| Saturday, 27th May 2023, 8:28 am

പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ ബ്രിജ് ഭൂഷണ്‍ പങ്കെടുത്താല്‍ രാജ്യത്തിന്റെ അവസ്ഥ എന്താണെന്ന് വ്യക്തമാകും: ഗുസ്തി താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിന് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ് പങ്കെടുത്താല്‍ അത് രാജ്യത്തെ സ്ഥിതിഗതികളെ കുറിച്ചുള്ള കൃത്യമായ സന്ദേശം നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. തങ്ങളെ ചിലപ്പോള്‍ ഖലിസ്ഥാനികളെന്നും രാജ്യദ്രോഹികളെന്നും വിളിക്കുമായിരിക്കുമെന്നും അതില്‍ ഒരു പ്രശ്‌നവുമില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ബ്രിജ് ഭൂഷണ്‍ സിങ് മെയ് 28ന് പാര്‍ലമെന്റ് ഉദ്ഘാടനത്തിന് പങ്കെടുത്താല്‍ രാജ്യത്തെ അവസ്ഥകളെ കുറിച്ചുള്ള സന്ദേശം ലഭിക്കും. ബ്രിജ് ഭൂഷണെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഞങ്ങള്‍ക്കെതിരെയാണ്. ചിലര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ രാജ്യത്തെ സ്ത്രീകളെ ഉപദ്രവിച്ച ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നത് ശരിയല്ല.

ടോക്യോ ഒളിമ്പിക്‌സ് കഴിഞ്ഞതിന് ശേഷം അദ്ദേഹം എനിക്കെതിരെ അച്ചടക്ക നടപടിക്ക് കത്ത് നല്‍കി. അതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച എന്നെ അദ്ദേഹം തടഞ്ഞു. എന്നെ തടയാന്‍ സാധിക്കുന്ന അദ്ദേഹത്തിന് ലിസ്റ്റില്‍ നിന്ന് എന്റെ പേരും വെട്ടിക്കളയാന്‍ സാധിക്കും. ഇത്തരത്തില്‍ നിരവധി ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉണ്ട്.

ഞായറാഴ്ച ബ്രിജ് ഭൂഷണ്‍ പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിന് പങ്കെടുത്താല്‍ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാക്കാം.

ഞങ്ങളുടെ സമരത്തെ വഴിത്തിരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. കാനഡയില്‍ നിന്നുള്ള ഫണ്ട് കൊണ്ടാണ് സമരം ചെയ്യുന്നതെന്നാണ് ബ്രിജ് ഭൂഷണ്‍ പറഞ്ഞത്.

ഞങ്ങളെ ചിലപ്പോള്‍ ഖലിസ്ഥാനികളെന്നും രാജ്യദ്രോഹികളെന്നും വിളിക്കുമായിരിക്കും, ഒരുപക്ഷേ ഞങ്ങളെ പാകിസ്ഥാനിലേക്ക് അയക്കുമായിരിക്കും, എന്നാല്‍ അതൊന്നും ഒരു പ്രശ്‌നമല്ല. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് തെറ്റേതാണ്, ശരിയേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കും,’ ഫോഗട്ട് പറഞ്ഞു.

പാര്‍ലമെന്റ് മാര്‍ച്ചിന് അനുമതിയുണ്ടോയെന്ന ചോദ്യത്തിന് തങ്ങള്‍ രാജ്യത്തെ പൗരരാണെന്നും അനുമതിയെന്തിനാണെന്നും ബജ്‌റംഗ് പൂനിയ ചോദിച്ചു.

‘നമുക്ക് എന്തിനാണ് അനുമതി. ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരാണ്. പൊലീസ് തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ അവിടെ തന്നെ ഇരുന്ന് സമരം ചെയ്യണമെന്ന് ഞാന്‍ എല്ലാവരോടും പറയുന്നു.

നിയമം ജനങ്ങള്‍ക്ക് വേണ്ടിയാണ്. അവിടെ നടക്കുന്നത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങാണെന്ന് അറിയാം. പക്ഷേ ഈ രാജ്യത്തെ പെണ്‍മക്കള്‍ക്ക് ആരാണ് നീതി നല്‍കുക. ബ്രിജ് ഭൂഷണെ പോലുള്ള ആളുകള്‍ പാര്‍ലമെന്റില്‍ ഇരിക്കുകയാണെങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള മുതിര്‍ന്നവര്‍ക്ക് ദേഷ്യം വരും. എന്നാലും ഞങ്ങള്‍ പാര്‍ലമെന്റിനകത്ത് കയറാതെ സമാധാനപരമായി സമരം ചെയ്യും,’ പൂനിയ പറഞ്ഞു.

തങ്ങളെ അറസ്റ്റ് ചെയ്യാനാണ് തീരുമാനമെങ്കില്‍ ധൈര്യമായി അറസ്റ്റ് വരിക്കുമെന്നും താരങ്ങള്‍ പറഞ്ഞു.

ലൈംഗികോപദ്രവക്കേസില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ ഗുസ്തി താരങ്ങളുടെ സമരം ജന്തര്‍ മന്തിറില്‍ 34 ദിവസമായി നടന്ന് കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടകളുമെല്ലാം താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു.

ഞായറാഴ്ച നടക്കുന്ന ഉദ്ഘാടനത്തിന് പാര്‍ലമെന്റ് വളയാനുള്ള തീരുമാനത്തിലാണ് ഗുസ്തി താരങ്ങള്‍. മന്ദിരം വളഞ്ഞ് വനിതാ മഹാപഞ്ചായത്ത് നടത്തുമെന്നും താരങ്ങള്‍ അറിയിച്ചിട്ടുണ്ട്. കര്‍ഷകരും തൊഴിലാളികളും സ്ത്രീകളുമെല്ലാം പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നിലവില്‍ രണ്ട് എഫ്.ഐ.ആറുകളാണ് ഭൂഷണെതിരെ ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

content highlight: wrestling protest against brij bhushan

We use cookies to give you the best possible experience. Learn more