| Wednesday, 29th April 2020, 9:18 pm

സിനിമകളുടെ ഒരു നൂറ് വസന്തകാലം സമ്മാനിച്ച് ഒരു ചെറുപുഞ്ചിരിയോടെ നടന്നകലുന്ന ഇര്‍ഫാന്‍ നിങ്ങളോട് സ്‌നേഹം മാത്രം

കരിഷ്മ ദാസ്‌

Mohabbat hai iss liye jaane diya
Zid hoti to baahon mein hoti

ഇര്‍ഫാന്‍ എന്ന മനുഷ്യന്റെ മരണവാര്‍ത്തകള്‍ വന്ന് തുടങ്ങിയപ്പോള്‍ ആദ്യം മനസ്സില്‍ വന്ന വാക്കുകളാണിത് .അദ്ദേഹത്തിന്റെ തന്നെ ജസ്ബാ ( 2015 ) എന്ന ചിത്രത്തിലേ വാക്കുകള്‍ ,ശരിയാണ് അത്രമേല്‍ അദ്ദേഹം സിനിമയേയും ജീവിതത്തേയും പ്രണിയിച്ചിരുന്നിരിക്കണം ,അതുക്കൊണ്ടാവണം പിടിവാശികളൊന്നുമില്ലാതെ മരണത്തിന് മുന്‍പില്‍ നിങ്ങള്‍ പ്രിയപ്പെട്ടതൊക്കെ വിട്ട് നല്‍കിയത് .

ഒരു ശരാശരി ഇന്ത്യക്കാരന്റെ ജനനം തൊട്ടിങ്ങോട്ട് ജീവിതത്തിന്റെ ഭാഗമായി കൂടെ കൂടുകയും പിന്നെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റാന്‍ കഴിവുള്ളതുമായ രണ്ട് കാര്യങ്ങളുണ്ട് ,സിനിമയും ക്രിക്കറ്റും ,അതില്‍ രണ്ടിലും കഴിവ് തെളിയിച്ചിട്ടും ,സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ തടസ്സമായി വന്നപ്പോള്‍ തന്റെ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായി കൈവിടാതെ , സിനിമയെന്ന സ്വപ്നം തന്റെ യാഥാര്‍ഥ്യമാക്കിയ ആള്‍ .

ഓരോ ചിത്രത്തിലും ഇര്‍ഫാന്‍ എന്ന നടനെ കണ്ടുമുട്ടുമ്പോള്‍ അസാധാരണമാം വിധം സാധാരണക്കാരനായ ഒരു മനുഷ്യനെയാണ് സ്‌ക്രീനില്‍ കണ്ടിട്ടുള്ളത് ,പലപ്പോഴും പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ നേര്‍ക്ക് തിരിച്ചുപിടിച്ച കണ്ണാടിയായി മാറി .കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സിനിമയുടെ ലൈംലൈറ്റില്‍ ഒരിക്കല്ലും ഭാഗമാകാന്‍ സാധ്യതയില്ലാത്ത ,വര്‍ണ്ണശബളമായ പുറംമോടികളില്ലാത്ത ,പാട്ടുപാടി അതിനൊത്ത് ചുവട് വയ്ക്കാത്ത യഥാസ്ഥിതികരായ കുറേ മനുഷ്യരുടെ പ്രതിനിധി .

സിനിമയെന്ന കലാരൂപത്തിന്റെ അളവുകോല്‍ ബോക്‌സ് ഓഫീസ് കലക്ഷന്‍ മാത്രമല്ലെന്നും , ഒരു നടന് തന്റെ കഥാപാത്രത്തെ പൂര്‍ണ്ണമായും മനസ്സില്ലാക്കി ,പകര്‍ന്നാടാതെ കല പൂര്‍ണ്ണമാവില്ലെന്ന് മനസ്സിലാക്കിയ നടന്‍ .എപ്പോഴും സിക്‌സ് പാക്ക് മസിലും ,ചോക്ലേറ്റ് ബോയ് ലുക്കും ,നായികയെയും അതുവഴി പ്രേക്ഷകരെയും പിടിച്ചിരുത്താന്‍ പാട്ട് പാടിയും നൃത്തം ചെയ്യ്തും ത്രസിപ്പിച്ചുക്കൊണ്ട് ബോളിവുഡ് അരങ്ങ് വാണിരുന്ന നായകര്‍ക്കിടയില്‍ ,ഇത്തരത്തില്‍ റൊമാന്റിസൈസ് ചെയ്യപ്പെടുന്ന യാതൊരു വിധ കഴിവുകളുമില്ലാതെ ,മുഖത്ത് മിന്നിമറഞ്ഞ് പോകുന്ന ചിരിയും , സംഭാഷണവുമായി വന്ന അധികമാരും ധൈര്യപ്പെടാത്ത കാലത്ത് പോലും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കുമായി വന്ന സാധാരണക്കാരനായ നായകന്‍ .

രാജസ്ഥാനിലെ ഒരു മധ്യവര്‍ഗ്ഗകുടുംബത്തില്‍ ജനിച്ച് ബോളിവുഡും ,ഹോളിവുഡും കീഴടക്കിയ കലാപ്രതിഭ .ഇര്‍ഫാന്‍ എന്ന നടനിലുപരി ചുറ്റുമുള്ള സാമൂഹിക വ്യവസ്ഥിതികളെക്കുറിച്ചും ,സഹജീവികളെക്കുറിച്ചും ബോധവാനായിരുന്ന ഒരു മനുഷ്യസ്‌നേഹി . നെപോട്ടിസം അഥവാ കുടുംബവാഴ്ച മുഖമുദ്രയാക്കിയ ബോളിവുഡ് സിനിമാമേഖലയില്‍ യാതൊരുവിധ ബന്ധങ്ങളുമില്ലാതെ സ്വന്തമായി അനശ്വരമായൊരു ഇടം ഉണ്ടാക്കുകയും അതുവഴി വരും തലമുറയുടെ സിനിമാസ്വപ്നങ്ങള്‍ക്ക് വെളിച്ചം നല്‍കുകയും ചെയ്യ്ത് ചരിത്രം സൃഷ്ടിച്ച സിനിമാക്കാരിലൊരാള്‍ ,ഇര്‍ഫാന്‍ ഓര്‍മ്മിക്കപ്പെടുന്നതിന് കാരണങ്ങള്‍ പലതാണ് .

സലാം ബോംബെ (1988 ) എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തില്‍ തുടങ്ങി അക്കാഡമി അവാര്‍ഡ് നേടിയ ലൈഫ് ഓഫ് പൈ (2012) ,സ്ലം ഡോഗ് മില്യനയര്‍ (2008 ) അങ്ങനെ അഗ്രേസി മീഡിയം വരെ ഒട്ടനവധി നീരൂപക പ്രശംസ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കില്ലും അദ്ദേഹത്തിന്റെ എന്നെന്നും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രം ചിലപ്പോള്‍ ദ ലഞ്ച്‌ബോക്‌സ് ( 2013 ) എന്ന ചിത്രത്തിലേതാവും .ഒരു നൂറ് വട്ടം ചിന്തിച്ചിട്ട് മാത്രം ചിരിക്കുന്ന ,എണ്ണിത്തിട്ടപ്പെടുത്തിയ വാക്കുകള്‍ ഉപയോഗിച്ച് മാത്രം സംസാരിക്കുന്ന ,ദിവസവും തന്നെ തേടി വരുന്ന ഡബ്ബ നല്‍കുന്ന പ്രതീക്ഷയില്‍ സന്തോഷിക്കുന്ന അതിന് വേണ്ടി അക്ഷമനായി കാത്തിരിക്കുന്ന ,അതില്‍ തനിക്കായുള്ള ഇളയുടെ കത്ത് വായിച്ച് ചെറുപുഞ്ചിരി തൂകുന്ന സാജന്‍ ഫെര്‍ണ്ണാണ്ടസായി എന്നും നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളിലുണ്ടാവും .അന്ന് റസ്റ്റോറന്റില്‍ കാത്തിരുന്ന ഇളയെ അവളറിയാതെ ദൂരെ നിന്ന് കണ്ട് പിരിഞ്ഞപ്പോഴും എവിടെയോ നിങ്ങളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് ഇള ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവും .

ജീവിതം മുഴുവന്‍ ഗൗരവമേറിയ ഒരു പ്ലാനിങ് മാത്രമായി കണ്ട് ചിരിക്കാന്‍ മറന്ന പിക്കുവിന് ,യാത്രയില്‍ എവിടെയോ വെച്ച് പാതിവഴിയില്‍ കൂടെ കൂടി മറന്ന് തുടങ്ങിയ ചിരി തിരികെ നല്‍കിയ റാണയെ ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവും .

ഇര്‍ഫാന്‍ നിങ്ങള്‍ വെറുമൊരു നടന്‍ മാത്രമല്ല ,സിനിമ ജീവശ്വാസമായി കൊണ്ട് നടക്കുന്ന ,സിനിമ കൊട്ടകയിലെ ആര്‍പ്പുവിളികള്‍ സ്വന്തം ഹൃദയതാളമായി മാറ്റിയ ഒരു വലിയ വിഭാഗം മനുഷ്യരുടെ പ്രതീക്ഷയുടെ മുഖമാണ് .സ്വന്തം സ്വപ്നത്തില്‍ അത്രമേല്‍ വിശ്വാസമര്‍പ്പിച്ചാല്‍ അതിനു വേണ്ടി പ്രയത്‌നിച്ചാല്‍ അത് നമ്മള്‍ നേടിയെടുക്കുക തന്നെ ചെയ്യുമെന്ന ഓര്‍മ്മപ്പെടുത്തല്‍ .ഒരു ജനവിഭാഗത്തിന്റെ സിനിമ ആസ്വാദന ശൈലി തന്നെ പൊളിച്ചെഴുതിയ നിങ്ങളെ ചരിത്രം വിപ്ലവകാരിയായി രേഖപ്പെടുത്തും .ഞങ്ങള്‍ അഭിമാനിക്കുന്നു ആ വിപ്ലവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ , നിങ്ങളിലെ കലാകാരനെ അറിയാന്‍ സാധിച്ചതില്‍.

ആദ്യമായി കാന്‍സര്‍ സ്ഥിരീകരിച്ചപ്പോള്‍ എഴുതിയ കുറിപ്പില്‍ പോലുമുണ്ടായിരുന്നു താന്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്ന അനിശ്ചിതാവസ്ഥയേക്കുറിച്ചും ,രോഗത്തിന്റെ ഭീകരതയെക്കുറിച്ചും ,അതേല്‍പ്പിക്കുന്ന വേദനയെക്കുറിച്ചും ,തിരിച്ചറിവുകളെക്കുറിച്ചുമൊക്കെ ,ആ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ് ‘A realisation that the cork doens’t need to control the current. That you are being gently rocked in the cradle of nature’ ,ശരിയാണ് ചിലപ്പോഴൊക്കെ നമ്മള്‍ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കേണ്ടതില്ല , ഒഴുക്കിനെ തടയാന്‍ ശ്രമിക്കേണ്ടതില്ല ,പ്രകൃതിയുടെ താരാട്ടുകളാവാം ഇത് പക്ഷെ ചിലപ്പോള്‍ അത് ഒരിക്കല്ലും ഉണരാത്ത ഒരുറക്കത്തിലേക്കുള്ള ചുവടുവയ്പ്പും .

സിനിമകളുടെ ഒരു നൂറ് വസന്തകാലം സമ്മാനിച്ച് ദൂരെ ഒരു ചെറുപുഞ്ചിരിയോടെ നടന്നകലുന്ന ഇര്‍ഫാന്‍ നിങ്ങളോട് സ്‌നേഹം മാത്രം .
ഗുലാം അലി പാടിയ പോലെ
‘Nagri Nagri phira musafir
Ghar ka rastaa bhool gaya’
നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ചേക്കേറുന്ന അപരിചിതനായ യാത്രക്കാരാ നിങ്ങള്‍ വിട്ടിലേക്കുള്ള വഴി മറന്നു പോയിരിക്കുന്നു .
Dear Irffan,for all the lives you have lived on screen and the life you lived off screen you will be remembered and loved.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

കരിഷ്മ ദാസ്‌

Latest Stories

We use cookies to give you the best possible experience. Learn more