ഇന്നലത്തെ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തില്‍ ബാറ്റു കൊണ്ടും ബാള്‍ കൊണ്ടും എതിരാളികളെ തകര്‍ത്ത ഹാര്‍ദിക് പാണ്ഡ്യ. ഇത്രയും പ്രഷറുള്ള മത്സരത്തില്‍ ഒരു ഐസ് കൂള്‍ പ്രകടനം, അതായിരുന്നു ഹര്‍ദിക് കാഴ്ചവെച്ചത്.
ഈ വര്‍ഷത്തെ ഐ.പി.എല്ലിന് മുമ്പ് വരെ ഹാര്‍ദികിനെ ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റണമെന്നും അയാള്‍ ഒരു ഇഞ്ച്വറി പ്രോണ്‍ ആണെന്നും മുറവിളികൂട്ടിയവര്‍ കുറച്ചൊന്നുമല്ല. എന്നാല്‍ ഇന്നവര്‍ക്ക് അയാള്‍ ഒരു ഹീറോയാണ്. ടേണ്‍ യുവര്‍ ഹേറ്റര്‍സ് ഇന്റു ഫാന്‍സ് എന്നൊക്കെ പറയില്ലേ? അത് തന്നെ സംഭവം.
തുടക്കം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞു നിന്ന മാച്ചാണ് ഇന്നലെ ഏഷ്യ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്നത്.
കഴിഞ്ഞ വര്‍ഷം ട്വന്റി-20 ലോകകപ്പിലായിരുന്നു ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. ദുബായില്‍ വെച്ച് നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പത്ത് വിക്കറ്റിനായിരുന്നു തോല്‍പിച്ചത്. ഏറേ പ്രതീക്ഷകളുമായി വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പിന് ഇറങ്ങിയ ഇന്ത്യക്ക് ആ മത്സരത്തിലേറ്റ തോല്‍വിയില്‍ നിന്നും കരകയറാന്‍ സാധിച്ചില്ല. ഒടുവില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്താവുകയും ചെയ്തു.
ആ കോണ്‍ഫിഡന്‍സിലാണ് പാകിസ്ഥാന്‍ ഇത്തവണ ഇന്ത്യക്കെതിരെ ഇറങ്ങിയത്. ദുബായ് കണ്ടീഷന്‍സില്‍ പാകിസ്ഥാനായിരുന്നു ഇന്ത്യയെക്കാള്‍ എക്സ്പീരിയന്‍സ് കൂടുതല്‍. കഴിഞ്ഞ വര്‍ഷം തോറ്റതിന്റെ നിരാശ ഇന്ത്യന്‍ താരങ്ങളുടെ ഉള്ളിലൂടെ കടന്നുപോയിട്ടുണ്ടാവണം.
എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ ഐസ് കൂള്‍ മാന്‍ എന്നറിയപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് യാതൊരു പ്രഷറുമില്ലായിരുന്നു. ആരാധകര്‍ തമ്മില്‍ എന്തും പറഞ്ഞോട്ടേ ഞങ്ങള്‍ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്നായിരുന്നു ഹര്‍ദിക് മാച്ചിന് മുമ്പ് പറഞ്ഞത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ്ങായിരുന്നു തെരഞ്ഞെടുത്തത്. ഒരു ഹൈ പ്രഷര്‍ ഗെയിമില്‍ ചെയ്‌സ് ചെയ്യുക എന്നുള്ളത് കുറച്ചു കഠിനമായ കാര്യമാണെങ്കിലും ഇന്ത്യന്‍ ടീം ദുബായ് കണ്ടീഷന്‍സില്‍ വിശ്വസിക്കുകയായിരുന്നു.
മത്സരം തുടങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ നായകന്‍ ബാബര്‍ അസമിനെയും സൂപ്പര്‍ ബാറ്റര്‍ ഫഖാര്‍ സമാനെയും നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഇഫ്തിഖാര്‍ അഹ്‌മദും മുഹമ്മദ് റിസ്വാനും പാകിസ്ഥാനെ തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു.
അപ്പോഴായിരുന്നു ഹര്‍ദിക് പാണ്ഡ്യ ഇടുത്തീ പോലെ പാകിസ്ഥാന്‍ ബാറ്റര്‍മാരുടെ മുകളില്‍ വീഴുന്നത്. അഹ്‌മദിനെ പുറത്താക്കി ആ പാര്‍ട്‌നര്‍ഷിപ്പ് ആദ്യം തകര്‍ത്തു. ശേഷം കൃത്യമായ ഇടവേളകളില്‍ അടുത്ത രണ്ട് വിക്കറ്റും. പ്യുവര്‍ ക്ലാസ്!
കരിയറിന്റെ ഒരു ഘട്ടത്തില്‍ ബോള്‍ ചെയ്യാന്‍ പോലും സാധിക്കാത്ത രീതിയില്‍ ഹാര്‍ദികിന് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന് പകരം ഇന്ത്യന്‍ ടീം മറ്റു താരങ്ങളെ തേടിയിരുന്നു. വെങ്കിടേഷ് അയ്യരിനെയും താക്കൂറിനെയുമൊക്കെ ആരാധകര്‍ ആ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവരൊന്നും ഹര്‍ദിക്കിന് പകരമാവില്ലായിരുന്നു. ചിലപ്പോള്‍ ഇവര്‍ക്കെല്ലാം ഹര്‍ദികിനെ പ്രതിഭകൊണ്ട് മറികടക്കാന്‍ സാധിച്ചേക്കാം, എന്നാല്‍ കോണ്‍ഫിഡന്‍സാണ് അയാളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ആ കോണ്‍ഫിഡന്‍സാണ് ഇന്നലെ ഇന്ത്യയെ പാകിസ്ഥാനെതിരെ ജയിപ്പിച്ചതും. ആറാമനായി അയാള്‍ ക്രീസില്‍ എത്തുന്ന സമയത്ത് ഇന്ത്യയ്ക്ക് 34 പന്തുകളില്‍നിന്ന് 59 റണ്ണുകള്‍ വേണ്ടിയിരുന്നു. സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ മുന്‍തൂക്കം പാക് പടക്ക് തന്നെയായിരുന്നു. എന്നാല്‍ മറിച്ചു ചിന്തിക്കാനായിരുന്നു ഹര്‍ദിക്കിന് ഇഷ്ടം. അതായിരുന്നു അദ്ദേഹത്തിന്റെ മൈന്‍ഡ് സെറ്റ്.
ചിരിച്ചുകളിച്ചായിരുന്നു അദ്ദേഹം ക്രീസിലെത്തിയത്. ജഡ്ഡുവിന്റെ കൂടെ പതിയെ കളിച്ചതിന് ശേഷം 19ാം ഓവറില്‍ അദ്ദേഹം കത്തികയറുകയായിരുന്നു. മൂന്ന് ഫോറാണ് അദ്ദേഹം പാക് ബോളര്‍ റൗഫ് എറിഞ്ഞ ആ ഓവറില്‍ അടിച്ചത്. പിന്നീട് അവസാന ഓവറില്‍ മൂന്ന് പന്തില്‍ ആറ് റണ്‍സ് വേണ്ടപ്പോള്‍ ഒരു കൂറ്റന്‍ സിക്‌സറും.
ശേഷം കാണികളെയും ഗ്രൗണ്ടിനെയും അഭിവാദ്യം ചെയ്ത് അദ്ദേഹം നടന്ന് നീങ്ങി.
ശരിക്കും ഹര്‍ദിക്കിന്റെ തലവര മാറുന്നത് കഴിഞ്ഞ ഐ.പി.എല്‍ സീസണിലായിരുന്നു. മുംബൈ ഇന്ത്യന്‍സില്‍ നിന്നും പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സില്‍ നായകനായി അദ്ദേഹമെത്തിയിരുന്നു. പരിക്കിന്റെയും ഫോം ഔട്ടിന്റെയും പേരില്‍ ഹര്‍ദിക് നിരന്തരം പഴികേട്ടിരുന്ന ടൈമായിരുന്നു അത്.
ഇവനെയൊക്കെ ആരെങ്കിലും നായകനാക്കുമോ എന്ന് ചോദിച്ചവര്‍ ചില്ലറയൊന്നുമല്ലായിരുന്നു. എന്നാല്‍ മത്സരം ആരംഭിച്ചപ്പോള്‍ പുച്ഛിച്ചവരെല്ലാം ഗുജറാത്തിന്റെയും ഹര്‍ദിക്കിന്റയും പ്രകടനം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.
ടീമിനെ ഒന്നാകെ തന്റെ കോണ്‍ഫിഡന്‍സോടെയുള്ള അഗ്രസീവ് ആറ്റിറ്റിയൂഡിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മുമ്പ് ഇന്ത്യന്‍ ടീമിലും മുംബൈ ഇന്ത്യന്‍സിലും കാണാതിരുന്ന ഹര്‍ദിക്കിനെയായിരുന്നു ഗുജറാത്തില്‍ കാണാന്‍ സാധിച്ചത്. തന്റെ നാച്ചുറലായ കോണ്‍ഫിഡന്‍സിന്റെ കൂടെ മെച്ച്യൂരിറ്റിയും അദ്ദേഹം കൈവരിച്ചിരുന്നു.
ഒടുവില്‍ ഗുജറാത്ത് കിരീടമുയര്‍ത്തുമ്പോള്‍ തലപ്പത്ത് ഹര്‍ദിക്കുണ്ടായിരുന്നു ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ട്രോഫിയുമായി.
പരിക്കിന്റെ പിടിയില്‍ നിന്നും ഇനി ഇന്ത്യന്‍ ടീം കാണുമോ എന്ന് സംശയിച്ചെടുത്ത് നിന്നും അടുത്ത ഇന്ത്യന്‍ നായകനിലേക്കുള്ള മത്സരത്തിലേക്കാണ് അദ്ദേഹം നടന്നു കയറുന്നത്.
ഇന്ത്യന്‍ ടീമിന്റെ ജാക്ക്വസ് കാലിസ് ആകണമെന്നായിരുന്നു തുടക്ക കാലത്ത് ഹര്‍ദിക് പറഞ്ഞത്. എന്നാല്‍ അന്ന് അയാളെ ഇന്ത്യന്‍ ആരാധകരടക്കം തള്ളിപറഞ്ഞിരുന്നു. അവര്‍ക്കുള്ള മറുപടി കാലം കൊടുക്കുമെന്ന് അനുമാനിക്കാം.
Content Highlight: Write up About Hardik Pandya and His Massive comeback into Indian Cricket team