ന്യൂദല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫീസ് വീണ്ടും ബ്രിജ് ഭൂഷണിന്റെ ഔദ്യോഗിക വസതിയിലേക്ക് മാറ്റി. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം വെബ്സൈറ്റില്‍ ഫെഡറേഷന്‍ ഓഫീസിന്റെ വിലാസം ഇതുവരെ മാറിയിട്ടില്ല. 101, ഹരി നഗര്‍, ആശ്രമം ചൗക്ക്, ന്യൂദല്‍ഹി-110014 എന്ന പഴയ വിലാസമാണ് സൈറ്റില്‍ കാണിക്കുന്നത്.
എന്നാല്‍ ഈ വിലാസത്തിലുള്ള വസതിയില്‍ നിന്ന് ഫെഡറേഷന്‍ ഒഴിഞ്ഞുവെന്ന് വീടിന്റെ ഉടമ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ വസതിയില്‍ മറ്റു വാടകക്കാര്‍ ഉണ്ടെന്ന് കണ്ടെത്തിയെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.
ഇതിന് മുമ്പും ഫെഡറേഷന്‍ ഓഫീസ് ബ്രിജ് ഭൂഷണ്‍ തന്റെ ഔദ്യോഗിക വസതിയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ കായിക മന്ത്രാലയം ബ്രിജ് ഭൂഷണിനെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു.
ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ ഫെഡറേഷന്റെ മുന്‍ മേധാവിയും അഞ്ച് തവണ ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ രാജ്യത്തെ ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഒളിമ്പിക് ജേതാക്കള്‍ ഉള്‍പ്പെടെയാണ് ബ്രിജ് ഭൂഷണിനെതിരെ തെരുവിലിറങ്ങിയത്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
ദല്‍ഹി പൊലീസിന്റെ കുറ്റപത്രം അനുസരിച്ച് ബ്രിജ് ഭൂഷണിന്റെ അശോക റോഡ് 21ലെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമം നേരിട്ടത്. താരങ്ങള്‍ നല്‍കിയ മൊഴിയില്‍ ഈ വസതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസില്‍ വെച്ച് അതിക്രമം നേരിട്ടുവെന്നാണ് പറയുന്നത്.
തുടര്‍ന്ന് 2023 ഡിസംബറില്‍ ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സസ്പെന്‍ഷന്‍ നേരിട്ടതോടെയാണ് ഫെഡറേഷന്‍ ഓഫീസ് ഹരി നഗറിലേക്ക് മാറ്റിയത്.
എന്നാല്‍ ഇപ്പോള്‍ വീണ്ടും ഫെഡറേഷന്റെ ഓഫീസ് അശോക റോഡിലേക്ക് മാറ്റിയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രിജ് ഭൂഷണിനെതിരായ കേസ് ദല്‍ഹി കോടതിയുടെ പരിഗണനയിലാണ്. പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടിട്ടും ബ്രിജ് ഭൂഷണ്‍ ഗുസ്തി ഫെഡറേഷനുമായുള്ള ബന്ധം തുടരുകയാണ്.
ആരോപണങ്ങളിൽ പ്രതികരിക്കാൻ നിലവിലെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ സഞ്ജയ് സിങ്ങും ബ്രിജ് ഭൂഷണും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Content Highlight: Wrestling Federation office shifted again to Brij Bhushan’s residence; Report