സലാം കശ്മീരിലും ചാവേര്‍പ്പടയിലും ഉപയോഗിച്ച അതേ വിദ്യ; പുതിയ രൂപത്തില്‍ കുടുക്കിലും
Film News
സലാം കശ്മീരിലും ചാവേര്‍പ്പടയിലും ഉപയോഗിച്ച അതേ വിദ്യ; പുതിയ രൂപത്തില്‍ കുടുക്കിലും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th August 2022, 5:34 pm

സാങ്കേതിക വിദ്യയുടെ മുന്നേറ്റം, പ്രൈവസി എന്നീ വിഷയങ്ങള്‍ മുഖ്യപ്രമേയമാക്കി ബിലഹരി ഒരുക്കിയ ഒരു പരീക്ഷണ ചിത്രമാണ് കുടുക്ക്. ടെക്‌നോളജിയുടെ വളര്‍ച്ച മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വേഗത്തിലാക്കുമ്പോള്‍ തന്നെ അത് കുടുക്കായി മാറുന്ന മറ്റൊരു വശം കൂടി ഈ ചിത്രം കാണിച്ചുതരുന്നുണ്ട്.

ഈവ്, ജ്വാല എന്നീ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കുടുക്കായി വരുന്നത് ഒരു ചിപ്പാണ്. ഈ കുടുക്ക് എങ്ങനെയാണ് തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതെന്ന് പോലും അറിയാതെ ഇവര്‍ ആശയക്കുഴപ്പത്തിലാവുന്നുണ്ട്. സാങ്കേതിക വിദ്യയുടെ ദുരുപയോഗമാണ് ഇവിടെ നടക്കുന്നത്.

ഒരു വട്ടം ശരീരത്തില്‍ സ്ഥാപിച്ചാല്‍ പിന്നെ ആ വ്യക്തി പോകുന്ന സ്ഥലങ്ങളെല്ലാം തിരിച്ചറിയാന്‍ പറ്റുന്ന ടെക്‌നോളജിയാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. മുമ്പും തമിഴ്, ഹിന്ദി ഉള്‍പ്പെടെയുള്ള സിനിമകളില്‍ ഈ ചിപ്പ് വിദ്യ കാണിച്ചിട്ടുണ്ട്. സലാം കശ്മീര്‍, ചാവേര്‍പ്പട പോലെയുള്ള മലയാള സിനിമകളിലും ശരീരത്തില്‍ ഘടിപ്പിക്കുന്ന ചിപ്പിനെ ഉപയോഗിച്ചിട്ടുണ്ട്.

ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ 2014ലാണ് പുറത്തിറങ്ങിയത്. സുരേഷ് ഗോപി, ജയറാം, മിയ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. ഈ സിനിമയിലും സുരേഷ് ഗോപി അവതരിപ്പിക്കുന്ന ടോമി ശരീരത്തില്‍ ചിപ്പ് ഘടിപ്പിക്കുന്നതിനെ പറ്റി ജയറാം അവതരിപ്പിച്ച മേജര്‍ ശ്രീകുമാറിനോട് പറയുന്നുണ്ട്.

ചാവേര്‍പ്പടയിലാണെങ്കില്‍ തടവിലാക്കിയ മണിക്കുട്ടന്‍ ഉള്‍പ്പെട്ട നാലംഗ സംഘത്തെ നിരീക്ഷിക്കാനായിട്ടാണ് അവരുടെ ശരീരത്തില്‍ തീവ്രവാദികള്‍ ചിപ്പ് ഘടിപ്പിക്കുന്നത്.

സലാം കാശ്മിരീലും ചാവേര്‍പടയിലും തീവ്രവാദികളും ആര്‍മിയുമായി ബന്ധപ്പെട്ടൊക്കെയാണ് ചിപ്പ് ഉപയോഗിക്കപ്പെടുന്നതെങ്കില്‍ കുടുക്കില്‍ അത് സാധാരണക്കാരിലേക്ക് എത്തുന്ന ഘട്ടമാണ് കാണിക്കുന്നത്. കുറച്ച് കൂടി വികസിച്ചതും കയ്യില്‍ തന്നെ റൂട്ട് മാപ്പ് കാണാന്‍ പറ്റുന്നതുമായ ടെക്‌നോളജിയാണ് കുടുക്കില്‍ ബിലഹരി അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: write up about advanced technology of chip in malayalam movies before kudukk