അനശ്വര രാജന്‍ കേന്ദ്രകഥാപാത്രമായ മൈക്ക് റിലീസ് ചെയ്തിരിക്കുകയാണ്. ആണാവാന്‍ കൊതിക്കുന്ന സാറ എന്ന കഥാപാത്രത്തില്‍ തുടങ്ങി എങ്ങോട്ടൊക്കെയോ പോകുന്ന കഥയാണ് മൈക്കിന്റേത്. സാറയെ കേന്ദ്രീകരിച്ചാണ് കഥ തുടങ്ങിയിരിക്കുന്നതെങ്കിലും പിന്നീട് ഇതിനിടയിലേക്ക് ആന്റണി ജോണും അയാളുടെ മാനസിക പ്രശ്‌നങ്ങളും ഫ്‌ളാഷ് ബാക്കുമെല്ലാം കടന്നു വരുന്നുണ്ട്.
ട്രാന്‍സ് കമ്മ്യൂണിറ്റിയെ പറ്റിയൊക്കെയുള്ള ഡിസകഷ്‌നിലേക്ക് കടന്നേക്കും എന്ന തെറ്റിദ്ധാരണ ഉണ്ടാക്കി തുടങ്ങുന്ന മൈക്ക് പിന്നീടങ്ങോട്ട് മലയാള സിനിമ രണ്ടായിരങ്ങള്‍ക്ക് മുമ്പേ ഉപേക്ഷിച്ച കഥാപരിസരത്തിലേക്കൊക്കെയാണ് കടക്കുന്നത്.
ആന്റണി എന്ന കഥാപാത്രമാവട്ടെ ഒരു മിനി അര്‍ജുന്‍ റെഡ്ഡിയാണ്. നായികയോട് പൊസെസീവ്‌നെസ് കാണിക്കുകയോ തല്ലുകയോ ചെയ്യുന്നില്ല എന്നത് മാത്രമാണ് ഒരു വ്യത്യാസം. ബാക്കി കലിപ്പ്, കള്ളുകുടി, അടിപിടി എല്ലാം ഈ നായകനുണ്ട്. തന്റെ മുന്‍ശുണ്ഠിയും കലിപ്പും കാരണം വലിയ ദുരന്തം അയാള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്നുണ്ട്. ഇതിന് ശേഷം കലിപ്പ് ഇരട്ടിക്കുകയും അതിനൊപ്പം മദ്യപാനവും പുകവലിയും തുടങ്ങുന്നുണ്ട് ആന്റണി.