| Saturday, 30th November 2013, 10:15 am

ഇന്ത്യന്‍-ലോക റസ്‌ലിങ് ഫെഡറേഷനുകള്‍ തമ്മില്‍ പോര്: യോഗേശ്വര്‍ ദത്തിന് അവസരം നഷ്ടമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഇന്ത്യന്‍ റസ്‌ലിങ് ഫെഡറേഷനും (ഡബ്ലിയു. എഫ്.ഐ)  ലോക റസ്‌ലിങ് ഫെഡറേഷനും (ഫില) തമ്മിലുള്ള പോരിലകപ്പെട്ട് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തിന് അവസരം നഷ്ടമായി.

അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടക്കുന്ന ഗോള്‍ഡന്‍ പ്രീയില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇന്ത്യന്‍ ഗുസ്തിതാരത്തിന് നഷ്ടമായത്. ലോക ഫെഡറേഷന് ഇന്ത്യന്‍ ഫെഡറേഷന്‍ നല്‍കാനുള്ള പണം വൈകിച്ചതിനാലാണ്.

ഈ മീറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട   ഒരേയൊരു ഇന്ത്യന്‍ താരം യോഗേശ്വറായിരുന്നു. 35 രാജ്യങ്ങളില്‍ നിന്നുള്ള 200 താരങ്ങളാണ് മീറ്റില്‍ പങ്കെടുക്കുന്നത്.

പ്രതിഷേധം അറിയിച്ച് യോഗേശ്വര്‍ ദത്ത് രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ന്യൂദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ റസ് ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയത്വം വഹിക്കുന്നതിന് ഫിലയില്‍ നിന്നും ഇന്ത്യന്‍ റസ് ലിങ് ഫെഡറേഷന്‍ പണം വാങ്ങിയിരുന്നു. സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിനിടെ ഫില ഈ പണം തിരികെ ചോദിച്ചു.

അത് കൃത്യമായി തിരികെ നല്‍കുന്നതില്‍ ഡബ്ലിയു.എഫ്.എ വീഴ്ച വരുത്തി. ഇതിന്റെ  പേരിലുള്ള വടംവലിയാണ് യോഗേശ്വറിന്റെ അവസരം നിഷേധിക്കുന്നതില്‍ എത്തിയത്.

2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഉത്തരകൊറിയയുടെ റി ജോങ് മ്യോനിനെ മലര്‍ത്തിയടിച്ചാണ് യോഗേശ്വര്‍ വെങ്കലമെഡല്‍ നേടിയത്.

“ഇത്രയും പ്രധാനപ്പെട്ട ഒരു മത്സരത്തില്‍ ഞാനുള്‍പ്പെടാതെ പോയതില്‍ കടുത്ത നിരാശയുണ്ട്. അതു മാത്രമാണ്  എനിക്കറിയാവുന്നത്. ബാക്കി കാര്യങ്ങള്‍ ഫെഡറേഷന്‍ അധികാരികളോട് തന്നെ ചോദിക്കണം.” നിരാശയോടെ യോഗേശ്വര്‍ പറയുന്നു.

60 കിലോയില്‍ നിന്ന്് മാറി 66 കിലോ വിഭാഗത്തില്‍ മത്സരിക്കാനുള്ള ആദ്യ അവസരമായിരുന്നു ഇത്. ഒളിമ്പിക്‌സിന് ശേഷം തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലകപ്പെട്ട യോഗേശ്വറിന് തിരിച്ചുവരവ് നടത്താനുള്ള അവസരം കൂടിയായിരുന്നു ഇത്.

ലോകകപ്പ് റസ് ലിങ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍  റസ് ലിങ് ചാമ്പ്യന്‍ഷിപ്പ് എന്നിവ അടുത്ത വര്‍ഷമാണ് നടക്കേണ്ടത്. അതിന് കൂടിയുള്ള തയ്യാറെടുപ്പായാണ് യോഗേശ്വര്‍ പരിശീലകനോടൊപ്പം ബാക്കുവിലേയ്ക്ക് പോയത്.

എന്നാല്‍ ഭാരവിഭാഗത്തിലെ തര്‍ക്കങ്ങള്‍ കാരണമാണ് യോഗേശ്വറിന് പങ്കെടുക്കാന്‍ കഴിയാത്തതെന്നായിരുന്നു ഡബ്ലിയു. എഫ്. എ ജനറല്‍ സെക്രട്ടറി രാജ്‌സിങ്ങിന്റെ ആദ്യപ്രതികരണം. പിന്നീട് പണം കൊടുക്കുന്നതില്‍ നേരിട്ട കാലതാമസമാണ് യോഗേശ്വറിന്റെ പുറത്താകലിന് കാരണമെന്ന് ഇദ്ദേഹം സമ്മതിച്ചു.

യോഗേശ്വറിനെ മത്സരിപ്പിക്കില്ലെന്ന കാര്യം ഫില അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more