| Wednesday, 4th May 2022, 8:11 pm

ഞാന്‍ ഒരിക്കലും ധോണിയെപ്പോലെയല്ല; പെട്ടന്ന് റണ്‍സെടുക്കാനുള്ള കഴിവ് എനിക്കുണ്ട്; തുറന്നടിച്ച് വൃദ്ധിമാന്‍ സാഹ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ട്രംപ് കാര്‍ഡാണ് വൃദ്ധിമാന്‍ സാഹ. അവശ്യഘട്ടങ്ങളില്‍ അവസരത്തിനൊത്തുയരുന്ന സാഹ ഇപ്പോള്‍ ടൈറ്റന്‍സിന്റെയും ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെയും വിശ്വസ്തനാണ്.

ഏതൊരു സാഹചര്യത്തിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കെല്‍പുള്ള സാഹ, പല തവണ ഇക്കാര്യം തെളിയിച്ചതുമാണ്.

മാത്യു വേഡിന്റെ നിഴലില്‍ ഒതുങ്ങാനിയരുന്നു കുറച്ച് മത്സരങ്ങള്‍ക്ക് മുമ്പ് വരെ സാഹയുടെ വിധി. എന്നാല്‍ വേഡ് മങ്ങിയപ്പോള്‍ പകരമെത്തിയ താരം തന്റെ റോള്‍ ഓരോ മത്സരത്തിലും ഒന്നിനൊന്ന് മികച്ചതാക്കുകയായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഹാഫ് സെഞ്ച്വറിയടക്കം താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത് എണ്ണം പറഞ്ഞ ഷോട്ടുകളും ഇന്നിംഗ്‌സുകളുമാണ്.

തനിക്ക് മറ്റ് താരങ്ങളായ ഗെയ്‌ലിനെ പോലെയോ ധോണിയെ പോലെ മികച്ച ശരീരമില്ലെന്നും, എന്നാല്‍ അവരെ പോലെ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കില്ലെന്നും പറയുകയാണ് സാഹ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു സാഹയുടെ പരാമര്‍ശം.

‘എന്റെ കളിരീതി കണക്കിലെടുത്ത് ഷോര്‍ട്ട് ഫോര്‍മാറ്റില്‍ കളിക്കാനായിരുന്നു വളരെ ചെറുപ്പം മുതല്‍ തന്നെ എനിക്കിഷ്ടം. എനിക്ക് ഗെയ്‌ലിനെ പോലെയോ റസലിനെ പോലെയോ ധോണി ഭായിയെ പോലെയോ മികച്ച ശരീരമല്ല ഉള്ളത്. അവരെ പോലെയുള്ള ഷോട്ടുകള്‍ കളിക്കാനോ എനിക്ക് സാധിക്കില്ല.

എന്നാല്‍ ടീമിന് വേണ്ടി എനിക്ക് പവര്‍ പ്ലേയിലടക്കം പെട്ടന്ന് തന്നെ റണ്‍സ് നേടാന്‍ സാധിക്കും. ഞാനൊരിക്കലും അപ്പോള്‍ വ്യക്തിഗത നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. ഇത്തരത്തില്‍ സ്ഥിരതയോടെ റണ്‍സ് നേടാന്‍ എനിക്ക് സാധിക്കും,’ സാഹ പറയുന്നു.

ഇതുവരെ അഞ്ച് ഇന്നിംഗ്‌സുകളിലാണ് താരം ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി പാഡണിഞ്ഞിട്ടുള്ളത്. 30.80 ശരാശരിയില്‍ 154 റണ്‍സാണ് സാഹ ടീമിന് വേണ്ടി ഈ സീസണില്‍ സ്വന്തമാക്കിയത്.

Content Highlight: Wridhiman Saha about his playing style

We use cookies to give you the best possible experience. Learn more