| Saturday, 29th October 2022, 11:18 pm

'കുറച്ച് ദേഷ്യമുണ്ടന്നേയുള്ളൂ, അല്ലെങ്കില്‍ അവന്‍ പാവമാ'; രാജേഷിന്റെ അമ്മ സൂപ്പറാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

ആണധികാരത്തിന്റെ അപ്രമാദിത്യത്തില്‍ നില്‍ക്കുന്ന സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വിവേചനങ്ങളെ തുറന്ന് കാണിക്കുന്ന സിനിമയാണ് ജയ ജയ ജയ ജയഹേ. ജയഭാരതിയിലൂടെയാണ് സിനിമ മുന്നേറുന്നത്. ജനനം മുതല്‍ അവള്‍ പെണ്ണെന്ന നിലയില്‍ പല വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ടോക്‌സിക്കായ മാതാപിതാക്കള്‍ ചേട്ടനേയും അവളേയും രണ്ട് രീതിയിലാണ് ട്രീറ്റ് ചെയ്യുന്നത്.

തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ജയ തുറന്ന് പറയുമ്പോള്‍ അവളെ എതിര്‍ക്കാന്‍ വീട്ടുകാര്‍ ഒന്നടങ്കം എത്തുകയാണ്. അക്കൂട്ടത്തില്‍ അവളുടെ അമ്മയും അമ്മായിയമ്മയുമുണ്ട്. സ്ത്രീകളായിട്ടും ഇവര്‍ തങ്ങളുടെ മകളെ/ മരുമകളെ അവളുടെ ഇഷ്ടത്തിന് വിടുന്നില്ല. അതിന് കാരണം ഇവരും പാട്രിയാര്‍ക്കിയുടെ ഉല്‍പ്പന്നങ്ങളാണെന്നതാണ്. ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ സാധിച്ചുകൊടുക്കുന്നവരാണ് ഭാര്യ, അയാള്‍ ഭാര്യയെ ഒന്ന് തല്ലിയാലും അത് വലിയ പ്രശ്‌നമുള്ള കാര്യമല്ല, ഇങ്ങനെയാണ് ആണ്‍കോയ്മ ഈ അമ്മമാരുടെ തലയിലേക്ക് പാട്രിയാര്‍ക്കല്‍ സമൂഹം ഇന്‍ജെക്ട് ചെയ്തിരിക്കുന്നത്.

രാജേഷിന്റെ അമ്മയാണ് സിനിമയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു കഥാപാത്രം. പെണ്ണുകാണാന്‍ വരുമ്പോള്‍ മകന്റെ ദൂഷ്യസ്വഭാവങ്ങളെല്ലാം മറച്ചുപിടിച്ച് കല്യാണം കഴിയുമ്പോള്‍ തഞ്ചത്തില്‍ അത് മരുമകളോട് പറയുന്ന അമ്മായിയമ്മയാണ് അവര്‍. മരുമകളുടെ കുറ്റം തുടങ്ങിവെച്ച് ബാക്കിയുള്ളവരുടെ വായിലിരിക്കുന്നത് കൂടി കേള്‍പ്പിച്ച് കഴിഞ്ഞാല്‍ അവളെ സപ്പോര്‍ട്ട് ചെയ്തു കൂടെ നില്‍ക്കുന്ന ഒരു പ്രത്യേകതരം സ്വഭാവമാണ് അവര്‍ക്ക്.

മകന്‍ ചെയ്യുന്ന ഡൊമെസ്റ്റിക് വയലന്‍സുകളെല്ലാം അമ്മായിയമ്മക്ക് വളരെ നോര്‍മലായ കാര്യമാണ്. അവരുടെ കണ്ണില്‍ മകന് കുറച്ച് ദേഷ്യമുണ്ടന്നേയുള്ളൂ, പക്ഷേ പഞ്ചപ്പാവമാണ്. അതേസമയം തന്നെ മകന്റെ ഡൊമസ്റ്റിക് വയലന്‍സിന്റെ ഇരയാണ് അവരും. അവന്റെ വാശികള്‍ അവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. രാജേഷിന്റെ അച്ഛന്റെ പീഡനങ്ങള്‍ അനുഭവിച്ചാണ് അവരും ഈ നിലയിലായത്. അപ്പനെ വെച്ച് നോക്കുമ്പോള്‍ മകന്‍ എത്രയോ ഭേദമെന്നാണ് അവര്‍ ചിന്തിക്കുന്നത്.

അമ്മായിയമ്മ കഥാപാത്രത്തെ അവതരിപ്പിച്ച നടി വളരെ മനോഹരമായാണ് തന്റെ പോര്‍ഷന്‍സ് ചെയ്തുവെച്ചിരിക്കുന്നത്. ചിത്രം കണ്ടതിന് ശേഷവും പ്രേക്ഷകര്‍ ഓര്‍ക്കുന്ന കഥാപാത്രമാവും ഇത്.

Content Highlight: write up about rajesh’s mother in jaya jaya jaya jayahey

We use cookies to give you the best possible experience. Learn more