ചുപ് – ദി റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്, കലാകാരന്റെ പ്രതികാരം. സൈക്കോ ത്രില്ലര്‍ സിനിമയില്‍ ഒരു പുതുമയായിരുന്നു കലാകാരന്‍ സൈക്കോയാവുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി സൈക്കോ ത്രില്ലര്‍ നിരയില്‍ വന്ന സിനിമകളില്‍ ഡോക്ടര്‍ സൈക്കോയെ ആയിരുന്നു കൂടുതലായും കണ്ടുവന്നിരുന്നത്. അന്തരിച്ച ചലച്ചിത്രകാരന്‍ ഗുരുദത്തിനുള്ള ആദരമായാണ് ചിത്രം ഒരുങ്ങിയത്.
ചുപിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറിലും പാട്ടുകളിലുമെല്ലാം ഗുരു ദത്തും കാഗസ് കേ ഫൂലും കടന്നുവരുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ ചിന്തിച്ചിരിക്കണം ഒരു സൈക്കോ ത്രില്ലര്‍ ചിത്രവും കാഗസ് കേ ഫൂലും ഗുരു ദത്തുമെല്ലാം എങ്ങനെയാണ് ഒന്നിച്ചുവരുന്നതെന്ന്.
ഗുരു ദത്തിന്റെ ജന്മദിനമായ ജൂലൈ ഒമ്പതിനാണ് ചുപിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നത്. കടലാസ് പൂക്കള്‍ കൊണ്ട് ബൊക്കേ ഉണ്ടാക്കുന്ന ദുല്‍ഖറിനെയാണ് ടീസറില്‍ കാണുന്നത്. കാഗസ് കേ ഫൂല്‍ എന്നാല്‍ കടലാസ് കൊണ്ടുള്ള പൂക്കള്‍. ഗുരു ദത്തിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാഗസ് കേ ഫൂല്‍. ചുപിനും കാഗസ് കേ ഫൂലിനും തമ്മില്‍ വലിയ കണക്ഷനുണ്ട്.
വസന്ത് കുമാര്‍ ശിവശങ്കര്‍ പദുക്കോണാണ് ഗുരു ദത്ത് എന്ന പേരില്‍ പ്രശസ്ത ചലച്ചിത്രക്കാരനായത്. സംവിധായകന്‍, നിര്‍മാതാവ്, നടന്‍, നൃത്തസംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലയിലെല്ലാം അദ്ദേഹം സിനിമാ മേഖലയില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
2012ല്‍ സി.എന്‍.എന്‍ തെരഞ്ഞെടുത്ത ഏഷ്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ഗുരു ദത്തിന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെട്ട ചിത്രമാണ് കാഗസ് കേ ഫൂല്‍. 1959ലാണ് സിനിമ പുറത്തിറങ്ങുന്നത്. ഗുരു ദത്ത് തന്നെയായിരുന്നു ചിത്രം നിര്‍മിച്ച് അതില്‍ നായകനായി അഭിനയിച്ചത്.
ഗുരു ദത്തിന്റെ തന്നെ ജീവിതത്തോട് ഒരുപാട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു കാഗസ് കേ ഫൂല്‍. ഒരു റിയല്‍ ലൈഫ് റഫറന്‍സുകള്‍ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. വൈവാഹിക ജീവതത്തില്‍ പൊരുത്തക്കേടുകള്‍ സംഭവിക്കുന്ന ഒരു സിനിമാ സംവിധായകന്‍ ഒരു പുതുമുഖ നടിയെ കണ്ടെത്തുന്നു, തന്റെ സിനിമയിലൂടെ അവരെ വലിയ സ്റ്റാറാക്കുന്നു. ഇവര്‍ തമ്മില്‍ ഒരു പ്രണയ ബന്ധമുണ്ടാവുന്നതും അത് സംവിധായകന്റെ സ്വകാര്യ ജീവിതത്തേയും കരിയറിനേയും തന്നെ തകര്‍ക്കുന്നതുമാണ് കാഗസ് കേ ഫൂലില്‍ പറയുന്നത്.
ഇറങ്ങിയ സമയത്ത് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു കാഗസ് കേ ഫൂല്‍. ഇതിന് പുറമേ നിരൂപകരും സിനിമയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ചിത്രത്തിന്റെ പരാജയം ഗുരു ദത്തിനെ ബാധിക്കുകയും അദ്ദേഹത്തിന്റെ സിനിമ സ്റ്റുഡിയോയെ തകര്‍ച്ചയുടെ വക്കിലെത്തിക്കുകയും ചെയ്തു. പിന്നീട് അഭിനയജീവിതത്തില്‍ തുടര്‍ന്നെങ്കിലും കാഗസ് കേ ഫൂലിന് ശേഷം ഗുരു ദത്ത് മറ്റൊരു സിനിമ സംവിധാനം ചെയ്തില്ല,
എന്നാല്‍ പിന്നീട് കാഗസ് കേ ഫൂള്‍ വേള്‍ഡ് സിനിമയെന്നും കള്‍ട്ട് സിനിമയെന്നും വാഴത്തപ്പെട്ടു. ഇന്ത്യന്‍ സിനിമാറ്റോഗ്രാഫിയില്‍ ടെക്‌നിക്കല്‍ റെവലൂഷന് വഴിവെച്ച സിനിമയാണ് കാഗസ് കേ ഫൂല്‍. ഇന്ന് നിരവധി ഫിലിം സ്‌കൂളുകളില്‍ സിലബസിന്റെ ഭാഗമാണ് ഈ ചിത്രം. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ഫൈനസ്റ്റ് സെല്‍ഫ് റിഫ്‌ളക്‌സീവ് സിനിമ എന്ന് കാഗസ് കേ ഫൂല്‍ വാഴ്ത്തപ്പെട്ടു.
Content Highlight: write guru dutt and his movie kagaz ke phool