Spoiler Alert
മജുവിന്റെ സംവിധാനത്തില്‍ സണ്ണി വെയ്ന്‍, അലന്‍സിയര്‍, പോളി വില്‍സണ്‍, അനന്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ അപ്പന്‍ ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്തത്. അപ്പനെകൊണ്ടുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന മകനേയും ഭാര്യയേയും മരുമകളേയുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.
അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്ന ഒന്ന്. സണ്ണി വെയ്ന്‍, അലന്‍സിയര്‍ പോളി വില്‍സണ്‍ എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത്. ഇതിന് പുറമേ ചെറിയ വേഷത്തില്‍ വന്നവര്‍ പോലും മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.
ഇട്ടിച്ചനാണ് കഥയുടെ കേന്ദ്രബിന്ദു. പ്രായമായി കിടപ്പിലായിട്ടും ഇട്ടിച്ചനെക്കൊണ്ട് വീട്ടുകാര്‍ക്ക് ഇരിക്കപ്പൊറുതിയില്ല. ഇട്ടിച്ചനായി അലന്‍സിയര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുറച്ച് സമയത്തേക്ക് ചിത്രത്തിലെത്തുന്ന കഥാപാത്രങ്ങള്‍ക്ക് പോലും വളരെ ഇന്റന്‍സായ ക്യാരക്ടറൈസേഷനാണ് കൊടുത്തിരിക്കുന്നത്.
ചിത്രത്തിലെ നിര്‍ണായകമായ കഥാപാത്രങ്ങളാണ് ഷീലയും വര്‍ഗീസും ജോണ്‍സണും. ഇട്ടിച്ചായന്റെ അനേകം വിവാഹേതര ബന്ധങ്ങളില്‍ ഒന്നാണ് ഷീല. ഇട്ടിച്ചന്റെ മകളാവാനുള്ള പ്രായമേ ഷീലക്കുള്ളൂ. വയനാട്ടില്‍ നിന്നും ഇട്ടിച്ചന്‍ കൊണ്ടുവന്ന് വീടിനടുത്ത് തന്നെ പാര്‍പ്പിച്ചിരിക്കുകയാണ് ഷീലയെ. കിടപ്പിലായിട്ടും അവളോടുള്ള അയാളുടെ ആശ മാറിയിട്ടില്ല. ഷീലയുടെ പല ലെയറുകള്‍ ചിത്രത്തില്‍ കാണാം. തുടക്കത്തില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ചില മാനങ്ങള്‍ കൂടി ഷീലയില്‍ കാണാനാവും.
മറ്റൊരാള്‍ ജോണ്‍സണാണ്. സിനിമയുടെ പല ഭാഗത്തായി ജോണ്‍സണ്‍ കടന്നുവരുന്നുണ്ട്. തീര്‍ത്താല്‍ തീരാത്ത അമര്‍ഷമാണ് ജോണ്‍സണ് ഇട്ടിയോട്. ഇട്ടി കാരണം അയാള്‍ ഒരു വിവാഹം പോലും നടക്കുന്നില്ല. എന്നാല്‍ ജോണ്‍സണ് എന്തുകൊണ്ടാണ് ഇട്ടിയോട് ഇത്രയും പകയെന്ന് വ്യക്തമായി പറയുന്നില്ല. സണ്ണി വെയ്ന്‍ അവതരിപ്പിച്ച മകനായ ഞൂഞ്ഞിന്റെ ഒരു ചോദ്യത്തിലൂടെയാണ് ഇതിന്റെ കാരണം കാണുന്ന പ്രേക്ഷകര്‍ക്കും പിടികിട്ടുന്നത്.
ഇട്ടിയുടെ സന്തതസഹചാരിയായ വര്‍ഗീസിന്റെ മുഖവും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. ഇട്ടിയുടെ സര്‍വകൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്നത് വര്‍ഗീസാണ്. വര്‍ഗീസിന്റെ വിസിലടി ചിത്രം കഴിഞ്ഞാലും പ്രേക്ഷകരുടെ ചെവിയില്‍ നില്‍ക്കും. ദുരന്തപര്യവസായിയാകാനാണ് വര്‍ഗീസിന്റെ വിധി.
രാധിക രാധാകൃഷ്ണന്‍, ഷംസുദ്ദീന്‍ മറത്തൊടി, അനില്‍ കെ. ശിവറാം എന്നിവരാണ് ഷീല, ജോണ്‍സണ്‍, വര്‍ഗീസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചില സിനിമകളിലെ ചെറിയ വേഷങ്ങളില്‍ കണ്ടിട്ടുള്ള ഇവര്‍ പ്രേക്ഷകര്‍ക്ക് അത്ര പരിചിതമായ മുഖമായിരിക്കില്ല. എന്നാല്‍ ചിത്രം കണ്ടുകഴിഞ്ഞാലും ഇവരുടെ മുഖം മറക്കാനുമാവില്ല.
Content Highlight: write up about sheela, johnson and varghese in appan movie