വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി
Asian Games
വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th August 2023, 4:37 pm

ന്യൂദല്‍ഹി: റെസ്‌ലിങ് താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. പരിക്ക് പറ്റിയതിനാലാണ് പിന്മാറ്റമെന്നും പകരം മറ്റൊരാളെ ഗെയിംസിന് അയക്കണമെന്നും താരം ആവശ്യപ്പെട്ടു.

ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമണക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പരസ്യപ്രതിഷേധത്തിനിറങ്ങിയവരില്‍ പ്രധാനിയായിരുന്നു വിനേഷ് ഫോഗട്ട്. ഇതിന് ശേഷം യോഗ്യത മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെയാണ് താരം ഏഷ്യാ ഗെയിംസിന്റെ ട്രയല്‍സില്‍ പങ്കെടുത്തിരുന്നത്. ഇതിനിടയിലാണ് പരിക്കേറ്റതിനെ തുടര്‍ന്ന് പിന്മാറുന്നതായി താരം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

പരിശീലനത്തിനിടെ പരിക്കേറ്റതായും മുംബൈയില്‍ മറ്റന്നാള്‍ ശസ്ത്രക്രിയ ഉണ്ടെന്നുമാണ് താരം അറിയിക്കുന്നത്. തിനിക്ക് പകരം മറ്റൊരു താരത്തെ ഗെയിംസിന് അയക്കണമെന്നും അടുത്ത വര്‍ഷത്തെ പാരീസ് ഒളിംപിക്‌സ് ലക്ഷ്യമിട്ട് പരിശീലനം വൈകാതെ പുനരാരംഭിക്കാന്‍ കഴിയുമെന്നും വിനേഷ് ഫോഗട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

‘ഓഗസ്റ്റ് 13 പരിശീലനത്തിനിടെ കാല്‍മുട്ടിന് എനിക്ക് പരിക്കേറ്റു. പരിശോധനകള്‍ക്ക് ശേഷം ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈമാസം 17ന് മുംബൈയില്‍ ശസ്ത്രക്രിയ നടത്തും.

2018ല്‍ ജക്കാര്‍ത്തയില്‍ വിജയിച്ച സ്വര്‍ണ മെഡല്‍, ഇന്ത്യയ്ക്കായി നിലനിര്‍ത്തണമെന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാല്‍ പരിക്ക് എന്റെ സാധ്യതകളെ ഇല്ലാതാക്കി. റിസര്‍വ് താരത്തെ എനിക്ക് പകരം ഏഷ്യന്‍ ഗെയിംസിന് വിടണം, ഇതിനായി യഥാസമയത്ത് തന്നെ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്,’ ഫോഗട്ട് ട്വീറ്റ് ചെയ്തു.

 

കഴിഞ്ഞ തവണ ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് വിനേഷ് ഫോഗട്ട്. ഇതുകൂടാതെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണവും ലാക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡലും താരത്തിന് നേടാനായിട്ടുണ്ട്.

Content Highlight: Wrestling star Vinesh Phogat withdrew from the Asian Games