മമ്മൂട്ടി-നിസാം ബഷീര്‍ കൂട്ടുകെട്ടിലൊരുങ്ങിയ റോഷാക്ക് മികച്ച അഭിപ്രായം നേടുമ്പോള്‍ മലയാളികള്‍ എടുത്ത് പറയുന്ന ഒരു പേര് കൂടിയുണ്ട്, മിഥുന്‍ മുകുന്ദന്‍. റിവഞ്ച് ത്രില്ലര്‍ ഴോണറില്‍ നീങ്ങിക്കൊണ്ടിരുന്ന റോഷാക്കിനെ ബി.ജി.എം കൊണ്ട് വേറെ ലെവലിലെത്തിച്ചിരിക്കുന്നത് മിഥുന്‍ മുകുന്ദനാണ്.
പേര് കേട്ടിട്ടില്ലെങ്കില്‍ പോലും കന്നഡ സിനിമകളെ നിരീക്ഷിക്കുന്നവര്‍ മിഥുന്റെ മ്യൂസിക് ആരാധിച്ചിട്ടുണ്ടാവും. കന്നഡ സിനിമയില്‍ മേക്കിങ്ങിലും കഥയിലും പുതിയൊരു ആസ്വാദനാനുഭവം തന്നെ സൃഷ്ടിച്ച ഗരുഡ ഗമന വൃഷഭ വാഹന കണ്ടവരാരും ഡീമന്‍ ഇന്‍ മീ എന്ന പാട്ട് മറക്കാനിടയില്ല. ഗരുഡ ഗമനയിലൂടെ കന്നഡ ഇന്‍ഡസ്ട്രിയില്‍ ഒരു പ്രകമ്പനം തന്നെ സൃഷ്ടിച്ചു മിഥുന്‍.
രാജ് ബി. ഷെട്ടി ആയിരുന്നു ചിത്രത്തിലെ നായകന്‍. അദ്ദേഹത്തിന്റെ തന്നെ ഒരു മൊട്ടൈ കഥ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും മിഥുന്‍ തന്നെയായിരുന്നു. ഗരുഡ ഗമനയില്‍ നിന്നും തികച്ചും വ്യത്യസ്തമായി കോമഡി ട്രാക്കിലായിരുന്നു മൊട്ടൈ കഥ മുന്നോട്ട് പോകുന്നത്. ട്രാക്ക് മാറ്റിയ മിഥുന്റെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തില്‍ മിഥുന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. അരങ്ങേറ്റത്തില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ മിഥുനായിട്ടുണ്ട്. ഇംഗ്ലീഷ് വരികള്‍ കൂടിച്ചേര്‍ന്ന് ഹോളിവുഡ് ടച്ചിലാണ് ചിത്രത്തിന്റെ ബി.ജി.എം മിഥുന്‍ രൂപീകരിച്ചിരിക്കുന്നത്. ചിത്രം ഹോളിവുഡ് ലെവലിലേക്ക് എത്തി എന്ന് പ്രേക്ഷകര്‍ പറയുന്നുണ്ടെങ്കില്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചിരിക്കുന്നത് മിഥുന്റെ മ്യൂസിക്കാണ്.