| Saturday, 14th May 2022, 3:28 pm

''സ്വന്തം ഭക്ഷണം കൂട്ടുകാര്‍ക്ക് കൊടുത്താലും അവര്‍ തരുന്നത് കഴിക്കാന്‍ പാടില്ലെന്ന് മകനോട് നിര്‍ദ്ദേശിക്കുന്നത് എന്തുകൊണ്ടാണ്?''

അജയ് ബാലചന്ദ്രന്‍

പുഴു കണ്ടു. കുറേ റിവ്യൂ വായിച്ചു. ഒരുപാട് വിഷയങ്ങള്‍ ഒരുമിച്ച് പറയാന്‍ ശ്രമിക്കുന്നു എന്നാണ് പ്രധാന പോരായ്മയായി ആള്‍ക്കാര്‍ കാണുന്നത്. എനിക്ക് അങ്ങനെ തോന്നിയില്ല.

സിനിമയില്‍ എന്റെ നോട്ടത്തില്‍ ഒറ്റ വിഷയമേ ഉള്ളൂ.

സ്വന്തം ഭക്ഷണം കൂട്ടുകാര്‍ക്ക് കൊടുത്താലും അവര്‍ തരുന്ന ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന് മകനോട് നിര്‍ദ്ദേശിക്കുന്നത് എന്തുകൊണ്ടാണ്?

മകനെ ടീം എന്ന രീതിയില്‍ കളിക്കുന്ന (പരസ്പരം ശരീരത്ത് സ്പര്‍ശിക്കുന്ന) ഒരു കളിയില്‍ പങ്കെടുക്കാന്‍ അനുവദിക്കായ്ക എന്തുകൊണ്ടാണ്?

മകന്റെ വേദന അവഗണിച്ച് പരിക്കില്‍ ദീര്‍ഘനേരം കഴുകുന്നത് എന്ത് അശുദ്ധി മാറ്റാനാണ്?

മകനെ നിര്‍ബന്ധിച്ച് ബുദ്ധി ഉപയോഗിക്കേണ്ട കളിയായ ചെസ് കളിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തുകൊണ്ടാണ്?

നിര്‍ബന്ധിച്ച് ക്ലാസ്സിക്കല്‍ സംഗീതം പഠിപ്പിക്കുന്നതെന്തുകൊണ്ടാണ്? ചുരുക്കിപ്പറഞ്ഞാല്‍ അയാളുടെ ടോക്‌സിക് പേരന്റിങ്ങിന്റെ മുഴുവന്‍ കാരണമെന്താണ്?

ബ്രാഹ്‌മണരും ക്ഷത്രിയരും തുടങ്ങി സവര്‍ണര്‍ മാത്രം താമസിക്കുന്ന ഫ്‌ലാറ്റില്‍ ദളിതന്‍ താമസിക്കാനെത്തുമ്പോള്‍ അസ്വസ്ഥനാവുന്നത് എന്തുകൊണ്ടാണ്?

സഹോദരി ദളിതനെ പ്രണയിക്കുമ്പോള്‍ അവനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ പീഡിപ്പിക്കുകയും കക്കൂസ് കഴുകി ജീവിക്കാന്‍ പറയുകയും ചെയ്യുന്നതെന്തുകൊണ്ടാണ്?

സഹോദരിയുടെയും ദളിതന്‍ ആയ പങ്കാളിയുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞ് അയാളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നതെന്തുകൊണ്ടാണ്?

സംസാരിക്കാനാവാത്ത അമ്മയ്ക്ക് തന്റെ മകളോടുള്ള സ്‌നേഹം തിരിച്ചറിയാന്‍ ആവാതെ അമ്മയ്ക്ക് മകളോട് വെറുപ്പാണ് എന്ന് ഉറച്ച് വിശ്വസിക്കാന്‍ കാരണമെന്താണ്?

വിരമിച്ച ശേഷമുള്ള ജീവിതത്തിലും ഭയം വേട്ടയാടുന്ന തരത്തിലെ ദുഷ്പ്രവൃത്തികള്‍ ഔദ്യോഗിക ജീവിതത്തില്‍ ചെയ്യാന്‍ കാരണമെന്താണ്?

ബിസിനസ് പങ്കാളിയെപ്പോലും വിശ്വസിക്കാത്ത/വിശ്വാസത്തിലെടുക്കാത്ത സ്വഭാവം വന്നുപോയതെന്തുകൊണ്ടാണ്?
എനിക്ക് ഒരുത്തരമേ ഉള്ളൂ.

ജാതിബോധം!

സിനിമ മനുഷ്യന്റെ ഉള്ളില്‍ കടന്നുകയറി ആത്മാവ് തിന്നു തീര്‍ക്കുന്ന ആ പുഴുവിനെപ്പറ്റിയാണ്!

അജയ് ബാലചന്ദ്രന്‍

We use cookies to give you the best possible experience. Learn more