| Tuesday, 7th June 2022, 9:49 pm

ഇനി നീ കളിക്കുകയേ വേണ്ട, പോയി വിരമിച്ചോ എന്ന് ദ്രാവിഡ് മുഖത്ത് നോക്കി പറഞ്ഞതിന് ശേഷം എന്റെ ശ്രദ്ധ അതില്‍ മാത്രമായിരുന്നു; വെളിപ്പെടുത്തലുമായി സാഹ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമായിരുന്നു വൃദ്ധിമാന്‍ സാഹ. ബാറ്ററെന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ഗുജറാത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു സാഹ.

ധോണിയുടെ വിരമിക്കലിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായി വിലയിരുത്തപ്പെട്ട താരമായിരുന്നു സാഹ. എന്നാല്‍ റിഷബ് പന്ത് അടക്കമുള്ള യുവതാരങ്ങള്‍ ഉയര്‍ന്നുവന്നതോടെ സാഹയുടെ കരിയറിലും മാറ്റമുണ്ടായി.

ദിവസങ്ങള്‍ക്ക് മുമ്പ് സാഹ പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് ടീമില്‍ നിന്നും സ്വയം ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ താരം നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ശ്രദ്ധനേടുന്നത്.

തന്നോട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ രാഹുല്‍ ദ്രാവിഡ് മുഖത്ത് നോക്കി പറഞ്ഞിരുന്നുവെന്നാണ് സാഹ പറയുന്നത്.

സ്‌പോര്‍ട്‌സ് കീഡയോടായിരുന്നു സാഹ ഇക്കാര്യം പറഞ്ഞത്.

‘എന്റെ സേവനം ഇനി ഇന്ത്യന്‍ ടീമിന് വേണ്ട എന്ന് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ശ്രദ്ധ ഐ.പി.എല്ലിലേക്കും ആഭ്യന്തര ക്രിക്കറ്റിലേക്കും മാറ്റുകയായിരുന്നു,’ സാഹ പറയുന്നു.

‘കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ എനിക്കിതുവരെ സാധിച്ചിരുന്നില്ല. അടുത്തതായി എന്ത് തന്നെ ചെയ്യുകയാണെങ്കിലും അതിന് മുമ്പ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ സാഹ കൂട്ടിച്ചേര്‍ത്തു.

ചേതേശ്വര്‍ പൂജാരയുടെ പാതയില്‍ സാഹ കൗണ്ടി ക്രിക്കറ്റിലേക്ക് തിരിഞ്ഞേക്കാമെന്നും സാധ്യതയുണ്ട്.

കഴിഞ്ഞ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ വജ്രായുധങ്ങളില്‍ ഒന്നുകൂടിയായിരുന്നു സാഹ.

ടൈറ്റന്‍സിന് വേണ്ടി 11 മത്സരത്തില്‍ നിന്നും 317 റണ്‍സാണ് സാഹ സ്വന്തമാക്കിയത്.

Content highlight: Wriddhiman Saha about his main focus after India snub

Latest Stories

We use cookies to give you the best possible experience. Learn more