കാലം ഇനിയും മുന്നോട്ടു നീങ്ങും ഒരുപാട് ക്യാപ്റ്റന്‍മാര്‍ ഇനിയും ഇന്ത്യയെ നയിക്കും പക്ഷെ അയാളെ പോലെ അയാള്‍ മാത്രം!
Cricket
കാലം ഇനിയും മുന്നോട്ടു നീങ്ങും ഒരുപാട് ക്യാപ്റ്റന്‍മാര്‍ ഇനിയും ഇന്ത്യയെ നയിക്കും പക്ഷെ അയാളെ പോലെ അയാള്‍ മാത്രം!
മുഹമ്മദ് ഫിജാസ്
Thursday, 7th July 2022, 3:15 pm

ലോകം കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനാരാണെന്ന് ചോദിച്ചാല്‍ ഒരുപാട് ഉത്തരങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടാകും. പ്രഥമ ലോകകപ്പ് നേടിയ വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈവ് ലോയ്ഡും ഓസ്‌ട്രേലിയയെ എക്കാലത്തെയും മികച്ച ടീമാക്കി മാറ്റിയ റിക്കി പോണ്ടിങ്ങും ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച കപില്‍ ദേവുമെല്ലാം ഈ ലിസ്റ്റിലുണ്ടാകും.

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ അര്‍ജുന രണതുംഗയും, തകര്‍ന്ന് കിടക്കുന്ന ഇന്ത്യന്‍ ടീമിനെ ഉയര്‍ത്തേഴുന്നേല്‍പ്പിച്ച സൗരവ് ഗാംഗുലിയുമെല്ലാം ആരാധകരുടെ ഇടയില്‍ ഒരുപാട് സ്വാധീനമുള്ള ക്യാപ്റ്റന്‍മാരാണ്.

എന്നാല്‍ ഒരു ക്യാപ്റ്റന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓരോ ക്രിക്കറ്റ് ആരാധകരുടെയും മനസില്‍ വരുന്ന ആദ്യത്തെ പേര് മഹേന്ദ്ര സിങ് ധോണിയുടേതായിരിക്കും. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിനെ ടോപ്പില്‍ എത്തിച്ച ധോണിയല്ലാതെ ആരാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകന്‍.

നിങ്ങള്‍ക്കൊരു നല്ല ടീം ഉണ്ടെങ്കില്‍ ഒരുപാട് മത്സരങ്ങള്‍ വിജയിക്കാന്‍ സാധിക്കും. എന്നാല്‍ ഒരു മികച്ച അല്ലെങ്കില്‍ എക്‌സ്ട്രാ ഓര്‍ഡിനറി നായകന്‍ ഇല്ലെങ്കില്‍ ഒരിക്കലും വലിയ ടൂര്‍ണമെന്റുകള്‍ വിജയിക്കാന്‍ സാധിക്കില്ല. ധോണി നായകസ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് ശേഷം ഇതുവരെ ഇന്ത്യ ഐ.സി.സി.ഐയുടെ ഒരു ട്രോഫിയും നേടിയിട്ടില്ല എന്നത് കയ്പ്പുള്ളൊരു വാസ്തവമാണ്.

ധോണിയുടെ നേതൃത്വ രീതി ഒരേസമയം സിംപിളും സങ്കീര്‍ണത നിറഞ്ഞതുമാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അതിന്റെ റിസള്‍ട്ട് കിട്ടുന്നതുവരെ ചിലപ്പോള്‍ മനസിലാകില്ല. അത്തരത്തിലുള്ള ഒരുപാട് നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിലേക്ക് തിരിഞ്ഞുനോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കും.

വളരെ ബേസിക്കായിട്ടുള്ള കാര്യങ്ങള്‍ വെച്ചാണ് അദ്ദേഹം മത്സരങ്ങള്‍ വിജയിക്കാറുള്ളത്. ഉദാഹരണത്തിന് ഫീല്‍ഡ് ചെയ്യുക, ക്യാച്ച് എടുക്കുക, ത്രോ എറിയുക എന്ന ബേസിക്കായിട്ടുള്ള കാര്യങ്ങള്‍ ടീമില്‍ നടന്നുപോകണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുത്താലൊ ബാറ്റര്‍മാര്‍ പെട്ടെന്ന് ഔട്ടായി പോയാലൊ അദ്ദേഹം സ്ഥിരം കൂള്‍ ശൈലിയില്‍ തന്നെ നില്‍ക്കും. എന്നാല്‍ മിസ്ഫീല്‍ഡുകളും ക്യാച്ചുകള്‍ മിസ്സാമ്പോഴും തന്റെ കൂള്‍നെസ് അദ്ദേഹം വെടിയാറുണ്ട്.

 

മത്സരങ്ങളില്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ച് വിജയങ്ങള്‍ കൊയ്താല്‍ മികച്ച ക്യാപ്റ്റന്‍മാരാകാം. ഒരു ടീമിനെ മാറ്റി ചിന്തിപ്പിച്ച് അടുത്ത തലമുറയെകൂടെ വാര്‍ത്തെടുത്താല്‍ നിങ്ങള്‍ മികച്ചവരില്‍ മികച്ചതാകും. ധോണിയുടെ പല തീരുമാനങ്ങളും അങ്ങനെയുള്ളവയാണ്.

സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്താനും പുതിയ താരങ്ങള്‍ക്ക് അവസരം കൊടുക്കാനും അദ്ദേഹമെടുത്ത തീരുമാനമാണ് ഇന്ന് കാണുന്ന ഇന്ത്യന്‍ ടീം. 2012 ഇന്ത്യ-ഓസ്‌ട്രേലിയ-ശ്രീലങ്ക എന്നീ ടീമുകള്‍ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരക്കിടയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നീ സീനിയര്‍ താരങ്ങളെ ടീമില്‍ ഒരുമിച്ച് കളിപ്പിക്കാത്തതിന് ധോണിക്ക് നേരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്തുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്തത് എന്ന ചോദ്യത്തിന് സീനിയര്‍ താരങ്ങള്‍ ഫീല്‍ഡില്‍ സ്ലോ ആണെന്നും അതുകൊണ്ടാണ് മാറ്റിയതെന്നും യാതൊരു മടിയുമില്ലാതെ അദ്ദേഹം പറഞ്ഞിരുന്നു. ഇതുകൂടെയായപ്പോള്‍ അന്ന് ധോണിയെ ഇന്ത്യന്‍ ആരാധകര്‍ തന്നെ തള്ളിപറഞ്ഞിരുന്നു.

കുറച്ചു കാലം കഴിഞ്ഞപ്പോള്‍ എത്ര വലിയ ടാലെന്റാണെങ്കിലും ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ ലഭിക്കണമെങ്കില്‍ യോയോ ടെസ്റ്റ് പാസായി ഫിറ്റ്‌നസ് തെളിയിക്കണമെന്നായി, ഇപ്പോഴും അത് തുടരുന്നു. അന്ന് ധോണിയും ചെയ്തത് ഇത് തന്നെയായിരുന്നു സീനിയര്‍ താരങ്ങളായ സച്ചിനും സെവാഗുമടങ്ങുന്നവരെ ഫിറ്റ്‌നസ് ഇല്ലെന്ന് പറഞ്ഞു ടീമില്‍ നിന്നും മാറ്റി നിര്‍ത്തി.

പിന്നീട് സെവാഗ്-ഗംഭീര്‍ എന്നിവര്‍ക്ക് പകരം രോഹിത്-ധവാന്‍ എന്നിവരെ ഓപ്പണര്‍മാരാക്കിയതും അതിനെതിരെ വന്ന എതിര്‍പ്പൊന്നും മുഖവിലക്കെടുക്കാതെ 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിപ്പിച്ചതൊക്കെയും അദ്ദേഹത്തിന്റെ ധീരമായ തീരുമാനങ്ങളാണ്.

ധോണിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിലൊന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനപ്പുറം ചിന്തിക്കുക എന്നുള്ളത്. ഈ തീരുമാനങ്ങളെല്ലാം അത്തരത്തിലുള്ളതാണ്.

താന്‍ കളിക്കുന്നത് കേവലം സ്റ്റേഡിയത്തിലെ കാണികള്‍ക്ക് വേണ്ടിയല്ല രാജ്യത്തിന് വേണ്ടിയാണെന്ന് ധോണി സമ്മതിച്ചിട്ടുള്ള കാര്യമാണ്. 2007 ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ അവസാന ഓവര്‍ ജോഗിന്ദര്‍ ശര്‍മയെ പന്ത് ഏല്‍പ്പിച്ചതും 2013 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ നിര്‍ണായക ഓവര്‍ ഇഷാന്ത് ശര്‍മക്ക് കൊടുത്തതുമെല്ലാം ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മുഖവിലക്ക് എടുക്കാതെയുള്ള ധീരമായ തീരുമാനങ്ങളാണ്.

2011 ലോകകപ്പിലെ ഇന്ത്യന്‍ ടീം വളരെ മികച്ച ടീമായിരുന്നു എന്നാല്‍ ആ ടീമിന് സമാനമായ ടീമാണ് 2007 ലോകകപ്പ് ടീമും. എന്നാല്‍ 2007 ലോകകപ്പില്‍ ദ്രാവിഡിന്റെ കീഴില്‍ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു. 2011ല്‍ ഒരു മികച്ച ടീമിനെ അദ്ദേഹം ടാക്റ്റിക്കലായി തന്നെ മുന്നോട്ടു കൊണ്ടുപോയി. അപ്പോഴും അദ്ദേഹത്തിന്റെ ബാറ്റിങ്ങിന് നേരെ ഒരുപാട്വി മര്‍ശനങ്ങളുയര്‍ന്നിരുന്നു.

2011ലെ ഫൈനല്‍ എല്ലാത്തിനുമുള്ള മറുപടിയായിരുന്നു. ഒരിക്കലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മറക്കാന്‍ ഇടയില്ലാത്ത രീതിയിലുള്ള ഫോട്ടോ ഫിനിഷ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ലോകകപ്പ് വിജയം അതും ക്യാപ്റ്റന്റെ സിക്‌സറിലൂടെ. ‘Dhoni finishes off in style. A magnificent strike into the crowd! India lift the World Cup after 28 years!,’ എന്ന രവി ശാസ്ത്രിയുടെ വാക്കുകളും ഒരിക്കലും ആര്‍ക്കും മറക്കാനാകില്ല.

തന്റെ അവസാന നാളുകളില്‍ താന്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുക ധോണിയുടെ ആ സിക്‌സറായിരിക്കും എന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്.

ഈ വര്‍ഷം ഇന്ത്യന്‍ ടീം ആറ് വ്യത്യസ്ത നായകന്‍മാരെയാണ് വ്യത്യസ്ത ഫോര്‍മാറ്റിലായി പരീക്ഷിച്ചത്. ഒരു കാലത്ത് എല്ലാ ഫോര്‍മാറ്റിലും ധോണിയായിരുന്നു ഇന്ത്യയുടെ നായകനും ഫിനിഷറും വിക്കറ്റ് കീപ്പറുമെല്ലാം.

ഇനിയും ലോകക്രിക്കറ്റില്‍ ഒരുപാട് മികച്ച നായകന്‍മാര്‍ വരും ഇന്ത്യന്‍ ടീമില്‍ ധോണിയേക്കാള്‍ മുകളില്‍ നില്‍ക്കുന്ന നായകന്‍മാരും വരും അവര്‍ക്കെല്ലാം മാതൃകയാക്കാന്‍ പറ്റിയ പിന്തുടരാന്‍ സാധിക്കുന്ന നായകനായിരിക്കും എല്ലാ കാലത്തും ധോണി. മോഡേണ്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍മാര്‍ക്ക് എന്നും അദ്ദേഹം ഒരു ബെഞ്ച്മാര്‍ക്കായിരിക്കും.

‘ കളത്തിലറങ്ങിയാല്‍ എന്താ ചെയ്യേണ്ടതെന്ന് അദ്ദേഹത്തിനറിയാം, അദ്ദേഹം എന്നും കൂളാണ്. കളത്തിനകത്ത് കടുത്ത തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അദ്ദേഹമായിരിക്കും എന്നും എന്റെ ക്യാപ്റ്റന്‍,’ ഇതാണ് എം.സ്.ഡിയെ കുറിച്ച വിരാട് കോഹ്‌ലി പറഞ്ഞത്.

ഇതുപോലെ ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ലെജന്‍ഡുകള്‍ക്കെല്ലാം ധോണിയാണ് ഹീറോ. ഈ തലമുറയില്‍ ഇന്ത്യന്‍ ജനതയുടെ ഏറ്റവും വലിയ ഹീറോ അത് നിങ്ങള്‍ തന്നെയാണ് എം.എസ്.ഡി!

 

Content Highlights: Write Up about MS Dhoni and his captaincy skills