| Saturday, 29th October 2022, 6:30 pm

ഹാസ്യത്തില്‍ മുക്കിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍; എന്നാല്‍ അത്ര ചിരിക്കാനുള്ളതല്ല ജയ ജയ ജയ ജയഹേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

ഓര്‍മ വെച്ച നാള്‍ മുതല്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കും അനീതികള്‍ക്കുമൊടുവില്‍ തിരിച്ച് ശബ്ദമുയര്‍ത്തുന്ന ജയഭാരതി, അവളുടെ കഥയാണ് ജയ ജയ ജയ ജയഹേ. ജയയുടെ പേര് പോലും ചേട്ടനായ ജയന്റെ പേരിന് ചേരുന്ന രീതിയില്‍ ഇട്ടതാണ്. ആണാണെന്നുള്ള പ്രിവിലേജുകള്‍ കളിക്കുമ്പോഴും പഠിക്കുമ്പോഴുമെല്ലാം ജയന് ലഭിക്കുന്നുണ്ട്. എന്നാല്‍ പെണ്ണാണെന്നുള്ള ഒറ്റ കാരണംകൊണ്ട് ജയക്ക് പലതും നിഷേധിക്കപ്പെടുന്നു.

ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിനോട് ജയ ജയ ജയ ജയഹേയെ പലരും ഉപമിക്കുന്നുണ്ട്. വീടിനുള്ളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇരുചിത്രങ്ങളും കാണിക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സീരിയസായാണ് ഈ വിഷയം പ്രതിപാദിച്ചതെങ്കില്‍ ജയ ജയ ജയ ജയഹേ ഹാസ്യത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിക്കുന്നത്.

പെണ്ണായി ജനിച്ചു പോയി എന്ന കാരണം കൊണ്ട് അഭിപ്രായമില്ലാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവാതെ വീട്ടുകാരുടെയും പിന്നീട് ഭര്‍ത്താവിന്റെയും ഇഷ്ടത്തിനൊത്ത് ജീവിക്കേണ്ടി വരികയാണ് ജയക്ക്. അടിമുടി ടോക്‌സിക് ചിന്താഗതികളോട് കൂടി ജീവിക്കുന്ന ഒരു കൂട്ടം കഥാപാത്രങ്ങളാണ് ജയക്കൊപ്പമുള്ളത്.

ചിരിക്കിടയിലും പല സ്ത്രീകള്‍ക്കും ജയയുടെ പ്രശ്‌നങ്ങളോട് സഹാനുഭൂതി ഉണ്ടാവും. കാരണം നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ ഒരുവട്ടമെങ്കിലും അനുഭവിച്ചതോ നേരില്‍ കണ്ടിട്ടുള്ളതോ ഒക്കെയാണ് ചിത്രത്തിലെ ജയയും അനുഭവിക്കുന്നത്.

ജയഭാരതിയായി ദര്‍ശന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജയയുടെ കൗമാരവും യൗവനവും ആ പ്രായത്തിലെ എക്‌സ്പ്രഷനുകളും ബോഡി ലാംഗ്വേജുമെല്ലാം അവര്‍ മികച്ചതാക്കി. ചിത്രങ്ങളുടെ സെലക്ഷനില്‍ കാണിക്കുന്ന സൂക്ഷ്മതയും അഭിനയത്തിലെ മികവും ദര്‍ശനയെ മികച്ച അഭിനേത്രിമാരിലൊരാളാക്കുന്നുണ്ട്. ജയ ജയ ജയ ജയഹേ അക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നതാവുകയാണ്.

Content Highlight: write up about jaya jaya jaya jayahey movie

Latest Stories

We use cookies to give you the best possible experience. Learn more