| Thursday, 22nd September 2022, 7:34 pm

ഇനി വരുന്നത് ഹാലണ്ട് കാലം; നോര്‍വെയില്‍ നിന്നും ഒരു ഗോളടി മെഷീന്‍

മുഹമ്മദ് ഫിജാസ്

ലോകത്തുള്ള സകല ഫുട്‌ബോള്‍ ടീമുകളും പന്ത് തട്ടുന്നത് ഗോളടിക്കുക മത്സരം വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ്. എതിര്‍ ടീമിലെ പത്ത് പേരെയും ഗോള്‍ കീപ്പറെയും മറികടന്ന് പന്ത് വലയിലെത്തുമ്പോള്‍ കിട്ടുന്ന ഫീല്‍ വല്ലാത്ത ഫീല്‍ തന്നെയാണ്.

ഡിഫന്‍ഡിങ്ങും സ്ട്രാറ്റജിയും ഡ്രിബ്ലിങ്ങും ടാക്ലിങ്ങുമെല്ലാം ഫുട്‌ബോളിന്റെ ഭംഗി ഉയര്‍ത്തുന്നതാണ്, എന്നാല്‍ ഗോളടി തന്നെയാണ് ഫുട്‌ബോളിന്റെ അള്‍ട്ടിമേറ്റ്. അതുകൊണ്ടാണ് ഗോളടിക്കുന്നവര്‍ എന്നും ഹീറോയായി മാറുന്നത്. ഗോളടിക്കാര്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നതും അതുകൊണ്ടാണ്.

ഗോള്‍ നേടുന്നത് ഒരാളുടെ മാത്രം കഴിവാണെന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍ ഡിഫന്‍ഡര്‍മാരുടെ മാര്‍ക്കിങ്ങും മറ്റ് എതിര്‍പ്പുകളും ഭേദിച്ച് ഗോളടിക്കുന്നത് ഹീറോയിസം തന്നെയാണ്.

അങ്ങനെ നോക്കിയാല്‍ നിലവില്‍ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും വലിയ ഹീറോയായി കണക്കാക്കാനാവുന്ന താരമാണ് നോര്‍വേ ഇന്‍ര്‍നാഷണലായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട്.

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഗോളടിച്ചുകൂട്ടുന്ന തിരക്കിലാണ് ഹാലണ്ടിപ്പോള്‍. ഇതുവരെ ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഏഴ് കളിയില്‍ 11 ഗോളും ചാമ്പ്യന്‍സി ലീഗില്‍ 2 മത്സരത്തില്‍ നിന്നും മൂന്ന് ഗോളും അയാള്‍ സ്വന്തമാക്കിയിട്ടുണ്ട്.

വെറും 22 വയസുകാരനായ ഹാലണ്ട് ഈ സീസണിലാണ് സിറ്റിയിലെത്തിയത്. എന്നാല്‍ ഇതിനോടകം തന്നെ പ്രീമിയര്‍ ലീഗിലെ ഒരുപിടി റെക്കോഡാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ആദ്യത്തെ ആറ് കളിയില്‍ തന്നെ അദ്ദേഹം പത്ത് ഗോള്‍ നേടിയിരുന്നു.

പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ പത്ത് ഗോള്‍ തികയ്ക്കുന്ന താരമെന്ന റെക്കോഡ് അദ്ദേഹം ഇവിടെ കുറിച്ചു. രണ്ട് ഹാട്രിക്ക് ഇപ്പോള്‍ തന്നെ ഈ സീസണില്‍ ഹാലണ്ട് അടിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ രണ്ട് ഹാട്രിക്ക് സ്വന്തമാക്കുന്നതും ഈ നോര്‍വെക്കാരന്‍ തന്നെയാണ്.

ഈ സീസണിലായിരുന്നു ഹാലണ്ട് സിറ്റിയിലെത്തുന്നത്. ബുണ്ടസ് ലിഗ ജയന്റ്‌സായ ബോറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമായിരുന്നു അയാള്‍ സിറ്റിയിലെത്തുന്നത്. ഡോര്‍ട്മുണ്ടില്‍ വെച്ച് തന്നെ ഹാലണ്ട് ഒരു ഗോളടി യന്ത്രമായിരുന്നു.

പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ പ്രീമിയര്‍ ലീഗില്‍ വര്‍ഷങ്ങളായി ചാമ്പ്യന്‍മാരാകുന്ന ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയല്‍ ലീഗ് ജയിക്കാന്‍ പെപ്പിന്റെ തന്ത്രങ്ങള്‍ക്ക് എളുപ്പം സാധിച്ചിരുന്നു. ഫാള്‍സ് നയനാണ് പെപ്പിന്റെ ടാക്ടിക്‌സ്.

മുന്നേറ്റ നിരയില്‍ ഒരു പ്രോപ്പര്‍ സ്‌ട്രൈക്കറെ ഇറക്കാതെ മിഡ് ഫീല്‍ഡര്‍മാരെകൊണ്ട് കളി പിടിക്കുന്നതാണ് ഈ തന്ത്രം. പ്രീമിയര്‍ ലീഗില്‍ ഇത് വിജയിക്കാറുണ്ട്. എന്നാല്‍ ചാമ്പ്യന്‍മാരില്‍ ചാമ്പ്യനാകാന്‍ അത് പോരാ എന്ന് തെളിയിക്കപ്പെട്ടിരുന്നു.

ചെല്‍സിയുമായി യു.സി.എല്‍ ഫൈനലില്‍ തോറ്റത് ഇതിന്റെ ഉദാഹരണമാണ്. കഴിഞ്ഞ സീസണില്‍ റയലിന്റെ മാജിക്കിലും പെപ്പും സംഘവും മുങ്ങിപോയി.

ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് ബുണ്ടസ് ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും ഗോളടിച്ച് കൂട്ടുന്ന ഹാലണ്ടിനെ ടീമിലെത്തിക്കാന്‍ പെപ് തീരുമാനിക്കുന്നത്. അയാളെ റെക്കോഡ് തുകക്ക് തന്നെ ടീമിലെത്തിക്കാന്‍ പെപ്പിനും സിറ്റിക്കും സാധിച്ചു.

എന്നാല്‍ ഇതില്‍ ഒരുപാട് പേര്‍ക്ക് തൃപ്തിയല്ലായിരുന്നു. അയാള്‍ കണ്ടം പ്രൊഡക്റ്റാണെന്നും ബുണ്ടസ് ലീഗയില്‍ തിളങ്ങുന്നത് പോലെ പ്രീമിയര്‍ ലീഗില്‍ പറ്റില്ലെന്നും നിരവധി പേര്‍ മുന്‍ധാരണയോടെ സംസാരിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഒരു ഈസി ചാന്‍സ് കളഞ്ഞപ്പോള്‍ ആ മുന്‍ധാരണകള്‍ക്ക് ആക്കം കൂടി.

അയാള്‍ ഊതി വീര്‍പ്പിച്ച ബലൂണാണെന്നും പ്രീമിയര്‍ ലീഗില്‍ തിളങ്ങില്ലെന്നും മുദ്ര കുത്തപ്പെട്ടു. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ കണ്ടത് ഇതിനെല്ലാമുള്ള ഉത്തരമാണ്. പ്രീമിയര്‍ ലീഗായാലും യു.സി.എല്ലായാലും ഗോളടിക്കാന്‍ തനിക്ക് ഒരു പാടുമില്ലെന്ന് അദ്ദേഹം തെളിയിക്കുകയാണ്.

മെസി-റോണോ യുഗം ഏകദേശം അവസാന കാലത്തിലേക്ക് അടുക്കുമ്പോള്‍ ഫുട്‌ബോളിന് ഒരു സൂപ്പര്‍ താരത്തിനെ ആവശ്യമാണ്. ആ സൂപ്പര്‍ താരമാകുള്ള മത്സരത്തില്‍ മുന്‍പന്തിയില്‍ തന്നെ ഹാലണ്ട് ഉണ്ടാകും.

Content Highlight: Write Up about Erling Haaland and His heroics

മുഹമ്മദ് ഫിജാസ്

We use cookies to give you the best possible experience. Learn more