| Sunday, 28th May 2023, 11:57 pm

പാര്‍ലമെന്റ് പ്രതിഷേധം: ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപശ്രമത്തിന് കേസെടുത്തു; വനിതാ തടവുകാരെ വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച ഗുസ്തി താരങ്ങള്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്ത് ദല്‍ഹി പൊലീസ്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടം ചേരല്‍, പൊലീസുകാരെ അക്രമിക്കല്‍, ക്രിമിനലുകളെ ഉപയോഗിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, പൊതുസ്വത്ത് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

109 സമരക്കാര്‍ ഉള്‍പ്പെടെ 700ഓളം പേരെ തലസ്ഥാന നഗരിയില്‍ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വനിതാ തടവുകാരെയെല്ലാം വൈകീട്ടോടെ തന്നെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു. സാക്ഷി മാലിക്, സംഗീത ഫോഗട്ട്, വിനേഷ് ഫോഗട്ട് എന്നിവരെ പൊലീസ് വിട്ടയച്ചുവെന്നും മറ്റുള്ളവരെ കസ്റ്റഡിയില്‍ തന്നെ വെച്ചതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഇങ്ങനെയൊക്കെയാണ് നമ്മുടെ ചാമ്പ്യന്മാരെ കൈകാര്യം ചെയ്യുന്നത്. ലോകം നമ്മളെ കാണുന്നുണ്ട്’ എന്ന് ജയില്‍ മോചിതയായതിന് പിന്നാലെ സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.

പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്നും അവര്‍ ഒന്നും തുറന്നുപറയുന്നില്ലെന്നും ഗുസ്തി താരം ബജ്‌റങ് പൂനിയ ട്വീറ്റ് ചെയ്തു. ‘ഞാന്‍ എന്തെങ്കിലും കുറ്റം ചെയ്‌തോ? ബ്രിജ് ഭൂഷണാണ് അറസ്റ്റ് ചെയ്യപ്പെടേണ്ടത്.

ഞങ്ങളെ എന്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്’ പൂനിയ ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഗുസ്തി താരങ്ങളുടെ അറസ്റ്റിനെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്ര്‌സ്, ആം ആദ്മി പാര്‍ട്ടി, സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിച്ചു.

പട്ടാഭിഷേകം കഴിഞ്ഞതോടെ ക്രുദ്ധനായ രാജാവ് തെരുവിലെ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ചാമ്പ്യന്മാരെ ഈ വിധം കൈകാര്യം ചെയ്യുന്നത് അപമാനകരമാണെന്ന് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാന്‍ജിയും പറഞ്ഞു.

content highlights: wrestling stars arrested and detained over parliament march in india

We use cookies to give you the best possible experience. Learn more