| Wednesday, 3rd July 2019, 12:16 pm

കാര്‍ഷിക കടാശ്വാസം ഉയര്‍ത്തി: 2 ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് കൃഷി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പാ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ പരിധി ഒരു ലക്ഷം രൂപയാണ്.

കടം എഴുതിത്തള്ളുന്ന കാര്യം വാണിജ്യബാങ്കുകളുമായി ചര്‍ച്ച ചെയ്യുകയാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേ കടാശ്വാസ പരിധി ഉയര്‍ത്തുമെന്ന് സുനില്‍ കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

പ്രളയത്തിന് ശേഷം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനുള്ള പദ്ധതി വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇടുക്കി, വയനാട് ജില്ലകളിലായി 15 കര്‍ഷകരാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്.

ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ആഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുമെടുത്ത കാര്‍ഷിക വായ്പകളെയാണ് പരിധിയില്‍ കൊണ്ടുവന്നത്. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകളാണ് പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

വാണിജ്യ ബാങ്കുകളുടെ വായ്പയും കടാശ്വാസ കമ്മീഷന്റെ കീഴില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പൊതുഭരണവകുപ്പിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ ആവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്.

കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ഒക്ടോബര്‍ 10 വരെ ദീര്‍ഘിപ്പിച്ചതായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more