| Sunday, 7th August 2022, 6:35 pm

കരുണാകരന്റെ സ്വിമ്മിങ് പൂളും 90കളിലെ ഗ്രൂപ്പിസവും; കടുവയിലെ ചില റഫറന്‍സുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

90കളുടെ പശ്ചാത്തലത്തില്‍ പാലായില്‍ നടക്കുന്ന കഥ, അതാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ കടുവ. മാസ് സിനിമകളുടെ അടിസ്ഥാനഘടകമായ നായകനും വില്ലനും തമ്മിലുള്ള കോണ്‍ഫ്ളിക്റ്റുകള്‍ക്കപ്പുറം പല ലെയേഴ്സ് കടുവയിലുണ്ട്. അതിനുള്ളില്‍ 90കളിലെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സംഭവങ്ങളും കടന്നുവരുന്നു.

കടുവാക്കുന്നേല്‍ കുര്യച്ചന്റെ പ്രതികാരം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളേയും ഭരണകൂടത്തേയും കൂടി ഉള്‍ക്കൊള്ളിച്ചതാണ്. സിനിമക്കുള്ളില്‍ വരുന്ന ചില സംഗതികള്‍ 90കളില്‍ കോണ്‍ഗ്രസിനുള്ളില്‍ നടന്ന ഗ്രൂപ്പ് രാഷ്ട്രീയവും അധികാര അട്ടിമറികളും ഓര്‍മിപ്പിക്കുന്നു.

ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ തിരുവനന്തപുരത്തെ കലാപം കാണിക്കുന്നുണ്ട്. വലിയ തുറ എന്ന സ്ഥലത്ത് നടക്കുന്നതായി കാണിക്കുന്ന കലാപം 1992ല്‍ നടന്ന പൂന്തുറ കലാപത്തോട് സമാനമാണ്. ജൂലൈ 15ന് തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ പൂന്തുറയില്‍ നടന്ന കലാപത്തിലെ പൊലീസ് വെടിവെപ്പില്‍ അഞ്ചു പേരാണു കൊല്ലപ്പെട്ടത്.

അന്തരിച്ച മുന്‍മുഖ്യമന്ത്രി കരുണാകരന്റെ ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു രമണ്‍ ശ്രീവാസ്തവ. വിവേക് ഒബ്രോയ് അവതരിപ്പിച്ച ഐ.ജി. ജോസഫ് ചാണ്ടിയുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ രമണ്‍ ശ്രീവാസ്തവയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.

സിനിമയില്‍ കലാപത്തിനിടയില്‍ പൊലീസ് സേനയോട് ഷൂട്ട് ചെയ്യാന്‍ ജോസഫ് ചാണ്ടി ആവശ്യപ്പെടുന്നുണ്ട്. 1991ല്‍ പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ നടന്ന വെടിവെപ്പില്‍ 11വയസുകാരി സിറാജുന്നിസ കൊല്ലപ്പെട്ടത് കേരളത്തെ ഇളക്കിമറിച്ച സംഭവമാണ്. ഈ സമയത്ത് എനിക്ക് മുസ്‌ലിങ്ങളുടെ ശവശരീരങ്ങള്‍ കാണണം എന്ന് വയര്‍ലെസ് സെറ്റിലൂടെ രമണ്‍ ശ്രീവാസ്തവ ആക്രോശിച്ചിരുന്നു.

ജനാര്‍ദ്ദനനാണ് കടുവയില്‍ മുഖ്യമന്ത്രിയായി എത്തുന്നത്. മുഖ്യമന്ത്രിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും ആക്ഷന്‍സും അന്തരിച്ച മുന്‍മുഖ്യമന്ത്രി കരുണാകരനോട് ബന്ധപ്പെട്ടിരിക്കുന്നതാണ്. സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് കാരണം അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവുന്നുണ്ട്.

ദൃശ്യമാധ്യമങ്ങളൊക്കെ സജീവമല്ലാതിരുന്ന കാലത്ത് കരുണാകരന് പത്രപ്രവര്‍ത്തകരെ നോക്കി കണ്ണിറുക്കുന്ന ശീലമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ചിത്രത്തില്‍ ഐ.ജി. ജോസഫ് ചാണ്ടിയെ നോക്കി ജനാര്‍ദ്ദനനും കണ്ണിറുക്കുന്ന രംഗമുണ്ട്. അധികാരം നഷ്ടമായതിന് ശേഷം ഇയാള്‍ സ്വിമ്മിങ് പൂളിന് സമീപമിരിക്കുന്ന രംഗവും ചിത്രത്തിലുണ്ട്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. നിര്‍മാണഘട്ടത്തില്‍ കുളം നിര്‍മാണം വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു.

സ്വിമിങ് പൂളിലേതിന് ശേഷം വരുന്ന സീനില്‍ ചുമരില്‍ ഗുരുവായൂരപ്പന്റെ ചിത്രവും കാണാം. എല്ലാ മലയാള മാസവും ഗുരുവായൂരില്‍ പോയി ദര്‍ശനം നടത്തുന്ന പതിവും കരുണാകരന് ഉണ്ടായിരുന്നു. ആശ്രിത വത്സലനായ കരുണാകരനെ പോലെ ജനാര്‍ദ്ദനന്റെ കഥാപാത്രവും സിനിമയുടെ അവസാനം വരെ ജോസഫ് ചാണ്ടിയെ കൈ വിടുന്നില്ല.

മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഘടകകക്ഷിയാണ് തന്റെ പാര്‍ട്ടിയെന്ന് ശിവജി ഗുരുവായൂരിന്റെ കഥാപാത്രം സിനിമയില്‍ പറയുന്നുണ്ട്. സഭയുമായി അടുത്ത ബന്ധമുള്ള കേരള കോണ്‍ഗ്രസിനെയാണ് ശിവജി ഗുരുവായൂരും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഓര്‍മിപ്പിക്കുന്നത്. സുരേഷ് കൃഷ്ണയും അദ്ദേഹത്തിനൊപ്പമുള്ള കഥാപാത്രവും എ.കെ. ആന്റണിയോടും ഉമ്മന്‍ ചാണ്ടിയോടും സാദൃശ്യമുള്ളവരാണ്.

ഗ്രൂപ്പ് ചരടുവലികള്‍ നടത്തി ജനാര്‍ദ്ദനന്റെ മുഖ്യമന്ത്രി പദം അട്ടിമറിക്കുന്നത് സുരേഷ് കൃഷ്ണയും ഒപ്പമുള്ള നേതാവുമാണ്. അതിനായി അവര്‍ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിക്കെതിരായ പാമോയില്‍ കോഴ കേസാണ്. ജനാര്‍ദ്ദനന്‍ രാജി വെച്ചതിന് ശേഷം സുരേഷ് കൃഷ്ണയാണ് മുഖ്യമന്ത്രിയാവുന്നത്.

ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കിടയില്‍ ഹൈക്കമാന്‍ഡില്‍ നിന്നും ഇരുവരേയും കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്. റാവുജിക്ക് ഗ്രൂപ്പ് തര്‍ക്കത്തില്‍ അതൃപ്തിയുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. 91 മുതല്‍ 96 ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു നരസിംഹ റാവുവായിരിക്കാം സിനിമയിലെ റാവുജി.

പുനപ്രസിദ്ധീകരണം

Content Highlight: write about 90’s congress political reference in kaduva movie reshare

We use cookies to give you the best possible experience. Learn more