| Monday, 3rd April 2023, 7:26 pm

'സഖാവ് അയ്യപ്പനെ' വേണ്ടാത്ത മോശം കമ്മ്യൂണിസവും പാര്‍ട്ടിക്ക് വേണ്ടി മരിക്കുന്ന നല്ല കമ്മ്യൂണിസവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള സിനിമകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇന്‍ഡസ്ട്രിയാണ് മലയാളം. സന്ദേശം മുതല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വരെ നീണ്ട നിര തന്നെ ഈ ഗണത്തില്‍ എടുക്കാം. രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി ഗൗരവസ്വഭാവത്തില്‍ കഥ പറഞ്ഞ ചിത്രമാണ് ഹിഗ്വിറ്റ.

ഹേമന്ത് ജി. നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Spoiler Alert

നല്ല കമ്മ്യൂണിസ്റ്റുകാരേയും മോശം കമ്മ്യൂണിസ്റ്റുകാരേയും ചിത്രത്തില്‍ കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. മോശം കമ്മ്യൂണിസ്റ്റുകാരെ കാണിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് മൊത്തത്തില്‍ ഇടതുവിരുദ്ധമായി പോകുന്നുണ്ട്.

പാര്‍ട്ടി നേതാവിന്റെ ഗണ്‍മാനായി അപ്പോയ്ന്‍മെന്റ് ലഭിക്കുന്ന അയ്യപ്പദാസ് ജില്ലാതലത്തിലുള്ള നേതാവിനെ കാണാന്‍ പോകുന്ന രംഗമുണ്ട് ചിത്രത്തില്‍. ‘സഖാവ് അയ്യപ്പന്‍’ എന്ന് പറഞ്ഞൊന്ന് സംശയിച്ചിട്ട് ‘സഖാവ് ദാസ്, നമുക്ക് അത് പിടിക്കാ’മെന്നാണ് നേതാവ് പറയുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനെ കൊണ്ടു തന്നെ സഖാവ് അയ്യപ്പന്‍ നമുക്ക് വേണ്ട എന്ന് പറയിക്കുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്.

ചിത്രത്തില്‍ കണ്ണൂരിനെ പോര്‍ട്രെയ് ചെയ്തിരിക്കുന്ന രീതിയാണ് അത്ഭുതപ്പെടുത്തിയത്. വിജനമായ വഴികള്‍, അടഞ്ഞുകിടക്കുന്ന കടകള്‍, ഓരോ മൂലക്കും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി അക്രമമഴിച്ചുവിടുന്ന വിവിധ പാര്‍ട്ടിപ്രവര്‍ത്തകര്‍ എന്നിങ്ങനെ പല തരത്തിലുള്ള ഭീതിജനകമായ കാഴ്ചകളാണ് കണ്ണൂരില്‍ കാണുന്നത്.

പാര്‍ട്ടിക്കാരായ ഓട്ടോത്തൊഴിലാളികള്‍ സ്ത്രീയായ മറ്റൊരു ഓട്ടോഡ്രൈവറെ മര്‍ദിച്ച് അവശയാക്കുന്ന രംഗമുണ്ട് ചിത്രത്തില്‍. അവര്‍ ‘രാഖി കെട്ടിയ പെണ്ണായതുകൊണ്ടാണ്’ മര്‍ദനമേല്‍ക്കേണ്ടി വരുന്നത്. സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന ആര്‍.പി.ഐ.എം. നേതാവ് വന്ന് പരസ്യമായി പൊലീസിനോട് കേസെടുക്കേണ്ട എന്ന് പറയുന്നു.

പാര്‍ട്ടിയുടെ മോശം വശങ്ങള്‍ കാണിക്കാന്‍ കാണിച്ചുകൂട്ടിയ രംഗങ്ങള്‍ സംവിധായകന്‍ ഏതോ ഭാവനലോകത്ത് കണ്ടത് പോലെയാണ് അനുഭവപ്പെടുന്നത്.

അതിന് ശേഷമാണ് നല്ല കമ്മ്യൂണിസത്തിന്റെയും നല്ല കമ്മ്യൂണിസ്റ്റുകാരുടെയും വരവ്. അവര്‍ പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ വെടിഞ്ഞവരാണ്, അതില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുണ്ട്. ആ നല്ല കമ്മ്യൂണിസ്റ്റുകാര്‍ ദരിദ്രന്റെ ദുരിതം അറിഞ്ഞവരാണ്. ഇങ്ങനെ പാര്‍ട്ടിയുടെ രണ്ട് വശങ്ങള്‍ കാണിക്കാനാണ് സിനിമ ശ്രമിക്കുന്നത്. ഇതില്‍ മോശം വശം കാണിക്കാന്‍ ശ്രമിച്ചത് യാഥാര്‍ത്ഥ്യവുമായി ഒരുപാട് മാറിനില്‍ക്കുന്നതും കടുത്ത ഇടതുവിരുദ്ധവുമായി പോയിട്ടുണ്ട്. മൊത്തത്തില്‍ നോക്കുമ്പോള്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ എന്‍ഗേജ് ചെയ്യിക്കാന്‍ ഹിഗ്വിറ്റക്ക് ആയിട്ടില്ല.

Content Highlight: write about the good and bad communists in higuita movie

We use cookies to give you the best possible experience. Learn more