| Saturday, 29th April 2023, 8:22 am

മന്ത്രി പറഞ്ഞത് കള്ളം; 12 മണിക്കൂര്‍ അല്ല, 4-5 മിനിറ്റാണ് സംസാരിച്ചത്; അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ബി.ജെ.പി എം.പിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോടൊപ്പം 12 മണിക്കൂര്‍ ചെലവഴിച്ചുവെന്ന കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് താക്കൂറിന്റെ വാദത്തെ തള്ളിക്കളഞ്ഞ് ഗുസ്തി താരങ്ങള്‍.

അനുരാഗ് താക്കൂര്‍ വളരെ കുറച്ച് മിനിറ്റുകള്‍ മാത്രമേ ചെലവഴിച്ചുള്ളൂവെന്നും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരാണ് മധ്യസ്ഥത വഹിച്ചുവെന്നും ബജ്‌റംഗ് പൂനിയ പറഞ്ഞു.

‘സ്‌പോര്‍ട്‌സ് മന്ത്രി 12 മണിക്കൂര്‍ സംസാരിച്ചുവെന്ന് പറയുന്നു. എത്ര നേരം സംസാരിച്ചുവെന്ന് മന്ത്രിയോട് ചോദിക്കണം. അദ്ദേഹം സ്‌പോര്‍ട്‌സ് താരങ്ങളോട് 2-4 മിനിറ്റുകളെ സംസാരിച്ചുള്ളൂ. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരാണ് മധ്യസ്ഥത വഹിച്ചത്,’ പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌പോര്‍ട്‌സ് മന്ത്രി 12 മിനിറ്റ് പോലും ചെലവഴിച്ചില്ലെന്ന് വിനേഷ് ഫോഗട്ടും പറഞ്ഞു.

എന്നാല്‍ ജനുവരിയില്‍ ഗുസ്തി താരങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനുള്ള അവസരം നല്‍കിയെന്ന് അനുരാഗ് താക്കൂര്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു.

‘ജന്തര്‍ മന്ദറിലെ താരങ്ങളോട് 12 മണിക്കൂര്‍ സംസാരിച്ചിരുന്നു. ജനുവരിയില്‍ ആദ്യ ദിവസം ഏഴ് മണിക്കൂറും അടുത്ത ദിവസം അഞ്ച് മണിക്കൂറും എല്ലാ പരാതികളും കേട്ടിരുന്നു. അവരുമായി സംസാരിച്ച് ഒരു കമ്മിറ്റി രൂപീകരിച്ചു. അവര്‍ അവരിലെ ഒരു അംഗത്തെ കമ്മിറ്റിയില്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു.

ആവശ്യപ്രകാരം ബബിത ഫോഗട്ടിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. വിഷയത്തില്‍ നിഷ്‌കളങ്കമായ അന്വേഷണം വേണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നു,’ അദ്ദേഹം ഷിംലയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതിനെതിരെയാണ് ബജ്‌റംഗ് പൂനിയയും മറ്റ് താരങ്ങളും രംഗത്ത് വന്നത്.

അതേസമയം ബ്രിജ് ഭൂഷണിനെതിരെയുള്ള പരാതിയില്‍ ദല്‍ഹി പൊലീസ് പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. സുപ്രീം കോടതിയുടെ നിര്‍ദേശം പ്രകാരമാണ് ദല്‍ഹി പൊലീസ് കേസെടുത്തിട്ടുള്ളത്.

എന്നാല്‍ ബ്രിജ്ഭൂഷണ് ശിക്ഷ ഉറപ്പാക്കും വരെ തെരുവില്‍ പോരാട്ടം തുടരുമെന്ന് സമരം ചെയ്യുന്ന താരങ്ങള്‍ അറിയിച്ചിട്ടുണ്ട്.

content highlight: wrestling players against anurag thakkur

We use cookies to give you the best possible experience. Learn more