ഐ.പി.എല്ലില്‍ വൃദ്ധിമാന്‍ സാഹയുടെ വെടിക്കെട്ടിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാണ് സാഹ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടികളേറ്റുവാങ്ങിയത്.
43 പന്ത് നേരിട്ട 81 റണ്‍സാണ് സാഹ സ്വന്തമാക്കിയത്. 40 ബൗണ്ടറിയും നാല് സിക്‌സറുമാണ് താരം സ്വന്തമാക്കിയത്. 188.37 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
സാഹയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടിന്റെ ബലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 227 റണ്‍സ് എന്ന തകര്‍പ്പന്‍ സ്‌കോറിലെത്തിയിരുന്നു. ഐ.പി.എല്ലില്‍ ടൈറ്റന്‍സിന്റെ ഏറ്റവും മികച്ച സ്‌കോറാണിത്.
മൊഹ്‌സിന്‍ ഖാന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സാഹ വെടിക്കെട്ട് തുടങ്ങിയിരുന്നു. പവര്‍പ്ലേയില്‍ ഗുജറാത്തിന്റെ സ്‌കോര്‍ 70 കടക്കാന്‍ പ്രധാന കാരണവും സാഹ തന്നെയായിരുന്നു. ആദ്യ ഓവറുകളില്‍ ഗില്‍ അല്‍പം പതുങ്ങിയപ്പോള്‍ എല്ലാ പന്തും ആക്രമിച്ചുകളിക്കുക എന്ന മനോഭാവമായിരുന്നു സാഹയുടേത്.
താരത്തിന്റെ ഈ പ്രകടനത്തിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും കൃത്യമായ അവസരങ്ങള്‍ നല്‍കാതെ തഴഞ്ഞ സാഹ നെഹ്‌റയുടെ കൈകളിലെത്തിയപ്പോള്‍ തിളങ്ങുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
𝐏𝐎𝐖𝐄𝐑𝐅𝐔𝐋 performance with the bat! ✅
𝐂𝐋𝐈𝐍𝐈𝐂𝐀𝐋 show with the ball! ✅
സാഹയെ കൃത്യമായി ഉപയോഗിക്കുന്നതിനും വേണ്ട പിന്തുണ നല്‍കിയതിനും ഗുജറാത്തിന് അഭിന്ദനവുമായി ബ്രെറ്റ് ലീയും രംഗത്തെത്തിയിരുന്നു. ജിയോ സിനിമയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അവനെ നിലനിര്‍ത്തിയതിന് ഗുജറാത്ത് ടൈറ്റന്‍സിന് എല്ലാ വിധ അഭിനന്ദനങ്ങളും. അവര്‍ അവനെ പിന്തുണച്ചു. ബാറ്റ് കൊണ്ട് തനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്ന് അവന്‍ ഓരോ തവണയും തെളിയിക്കുകയാണ്.
സമ്മര്‍ദത്തിലായിരിക്കുമ്പോഴും അവന്‍ റണ്‍സ് നേടുന്ന രീതി എനിക്കിഷ്ടമാണ്. ആദ്യ പന്ത് മുതല്‍ക്കുതന്നെ അവന്‍ ആക്രമിച്ചു കളിക്കുകയായിരുന്നു,’ ലീ പറഞ്ഞു.
ടൈറ്റന്‍സ് ഉയര്‍ത്തിയ 228 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് 171 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഈ വിജയത്തിന് പിന്നാലെ പ്ലേ ഓഫിന് യോഗ്യത നേടാനും ടൈറ്റന്‍സിന് സാധിച്ചു.
Content Highlight: Wriddhiman Saha’s incredible innings against Lucknow Super Giants