ന്യൂദല്‍ഹി: ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം റോഡില്‍ ഇറങ്ങിയുള്ള പബ്ലിസിറ്റിയാണെന്ന് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ വി.എന്‍. പ്രസൂദ്. ബ്രിജ് ഭൂഷണിനെതിരെ തെളിവുണ്ടെങ്കില്‍ ശിക്ഷ വിധിക്കേണ്ടത് കോടതിയാണെന്ന് അദ്ദേഹം പറഞ്ഞു.
കേസ് കൊടുക്കാന്‍ കായിക താരങ്ങള്‍ക്ക് അധികാരമുണ്ടെന്നും എന്നാല്‍ ആരെയും ജയിലിലടക്കാന്‍ ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെക്രട്ടറിയുടെ പരാമര്‍ശം.
ആദ്യത്തെ സമരം തുടങ്ങുന്നത് വരെ പരാതി നല്‍കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ലെന്നും കുറ്റവാളിയെ ജയിലിലടച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് പറയുന്നത് ശരിയല്ല. കായിക രംഗത്ത് രാഷ്ട്രീയം കൊണ്ട് വരുന്നത് അംഗീകരിക്കാനാവില്ല. പ്രതിഷേധങ്ങളും വിവാദങ്ങളും താരങ്ങളുടെ പ്രകടനത്തെയും മോശമായി ബാധിച്ചിട്ടുണ്ട്. ക്രൂശിക്കുന്നവര്‍ തന്നെ പിന്നീട് കുമ്പസാരിക്കേണ്ട അവസ്ഥ വരരുത്,’ അദ്ദേഹം പറഞ്ഞു.
പരാമര്‍ശത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് റെസ്‌ലിങ് ഫെഡറേഷന്‍ സെക്രട്ടറിക്കെതിരെ ഉയരുന്നത്. നേരത്തെ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ദല്‍ഹിയില്‍ നടത്തുന്ന സമരങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്നായിരുന്നു ഉഷ പറഞ്ഞത്.
ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച മുതല്‍ ഗുസ്തി താരങ്ങള്‍ ദല്‍ഹിയില്‍ സമരത്തിലാണ്. ഇതിനോടകം രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധിയാളുകള്‍ സമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കായിക താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.