| Saturday, 29th October 2022, 9:12 pm

പറ്റിക്കല്‍ പരിപാടി പുരുഷന്‍ ചെയ്യുമ്പോള്‍ ജനപ്രിയ സിനിമയിലെ നായകന്‍, പെണ്ണ് ചെയ്യുമ്പോള്‍ നെഗറ്റീവ് ഷെയ്ഡ് ഉള്ള തേപ്പുകാരി

തേജു പി തങ്കച്ചൻ

പ്രവാസിയായ ഒരുത്തന്‍ തന്റെ സഹപ്രവര്‍ത്തകയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. ആ പെണ്‍കുട്ടിക്ക് ഇവനേയും ഇഷ്ടമാവുന്നു. പ്രണയം തുടങ്ങി കുറച്ച് നാള്‍ ആയപ്പോഴേക്കും സ്വന്തം ധൂര്‍ത്ത് കാരണം കടക്കാരനാകേണ്ടി വന്ന കാമുകന് കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ നാട്ടിലെത്തി വേറൊരു വിവാഹം കഴിക്കേണ്ടി വരുന്നു. എന്നാല്‍ ഒരു സാമാന്യ മര്യാദയുടെ പേരിലെങ്കിലും അന്യദേശത്ത് തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കാമുകിയെ ഈ വിവരം ഒന്ന് അറിയിക്കാന്‍ പോലും നമ്മുടെ നായകന് തോന്നുന്നില്ല. കൂടെ ജോലി ചെയ്യുന്ന ബാക്കിയുള്ളവര്‍ പറഞ്ഞാണ് കാമുകന്‍ തന്നെ ചതിച്ച കാര്യം ഈ പെണ്‍കുട്ടി അറിയുന്നത്. ഒരു മര്യാദക്കാരിയായത് കൊണ്ടാണോ എന്തോ ഈ കൊച്ച് തന്നെ പറ്റിച്ചവനോട് അതേപ്പറ്റി ഒന്നും ചോദിക്കുന്നില്ല. വേദന അടക്കിപ്പിടിച്ച് ആ പാവം മുന്‍പത്തെ പോലെ പണിയെടുത്ത് ജീവിക്കുന്നു. അപ്പോഴേക്കും നായകന്‍ വീണ്ടും പഴയ പരിപാടി തുടങ്ങുകയായി. ധനികയായ മറ്റൊരു പെണ്‍കുട്ടിയുമായി ഇവന്‍ അടുപ്പം സ്ഥാപിക്കുന്നു.

ആ പെണ്‍കുട്ടിക്ക് കാന്‍സര്‍ ആണെന്ന് പെട്ടെന്നൊരു ദിവസം തിരിച്ചറിഞ്ഞ അവളുടെ കാമുകന്‍ അതിനെ ഇട്ടേച്ച് പോകുന്നു. ഈ ഗ്യാപ്പില്‍ നമ്മുടെ ഹീറോ കേറി സീറ്റ് പിടിക്കും. ഓള്‍റെഡി തകര്‍ന്നിരിക്കുന്ന രോഗിയായ ധനികയോട് താന്‍ വിവാഹിതനാണെന്നുള്ള സത്യം ഇവന്‍ തന്ത്രപൂര്‍വം മറച്ച് വെയ്ക്കും. എന്നിട്ട് ആ പെണ്ണ് ഏറ്റവും വള്‍നെറബിള്‍ ആയി നില്‍ക്കുന്നൊരു നേരത്ത് ഇവന്‍ കൊണ്ടുപോയി ഇവന്റെ സ്ഥിരം മെന്റല്‍ സപ്പോര്‍ട്ട് ഉടായിപ്പ് അവിടെ ഇറക്കും. ഈ കള്ളനെ വിശ്വസിച്ച് ആ പെണ്ണ് ഇവനുമായി സെക്‌സിലേര്‍പ്പെടും. അതിന്റെ അടുത്ത ദിവസം തന്നെ ഇവന്‍ മാരീഡ് ആണെന്ന കാര്യം ഈ പെണ്‍കുട്ടി അറിയുകയും അതിന്റെ രോഗം മൂര്‍ച്ഛിക്കുകയും ചെയ്യും.

ക്രിമിനല്‍ സ്വഭാവം ഉള്ള നായകന്‍(ങാ അത് പറയാന്‍ വിട്ട്.. നമ്മുടെ നായകന്‍ ഒരു ഡോക്ടര്‍ ആണ് കേട്ടോ) ഈ പെണ്ണ് കിടക്കുന്ന വാര്‍ഡില്‍ കേറി അവളുടെ വിലപിടിപ്പുള്ള ആഭരണം മോഷ്ടിക്കും, എന്തിന്, സ്വന്തം കടം വീട്ടാന്‍. അതിന്റെ ഇടയില്‍ ഈ പെണ്‍കുട്ടിയുടെ പെയ്ന്‍ കൂടിയ ഒരു സമയത്ത് ഇവന്‍ അഡ്മിനിസ്റ്റര്‍ ചെയ്യുന്ന മോര്‍ഫീന്‍ ഓവര്‍ഡോസ് ആവുകയും ചെയ്യും. പക്ഷേ ഭീകര ഭാഗ്യമുള്ള നായകന്‍ ഇത്തവണയും നാരോ എസ്‌കേപ്പ് നടത്തും. പകരം ആ കുറ്റം അതേ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന, ഇവന്‍ ആദ്യം പറ്റിച്ച പെണ്‍കുട്ടിയുടെ തലയില്‍ ആവും. കെടുകാര്യസ്ഥതയുടെ പേരില്‍ അതിനെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്യും.

ഈ സമയം കൊണ്ട് നായകന്‍ കുറച്ച് കടങ്ങള്‍ ഒക്കെ വീട്ടി ഒരുവിധം സ്റ്റേബിളാവും. ഇവന്‍ ചതിച്ച കാന്‍സര്‍ രോഗിയായ പെണ്‍കുട്ടിക്ക് മനസലിവ് തോന്നി അവന് മാപ്പും കൊടുക്കും. കഥയിലെ പറ്റിക്കപ്പെട്ട ആദ്യത്തെ പെണ്ണ് ഉള്ള ജോലിയും പോയി നാട്ടിലേക്ക് തിരിച്ച് വണ്ടി കേറാന്‍ നിക്കുമ്പോ നമ്മുടെ ഹീറോ പട്ടി ഷോയുമായി വീണ്ടുമെത്തും, പുള്ളിക്കാരിയെ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാന്‍. എന്നിട്ട് ഫ്‌ളൈറ്റിന് തൊട്ട് മുന്‍പ് ഇവന്‍ ആ പെണ്ണിനെ വിളിച്ചിട്ട് അവളുടെ ബാഗില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഒരു വജ്രാഭരണം(മരിക്കാന്‍ കിടന്ന പെണ്‍കുട്ടിയുടെ കയ്യീന്ന് അടിച്ചു മാറ്റിയത്) വച്ചിട്ടുണ്ടെന്നും അത് കൊണ്ട് പോയി സുഖമായി ജീവിച്ചോളാനും പറഞ്ഞ് മഹാമനസ്‌കന്‍ ആവുന്നു. ഓടെടാ മൈ**# നിന്നെപ്പോലൊരു ഗജഫ്രോഡിന്റെ ഔദാര്യോമെനിക്ക് വേണ്ടടാ എന്ന് പറയുന്നതിന് പകരം നായിക കണ്ണ് നിറഞ്ഞു ആ കള്ളന്റെ സഹായം സ്വീകരിക്കുന്നു.

ശേഷം ഈ കഥകളൊന്നും അറിയാത്ത സ്വന്തം ഭാര്യയായ പൊട്ടിപെണ്ണിനെ മാനിപ്പുലേറ്റ് ചെയ്ത് വശത്താക്കുന്ന നായകനെ കാണിച്ചു കൊണ്ട് ഡയമണ്ട് നെക്ക്‌ലേസ് എന്ന മലയാള സിനിമ അവസാനിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നായകന്റെയും അയാള്‍ നടത്തുന്ന സഹജീവിദ്രോഹത്തിന്റെയും കൂടെ നില്‍ക്കുന്നൊരു സിനിമ.

നായകനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം നായകനായ ഡോക്ടറിന്റെ കണ്ണിലൂടെയാണ് ഈ കഥ പറയപ്പെടുന്നത്. ഒബ്‌ജെക്റ്റീവ് ആയൊരു സ്റ്റാന്‍ഡ് ഈ സിനിമയ്ക്കില്ല.

ഇനി ഇതേ ഫഹദിനെയും അനുശ്രീയുടെയും കഥാപാത്രങ്ങളെ ഒന്ന് സ്വിച്ച് ചെയ്യാം. എന്നിട്ട് അവരെ മഹേഷിന്റെ പ്രതികാരത്തില്‍ കൊണ്ടു പോയി നിര്‍ത്താം. ഡയമണ്ട് നെക്ക്‌ലെയ്‌സില്‍ ഫഹദിന്റെ ഹീറോയ്ക്ക് പറ്റുന്നത് എല്ലാം അബദ്ധങ്ങള്‍ ആണെങ്കില്‍ മഹേഷില്‍ സൗമ്യയ്ക്ക് പറ്റുന്നതും അബദ്ധം തന്നെയല്ലേ? ഫ്രീ വില്‍ എക്‌സര്‍സൈസ് ചെയ്യുകയല്ലേ ആ കഥാപാത്രവും. നിലനില്‍പ്പിനു വേണ്ടി വിവേകിനെ പോലെ കളം മാറ്റിച്ചവുട്ടിയതല്ലേ സൗമ്യയും. എന്നാല്‍ മഹേഷ് നിലകൊള്ളുന്നത് പാവത്താനായ നായകന്റെ കൂടെയാണ്. സൗമ്യയെ എഴുതി വെളുപ്പിച്ചേക്കാം എന്നൊരു ഉദ്ദേശ്യമൊന്നുമില്ല. പറയാന്‍ ഉദ്ദേശിച്ചത് ഒരേ കാര്യം രണ്ട് ജെന്ററില്‍ പെട്ടവര്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന റിസള്‍ട്ടിനെപ്പറ്റിയാണ്.

സംവിധായകന്റെ അല്ലെങ്കില്‍ എഴുത്തുകാരന്റെ സ്വാതന്ത്ര്യം അല്ലേ ഇതെല്ലാം എന്നും ചോദിക്കാം. ശരിയാണ് എല്ലാം ആര്‍ട്ടിസ്റ്റിക്കല്‍ ഫ്രീഡം തന്നെയാണ്. എന്നാല്‍ പറ്റിക്കല്‍ പരിപാടി പുരുഷന്‍ ചെയ്യുമ്പോള്‍ അവന്‍ ജനപ്രിയ സിനിമയിലെ നായകന്‍ ആവുന്നു. അതേ കാര്യം ഒരു പെണ്ണ് ചെയ്യുമ്പോള്‍ അവള്‍ നെഗറ്റീവ് ഷെയ്ഡ് ഉള്ള തേപ്പുകാരിയും ആയി മാറുന്നു. ഓര്‍ക്കണം ഡയമണ്ട് നെക്ക്‌ലെയ്‌സ് ചെയ്തതിന്റെ പേരില്‍, അതായത് കഥയിലെ മൂന്ന് സ്ത്രീകളെ അതിക്രൂരമായി വഞ്ചിച്ച നായകനെ അവതരിപ്പിച്ചതിന്റെ പേരില്‍ ഫഹദ് ഒരിക്കല്‍ പോലും തേപ്പുകാരന്‍ എന്ന വിളി കേട്ടിട്ടില്ല. എന്നാല്‍ ഒരു നടി എന്ന നിലയിലുള്ള ഐഡന്റിറ്റി പോലും അനുശ്രീക്ക് കിട്ടിയതിന് പിന്നില്‍ സൗമ്യ എന്ന തേപ്പുകാരി ക്യാരക്ട്ടറിന് വലിയ റോളുണ്ട്. ഇതിനെയാണ് മെയില്‍ പ്രിവിലേജ് എന്ന് പറയുന്നത്.

നോവിക്കാന്‍ പാടില്ലാത്ത ഒന്നാണ് മെയില്‍ ഈഗോ എന്നൊരു തോന്നല്‍ പല ആണുങ്ങള്‍ക്കും ഇവിടെ ഉള്ളതുകൊണ്ടാണ് അവര്‍ പ്രേമബന്ധത്തിന്റെ കാര്യത്തില്‍ പിടിവാശി കാണിക്കുന്നത്. അതുകൊണ്ടാണ് തന്നെ വേണ്ടെന്ന് വെച്ചതിന് സ്വന്തം കാമുകിയെ പോലും അവര്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നത്. ഈ ലോകത്തിലെ ഏറ്റവും കിടിലന്‍ ഫീലിങ്ങാണു പ്രണയം എന്നിരിക്കെ അതിനകത്തേക്ക് എങ്ങനെയാണ് വയലന്‍സിന്റെ എലമെന്റ് കടന്ന് വരുന്നത് എന്നാലോചിച്ചു എവിടെയും പരതേണ്ടതില്ല.

പ്രശ്‌നം ഇരിക്കുന്നത് ഈ പാട്രിയര്‍ക്കിയല്‍ സമൂഹം ആണുങ്ങളെ വളര്‍ത്തുന്നതിലാണ്. ഒരു റിലേഷന്‍ഷിപ്പില്‍ കമിതാക്കള്‍ ഇരുവരും പുലര്‍ത്തേണ്ട സത്യസന്ധതയെ പറ്റിയും പാലിക്കേണ്ട പരസ്പരബഹുമാനത്തെ കുറിച്ചുമുള്ള പ്രോപ്പര്‍ അവബോധം ആണുങ്ങള്‍ക്ക് കൊടുക്കാന്‍ ഈ പുരുഷാധിപത്യ സമൂഹത്തിന് കഴിയാത്തതിലാണ്. ഇതിനൊക്കെ പുറമെയാണ് ഡോക്ടര്‍ അരുണിനെ പോലുള്ള കഥാപാത്രങ്ങള്‍ കാമുകിയെ അപമാനിക്കുന്നതും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമൊക്കെ നോര്‍മലൈസ് ചെയ്യപ്പെടുന്നത്. പാട്രിയാര്‍ക്കി ഉണ്ടാക്കുന്ന അത്ര തന്നെ ഡാമേജ് സിനിമയും ഉണ്ടാക്കുന്നുണ്ട്, മനുഷ്യത്വവിരുദ്ധത പ്രചരിപ്പിക്കുന്നതിലൂടെ. സിനിമയെ സിനിമയായി മാത്രം കണ്ടൂടെ എന്ന് ചോദിക്കുന്നതും സിനിമയാണ് ഏറ്റവും ശക്തമായ പൊതുബോധ നിര്‍മാണ ഫാക്ടറി എന്ന സത്യം മനസ്സിലാക്കാത്തതും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല.

Content Highlight: write up about maheshinte prathikaram and diamond necklace

തേജു പി തങ്കച്ചൻ

We use cookies to give you the best possible experience. Learn more