സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ സിനിമയെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന സംവിധായകനാണ് അറ്റ്‌ലി. ആദ്യചിത്രമായ രാജാ റാണി ഒഴിവാക്കിയാല്‍ പിന്നീട് വന്ന ചിത്രങ്ങളിലെല്ലാം അദ്ദേഹം അത് പിന്തുടര്‍ന്നിട്ടുണ്ട്.
സാധാരണ ഗതിയില്‍ സമാന്തര സിനിമകളിലാണ് ഇത്തരം പ്രവണതകള്‍ കാണാറുള്ളത്. അത് ഒരു വിഭാഗം പ്രേക്ഷകരില്‍ ഒതുങ്ങി നില്‍ക്കുകയും ചെയ്യും. എന്നാല്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഒരു മാസ് സിനിമ ഉപയോഗിക്കുകയും അതിനായി ഇന്‍ഡസ്ട്രിയിലെ തന്നെ സൂപ്പര്‍ താരങ്ങളെ തന്നെ ഉപയോഗിക്കുകും ചെയ്യുന്നു എന്നതാണ് അറ്റ്‌ലിയുടെ പ്രത്യേകത.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജവാനും വ്യത്യസ്തമല്ല. ഷാരൂഖ് ഖാന്‍ നായകനായ ചിത്രം ഇതുവരെ അറ്റ്‌ലി എടുത്തുവെച്ച വിജയ് സിനിമകളുടെ ആകെത്തുകയാണ്. സിനിമ എന്ന നിലയില്‍ ജവാന്‍ ഒരു മോശം അനുഭവവും രാഷ്ട്രീയ പശ്ചാത്തലവും നിലപാടുകളും നോക്കുകയാണെങ്കില്‍ പ്രസക്തവുമാണ്.
നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകരും സിനിമാ നിരൂപകരും വലിയ ആവേശത്തോടെയാണ് ജവാനെ സ്വീകരിക്കുന്നത്. കാരണം തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ രാഷ്ട്രീയ തലത്തില്‍ തന്നെ ചോദ്യം ചെയ്യുകയാണ് ചിത്രം. സൗത്തില്‍ അത്തരത്തില്‍ അറ്റ്‌ലിയുടെ തന്നെ എത്രയോ ചിത്രങ്ങള്‍ വന്നിട്ടുണ്ട്. നമുക്കിത് ആവര്‍ത്തവിരസമാണെങ്കില്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ അധികം കാണാത്ത നോര്‍ത്തിലെ പ്രേക്ഷകര്‍ക്ക് ജവാന്‍ ഒരു പുതുമ തന്നെയാണ്.
നായകന്റെ പേര് തന്നെ നോക്കൂ, ആസാദ് എന്നാണ്. ഹിന്ദിയില്‍ ആസാദി എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം. രാജ്യത്ത് നടക്കുന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് ജവാന്‍ ചെയ്യുന്നത്.
ലോണ്‍ തുക അടച്ചുതീര്‍ക്കാനാവാതെ ദരിദ്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും കോടികള്‍ ലോണെടുത്ത വന്‍കിട ബിസിനസുകാര്‍ രാജ്യം വിട്ടുപോവുകയും അവരുടെ കടങ്ങള്‍ എഴുതി തള്ളുകയും ചെയ്യുന്ന ഇന്ത്യയില്‍ ഇത്തരം സിനിമകള്‍ ഒരു പ്രതീക്ഷയാണ്. അതിനോടുള്ള ഒരു സാധാരണ പ്രേക്ഷകന്റെ വികാരമാവാം ഷാരൂഖ് പറയുന്ന രോഷം കലര്‍ന്ന ഡയലോഗില്‍ അറ്റ്ലി ചേര്‍ത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പാകുമ്പോള്‍ കാശൊഴുകുന്ന ഉത്തരേന്ത്യന്‍ മണ്ണില്‍ നിന്ന് ഷാരൂഖ് ഖാനെ പോലെ ഒരു സൂപ്പര്‍ താരം വോട്ടിനെ പറ്റി സംസാരിക്കുന്നത് വലിയ ഇംപാക്ട് ആവും സൃഷ്ടിക്കുക.
കെട്ട കാലത്ത് രാജ്യത്തെ സാമൂഹിക രാഷ്ട്രീയ അരക്ഷിതാവസ്ഥകള്‍ക്കും അനീതികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ സൂപ്പര്‍ സ്റ്റാറുകളെ ഉപയോഗിച്ച് മാസ് സിനിമകളെടുക്കുന്നതിലൂടെ അറ്റ്‌ലി റിയല്‍ ലൈഫില്‍ മാസ് കാണിക്കുകയാണ്.
Content Highlight: Write about Atlee and his movies