എസ്.എസ്.എഫ് എന്ന സുന്നി വിദ്യാര്‍ത്ഥി സംഘടന ഉത്തര്‍പ്രദേശിലും പഞ്ചാബിലും നടത്തിയ സാഹിത്യോത്സവങ്ങളില്‍ പെണ്‍കുട്ടികള്‍ പാട്ടുപാടുന്നതിന്റെയും പ്രസംഗിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടു. ഉസ്താദുമാരും നാട്ടുകാരുമെല്ലാം ആവേശത്തോടെ കയ്യടിക്കുന്നു. ഫാസിസ്റ്റുകള്‍ വേട്ടക്കെത്തുന്നതിനും മുമ്പെ തന്നെ വിധിവിലക്കുകളുമായി ദീന്‍ നടത്തിപ്പുകാര്‍ ഇവിടെയെത്തിയേക്കും. അവിടത്തെ സാഹിത്യോത്സവങ്ങളെ ഹറാം വിമുക്തമാക്കിയേക്കും.
പഴയ നബിദിനക്കാലങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സിലേക്ക് കൊണ്ടുവന്ന ചിത്രങ്ങളായിരുന്നു അത്.
ഞാനന്ന് ഒന്നിലോ രണ്ടിലോ ആണ് പഠിക്കുന്നത്. ഇത്താത്തമാരും അവരുടെ കൂട്ടുകാരികളും നബിദിനപ്പാട്ടുകള്‍ക്കായി വീട്ടിലെ പഴയ പാട്ടുപുസ്തകം തേടിയെത്തി. വായിച്ചി (ഉപ്പ) അവര്‍ക്ക് പാട്ടുകള്‍ വീതംവെച്ച് നല്‍കി. കാഫ് മല കണ്ട പൂങ്കാറ്റും മാനത്തെ നാട്ടില്‍ വട്ടം കറങ്ങുന്ന മാടപ്പിറാവുകളും തുടങ്ങി മലയാളം പാട്ടുകളും അയ്ളിംബി നബിയിന്‍ സയ്യിദുല്‍ ഖൗനൈനി പോലുള്ള അറബി പാട്ടുകളുമൊക്കെയായി പിന്നെ പാട്ടുപഠിത്തമാണ്. നബിദിനത്തിന് മൈക്കിലൂടെ പാട്ടുപാടി ഇത്താത്തമാരും കൂട്ടുകാരികളും സമ്മാനങ്ങള്‍ വാങ്ങി. നബിദിന റാലികളില്‍ അവരെല്ലാം ആവേശത്തോടെ പങ്കെടുത്തതും ഓര്‍മയിലുണ്ട്. മദ്രസിലെ ഉസ്താദുമാരും മഹല്ല് ഭാരവാഹികളും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി.
പിന്നീടെപ്പോഴോ വിലക്കുകള്‍ വന്നുതുടങ്ങി. പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറരുത്, പാട്ടുപാടരുത്. ഞാനൊക്കെ മുതിര്‍ന്ന ക്ലാസുകളിലെത്തിയപ്പോഴേക്കും നബിദിന പരിപാടികളെല്ലാം ആണ്‍കുട്ടികളുടെ മാത്രമായി മാറിയിരുന്നു. ആണ്‍കുട്ടികള്‍ പാടുകയും പറയുകയും ചെയ്തു. പെണ്‍കുട്ടികള്‍ സദസ്സിന് ഏറ്റവും പിറകില്‍ എല്ലാത്തിനും മൂകസാക്ഷികളായിരുന്നു. എല്ലാം മാറ്റിമറിച്ചത് മത സംഘടനകളുടെ ചില തീരുമാനങ്ങളായിരുന്നു.
പെണ്‍കുട്ടികള്‍ പാടാന്‍ പാടില്ല, സ്റ്റേജില്‍ കയറാന്‍ പാടില്ല, എല്ലാം ഇസ്‌ലാമിക വിരുദ്ധമാണെന്ന് തീരുമാനങ്ങള്‍ വന്നു. അല്ലാഹുവിനും തിരുദൂതര്‍ക്കും പൊരുത്തമില്ലാത്ത ഹറാമായ കാര്യം നബിദിനത്തിന് വേണ്ടെന്ന് അങ്ങനെ മഹല്ല് കമ്മിറ്റികള്‍ തീരുമാനിച്ചു. പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ ബോധവത്കരിച്ചു. ആണ്‍കുട്ടികളുടെ പാട്ടുകള്‍ കേട്ടിരിക്കുക മാത്രമാണ് നിങ്ങളുടെ ദൗത്യമെന്ന് പെണ്‍കുട്ടികളെ വിശ്വസിപ്പിച്ചു. ഞങ്ങള്‍ ആണ്‍കുട്ടികള്‍ അത് പ്രിവിലേജ് ആയികരുതി ആസ്വദിച്ചു.
പിന്നീടൊരിക്കലും പെണ്‍കുട്ടികളെ ഞാന്‍ നബിദിന സ്റ്റേജില്‍ കണ്ടിട്ടില്ല. നബിദിനത്തിന് മാത്രമല്ല, മദ്രസകളില്‍ അവര്‍ക്ക് സ്റ്റേജുകള്‍ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ ഞാന്‍ കണ്ടത് സ്റ്റേജില്‍ നിന്ന് ആ ഉസ്താദ് ഇറക്കിവിട്ട പെണ്‍കുട്ടിയെയാണ്.
ഇത്രയുമെല്ലാം ഒറ്റ ശ്വാസത്തില്‍ ഓര്‍മവന്നത് എസ്.എസ്.എഫ് എന്ന സുന്നി വിദ്യാര്‍ത്ഥി സംഘടന കേരളത്തിന് പുറത്ത് നടത്തിയ സാഹിത്യോത്സവ് വേദികള്‍ കണ്ടപ്പോഴാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാഹിത്യോത്സവങ്ങളില്‍ പെണ്‍കുട്ടികള്‍ പാട്ടുപാടുന്നതിന്റെയും പ്രസംഗിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടു.
പെണ്‍കുട്ടികള്‍ കസേരക്കളിയിലും ലെമണ്‍ സ്പൂണ്‍ കളിയിലും പങ്കെടുക്കുന്നു. ഉസ്താദുമാരും നാട്ടുകാരുമെല്ലാം ആവേശത്തോടെ കയ്യടിക്കുന്നു. ദാരിദ്ര്യവും ഭയവും നിഴലിച്ചുനിന്ന മുഖങ്ങളില്‍ സന്തോഷം വിടരുന്നു. അവര്‍ ചിരിക്കുന്നു. കല അവരെ സ്വതന്ത്രരാക്കുന്നത് കാണാനാകുന്നു.
ഉത്തര്‍പ്രദേശ്, പഞ്ചാബ് എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഫേസ്ബുക്കുകളില്‍ പെണ്‍കുട്ടികളുടെ കലാപരിപാടികളുടെ ചിത്രങ്ങള്‍ ഒരു സങ്കോചവുമില്ലാതെ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ ചിലര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നീടവര്‍ ഡിലീറ്റ് ചെയ്‌തെങ്കിലും.
മറന്നുപോയ്‌ക്കൊണ്ടിരുന്ന കുട്ടിക്കാലത്തെ മദ്രസാ ഓര്‍മകള്‍ ആ ചിത്രങ്ങള്‍ തിരികെക്കൊണ്ടുവന്നു. വിലക്കുകളില്ലാത്ത കാലത്ത് നമ്മുടെ മദ്രസകളില്‍ പെണ്‍കുട്ടികള്‍ സന്തോഷത്തോടെ നബിദിനപ്പാട്ടുകള്‍ പാടിയതാണ് ഓര്‍മയിലേക്ക് വന്നത്. പാട്ടുകള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ അന്ന് എങ്ങനെയായിരിക്കും അതിനോട് പൊരുത്തപ്പെട്ടിട്ടുണ്ടാവുകയെന്ന് ഓര്‍ത്തുപോയി. എത്ര സുന്ദരമായ നബിദിനങ്ങളാണ് പിന്നീട് വന്ന ദീന്‍ നടത്തിപ്പുകാര്‍ നഷ്ടപ്പെടുത്തിയതെന്ന് ഓര്‍ത്തപ്പോള്‍ സങ്കടം തോന്നി.
ഫാസിസ്റ്റുകള്‍ വേട്ടക്കെത്തുന്നതിനും മുമ്പെ തന്നെ വിധിവിലക്കുകളുമായി അധികം വൈകാതെ ദീന്‍ നടത്തിപ്പുകാര്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലുമെത്തിയേക്കും. അവിടത്തെ സാഹിത്യോത്സവങ്ങളെ ഹറാം വിമുക്തമാക്കിയേക്കും.
അതുവരെയെങ്കിലും ആ പെണ്‍കുട്ടികള്‍ സ്വപ്നം കാണട്ടെ… ഹൃദയം തുറന്ന് പാടട്ടെ… വര്‍ണാഭമായ കലാലോകത്ത് നിന്നും നമ്മുടെ പെണ്‍കുട്ടികളെ ആരാണ് തടഞ്ഞുവെക്കുന്നത്.
Content Highlight: Write about SSF Punjab and Uttar Pradesh Sahithyotsav comparing it with the situation in Kerala Madrasas