രഹിച്ച ടൊവിനോ റിസ്‌ക്കെടുക്കാനാണ് വീണ്ടും താല്‍പര്യപ്പെട്ടത്. ഒടുവില്‍ തല്ലുമാലയിലെത്തി നില്‍ക്കുകയാണ് ടൊവിനോയുടെ ജൈത്രയാത്ര. സേഫ്‌സോണല്ലാത്ത ഡാന്‍സിലും ഒപ്പം ഫൈറ്റിലും താരത്തിന്റെ പെര്‍ഫോമന്‍സ് കണ്ട് പ്രേക്ഷകരൊന്നടങ്കം കയ്യടിച്ചു.

തന്നിലെ നടനിലെ തേച്ചുമിനുക്കാനാഗ്രഹിക്കുന്ന കലാകാരനാണ് ടൊവിനോ. അതിനായി അദ്ദേഹം പരിശ്രമങ്ങളും കഠിനാധ്വാനവുമാണ് ഈ വളര്‍ച്ചക്ക് പിന്നില്‍. അതിനപ്പുറം ആളുകളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും ആവശ്യമുള്ള സമയങ്ങളില്‍ എടുക്കുന്ന ശക്തമായ നിലപാടുകളും ടൊവിനോയെ വ്യത്യസ്താനാക്കി തീര്‍ക്കുന്നു.

Content Highlight: write up about the 10 years of tovino thomas in cinema

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more