ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ പേര് പറയുമ്പോള്‍ പലരുടെയും മനസില്‍ വരുന്ന പേരാണ് വൃദ്ധിമാന്‍ സാഹയുടേത്. ബംഗാളില്‍ നിന്നുള്ള ഈ വിക്കറ്റ് കീപ്പര്‍ ബാറ്ററെപ്പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മവരിക 2014 ഐ.പി.എല്‍ ഫൈനലാണ്.
പഞ്ചാബിന് വേണ്ടി 55 പന്തില്‍ 115 റണ്‍സ് നേടിയിട്ടും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയാത്ത പോരാട്ടം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഉണ്ടാകും. ഇപ്പോഴിതാ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
ഈ വര്‍ഷത്തെ രഞ്ജി സീസണോടുകൂടി താന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിടപറയുമെന്നാണ് താരം അറിയിച്ചത്. ബംഗാളിന് വേണ്ടിയാണ് സാഹ രഞ്ജിയില്‍ കളിക്കുന്നത്. 2010ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ നാഗ്പൂരില്‍ നടന്ന ടെസ്റ്റിലാണ് സാഹ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. ആദ്യ ടെസ്റ്റില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് കിട്ടിയ അവസരങ്ങള്‍ സാഹ നന്നായി വിനിയോഗിച്ചു.
40 ടെസ്റ്റ് മത്സരങ്ങളിലെ 56 ഇന്നിങ്‌സില്‍ നിന്ന് 1,153 റണ്‍സ് സാഹ നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയും നേടിയ സാഹയുടെ ഉയര്‍ന്ന സ്‌കോര്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 117 റണ്‍സാണ്.
കരിയറിന്റെ തുടക്കത്തില്‍ ധോണിക്ക് പകരം റിസര്‍വ് വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ മാത്രമാണ് സാഹക്ക് സാധിച്ചത്. ധോണിയുടെ വിരമിക്കലിന് ശേഷം സാഹക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ റിഷബ് പന്തിന്റെ വരവോടുകൂടി സാഹയുടെ അവസരങ്ങള്‍ വീണ്ടും കുറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരെ 2021ല്‍ വാംഖഡെയില്‍ നടന്ന ടെസ്റ്റിലാണ് അവസാനമായി സാഹ ഇന്ത്യയെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സാഹക്ക് പകരം പുതുമുഖമായ ശ്രീകര്‍ ഭരതിനെ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തത് പലരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. സാഹക്ക് പകരം ടീമിലിടം നേടിയ ഭരത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല.
ഐ.പി.എല്ലില്‍ അഞ്ച് ടീമുകള്‍ക്ക് വേണ്ടി സാഹ ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്. കൊല്‍ക്കത്ത് വേണ്ടി ഐ.പി.എല്ലില്‍ അരങ്ങേറിയ സാഹ പിന്നീട് പഞ്ചാബ് കിങ്‌സിന് വേണ്ടിയും അവിടെ നിന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും കളിച്ചിരുന്നു.
2022ലെ മെഗാ ലേലത്തില്‍ ഗുജറാത്തിലേക്കെത്തിയ താരം പിന്നീട് രണ്ട് സീസണ്‍ ടൈറ്റന്‍സിന് വേണ്ടി പാഡണിഞ്ഞു. ആദ്യ ഐ.പി.എല്‍ സീസണ്‍ മുതല്‍ 2024 വരെ കളിച്ച ചുരുക്കം കളിക്കാരില്‍ ഒരാള്‍ കൂടിയാണ് സാഹ. 170 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും 13 അര്‍ധസെഞ്ചറിയും അടക്കം 2934 റണ്‍സ് സാഹ തന്റെ പേരിലഴുതി ചേര്‍ത്തിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബംഗാളിന് വേണ്ടി 138 മത്സരങ്ങളില്‍ പാഡണിഞ്ഞ താരം 203 ഇന്നിങ്‌സുകളില്‍ നിന്ന് 14 സെഞ്ചറിയും 43 ഫിഫ്റ്റിയുമടക്കം 7013 റണ്‍സ് തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്.
Content Highlight: Wriddhiman Saha announced his retirement from all formats