| Thursday, 13th April 2023, 9:39 pm

വൗ സാഹ... അപ്പീല്‍ ചെയ്യാന്‍ പോലും ആരുമില്ലാഞ്ഞിട്ടും വിക്കറ്റ് വാങ്ങിയെടുത്ത ആ മിടുക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 18ാം മത്സരം മൊഹാലിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആതിഥേയരായ പഞ്ചാബ് കിങ്‌സ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീമിന് മികച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പൂജ്യത്തിന് നഷ്ടമായ പഞ്ചാബിന് ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ എട്ട് റണ്‍സിനും നഷ്ടമായിരുന്നു.

മുഹമ്മദ് ഷമിയും പന്തില്‍ റാഷിദ് ഖാന് ക്യാച്ച് നല്‍കി പ്രഭ്‌സിമ്രാന്‍ മടങ്ങിയപ്പോള്‍ ജോഷ്വാ ലിറ്റിലായിരുന്നു ധവാനെ മടക്കിയത്. ലിറ്റിലിന്റെ പന്തില്‍ ഷോട്ട് കളിച്ച ധവാന്‍ അല്‍സാരി ജോസഫിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

മൂന്നാമനായി ഇറങ്ങിയ മാത്യൂ ഷോര്‍ട്ട് ഒരു കാമിയോ പ്രകടനം കാഴ്ചവെച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും മോശമല്ലാത്ത രീതിയില്‍ ബാറ്റ് വീശി. റാഷിദ് ഖാന്റെ ഡെലിവെറിയില്‍ ക്ലീന്‍ ബൗള്‍ഡായി ഷോര്‍ട്ട് പുറത്തായപ്പോള്‍ മോഹിത് ശര്‍മയുടെ പന്തില്‍ വൃദ്ധിമാന്‍ സാഹക്ക് ക്യാച്ച് നല്‍കിയായിരുന്നു ജിതേഷ് ശര്‍മയുടെ മടക്കം.

13ാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു ജിതേഷ് ശര്‍മ പുറത്തായത്. മോഹിത്തിന്റെ പന്ത് ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ച ജിതേഷിന് പിഴക്കുകയായിരുന്നു.

പന്ത് കൈപ്പിടിയിലൊതുക്കിയ വൃദ്ധിമാന്‍ സാഹ ഉടന്‍ തന്നെ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. ടൈറ്റന്‍സ് ടീമിലെ മറ്റൊരു താരം പോലും വിക്കറ്റിനായി അപ്പീല്‍ ചെയ്തിരുന്നില്ല. പന്തെറിഞ്ഞ മോഹിത് ശര്‍മ പോലും വിക്കറ്റിനായി വാദിച്ചിരുന്നില്ല എന്നതാണ് രസകരമായ വസ്തുത.

ടീമിലെ ഒരാള്‍ പോലും അപ്പീല്‍ ചെയ്യാതിരുന്ന സാഹചര്യത്തിലും സാഹ അപ്പീലുമായി മുന്നോട്ട് പോവുകയും റിവ്യൂ എടുക്കാന്‍ ഹര്‍ദിക്കിനോട് ആവശ്യപ്പെടുകയുമായിരുന്നു.

വിക്കറ്റിന്റെ കാര്യത്തില്‍ ഒരു ഉറപ്പുമില്ലാതിരുന്ന ഹര്‍ദിക് പാണ്ഡ്യ പലവട്ടം ആവര്‍ത്തിച്ച് ചോദിച്ച ശേഷം അവസാന നിമിഷമാണ് റിവ്യൂ എടുത്തത്. റിവ്യൂ എടുത്ത ശേഷം പാണ്ഡ്യ തല കുനിച്ച് നില്‍ക്കുകയായിരുന്നു.

എന്നാല്‍ അള്‍ട്രാ എഡ്ജില്‍ ക്ലിയര്‍ സ്‌പൈക്ക് കാണുകയും ജിതേഷ് ശര്‍മ പുറത്താവുകയുമായിരുന്നു.

അതേസമയം, പഞ്ചാബ് കിങ്‌സിന്റെ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് പഞ്ചാബ് സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ ഷാരൂഖ് ഖാന്റെ കാമിയോ പ്രകടനമാണ് പഞ്ചാബിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

ഗുജറാത്ത് ടൈറ്റന്‍സിനായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് വീഴ്ത്തിയിരുന്നു. മോഹിത് ശര്‍മ നാല് ഓവറില്‍ 18 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, ജോഷ്വാ ലിറ്റില്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Wriddhiman Saha’s appeal against Jitesh Sharma

We use cookies to give you the best possible experience. Learn more