ഫിസിയോ ഇല്ലാത്തതില്‍ സുശീല്‍ കുമാറിന് പ്രതിഷേധം
DSport
ഫിസിയോ ഇല്ലാത്തതില്‍ സുശീല്‍ കുമാറിന് പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2012, 3:48 pm

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഗുസ്തി സംഘത്തിന് ഫിസിയോയെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സുശീല്‍ കുമാര്‍ രംഗത്തെത്തി. ഒരു ദിവസംതന്നെ ഒന്നിലധികം മത്സരങ്ങളാണ് ഗുസ്തി താരങ്ങള്‍ക്കുള്ളതെന്നും അത്‌കൊണ്ട് തന്നെ ഫിസിയോയുടെ സേവനം അത്യാവശ്യമാണെന്നും സുശീല്‍ കുമാര്‍ പറയുന്നു. ദേശീയ ഗുസ്തി ഫിസിയൊ അര്‍വിന്ദര്‍പാല്‍ സിങ്ങിനെ സ്വന്തം കീശയില്‍നിന്ന് പണം മുടക്കി കൊണ്ടുപോകാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.[]

അതേസമയം ടീമിനൊപ്പം ഫിസിയോയെ അയക്കുന്നകാര്യം പരിഗണിക്കുമെന്ന് റസ്‌ലിങ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ രാജ് സിങ് അറിയിച്ചു.

ടീമിനൊപ്പം ഫിസിയോയെ അയയ്ക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും പ്രശ്‌നം ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ചചെയ്യുമെന്നും കോച്ച് വിനോദ് കുമാറും പറഞ്ഞു.

സോണാപേട്ടിലെ ഗുസ്തി പരിശീലനകേന്ദ്രത്തില്‍ ഒളിമ്പിക് താരങ്ങള്‍ക്ക് ചീഞ്ഞളിഞ്ഞ ഭക്ഷണം നല്‍കിയത് നേരത്തേ വിവാദമായിരുന്നു.

ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ സുശീല്‍ കുമാറാണ് ലണ്ടനില്‍ ഇന്ത്യന്‍ പതാകയേന്തുന്നത്.