ക്രൂശിച്ചവര്‍ക്കും പുച്ഛിച്ചവര്‍ക്കുമുള്ള മറുപടി; നിങ്ങള്‍ ഒരു ചാമ്പ്യനാണ് റിഷബ് പന്ത്
Sports News
ക്രൂശിച്ചവര്‍ക്കും പുച്ഛിച്ചവര്‍ക്കുമുള്ള മറുപടി; നിങ്ങള്‍ ഒരു ചാമ്പ്യനാണ് റിഷബ് പന്ത്
മുഹമ്മദ് ഫിജാസ്
Friday, 1st July 2022, 11:59 pm

നേരത്തെ മാറ്റിവെച്ച ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറിയിരുന്നു. ഒരുപാട് പ്രതീക്ഷയോടെ ബാറ്റിങ്ങിന് ഇറങ്ങിയ പല താരങ്ങള്‍ക്കും ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല. 98 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് ഇന്ത്യന്‍ വിക്കറ്റുകളാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ കൊയ്തത്.

എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ റിഷബ് പന്തിന്റെ മുന്നില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഉത്തരം ഇല്ലാതെ നില്‍ക്കുകയാണ്. മുന്നേറ്റനിര തകരുമ്പോഴെല്ലാം പന്ത് ഇന്ത്യന്‍ ടീമിനെ പലകുറി രക്ഷിച്ചിട്ടുണ്ട്. ഓവര്‍സീസ് കണ്ടീഷനിലെ അദ്ദേഹത്തിന്റെ നാലാം സെഞ്ച്വറിയാണ് ഈ ഇന്നിങ്ങ്‌സില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഓവര്‍സീസില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി അടിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും പന്താണ്.

23 മത്സരത്തില്‍ നിന്നാണ് അദ്ദേഹം നാല് സെഞ്ച്വറി അടിച്ചത്. ബാക്കി കീപ്പര്‍മാരെല്ലാം കൂടി ആകെ നേടിയത് 260 മത്സരത്തില്‍ നിന്ന് നാല് സെഞ്ച്വറികളാണ്.

പരമ്പരക്ക് മുന്നോടിയായി ഒരുപാട് വിമര്‍ശനങ്ങളാണ് പന്തിനെ തേടിയെത്തിയിരുന്നത്. ‘ഇവനെയൊക്കെ എന്തിനാണ് ടീമില്‍ കളിപ്പിക്കുന്നത്, ഇവന് പക്വതയുണ്ടോ’ എന്നൊക്കെ പല ചോദ്യങ്ങളാണ് അദ്ദേഹത്തിന് നേരെ ഉയര്‍ന്നിരുന്നത്.

എന്നാല്‍ ഇതിനെല്ലാമുള്ള മറുപടി ഈ ഇന്നിങ്ങ്‌സില്‍ ബാറ്റുകൊണ്ട് നല്‍കിയിരിക്കുകയാണ് പന്ത്. കാരണം അദ്ദേഹം ചാമ്പ്യന്‍ കളിക്കാരനാണ്. എന്തിനെയും അഗ്രസീവായി നേരിടുന്ന, വെല്ലുവിളികളെ ഭയമില്ലാതെ കാണുന്ന കളിക്കാരനാണ് റിഷബ് പന്ത്.

അതിപ്പോള്‍ കളിക്കളത്തില്‍ എതിരെ നില്‍ക്കുന്നവന്‍ ആയാലും വിരോധികളായാലും. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പന്തിനേക്കാള്‍ വലിയ മാച്ച് വിന്നര്‍ ഇല്ല എന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കും. അതുകൊണ്ടുതന്നെ പന്ത് തന്റെ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുണ്ടാകും.