ന്യൂദല്‍ഹി: ഈ മാസാവസാനം നടക്കുന്ന ഏഷ്യന്‍ ഗെയിംസിലെ സെലക്ഷന്‍ ട്രയല്‍സില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ഗുസ്തി താരങ്ങള്‍. ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായിരുന്ന ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. അതിന് പിന്നാലെയാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള ആഗ്രഹം താരങ്ങള്‍ അറിയിച്ചത്.
തങ്ങള്‍ക്ക് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കണമെന്ന് ഗുസ്തി ഒളിംപിക് മെഡല്‍ ജേതാവ് സത്യവാര്‍ത്ത് കാദിയാന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങള്‍ക്ക് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കണം. പക്ഷേ അതിന് വേണ്ടി തയ്യാറാകേണ്ടതുണ്ട്. പരിശീലനത്തിന് വേണ്ടി ഒന്നര മാസത്തെ സമയമെങ്കിലും നമുക്ക് ആവശ്യമുണ്ട്,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം ചിലര്‍ മത്സരിച്ചിട്ടില്ലാത്തതിനാല്‍ മത്സരത്തിലേക്ക് തിരിച്ച് പ്രവേശിക്കുന്നത് ഗുസ്തി താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മറ്റു ചിലര്‍ 2022 ആഗസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് അവസാനം മത്സരിച്ചത്.
സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ ചൈനയിലെ ഹാങ്ഷൂവിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ നിശ്ചയിച്ചത് പ്രകാരം ജൂലൈ 15ന് മുമ്പായി ടീമുകളെ അന്തിമമാക്കാന്‍ എല്ലാ ദേശീയ ഫെഡറേഷനുകളും തീരുമാനിച്ചതായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
അതേസമയം ഗുസതിക്കാര്‍ തിരികെ മത്സരത്തിലേക്ക് പ്രവേശിക്കണമെന്നും താക്കൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലൈംഗികാരോപണ വിധേയനായ ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഗുസ്തി സമരം തല്‍ക്കാലം മാറ്റിവെച്ചത്. അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു ഈ തീരുമാനം.
ജൂണ്‍ 15നകം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം താരങ്ങള്‍ മുന്നോട്ട് വെച്ചെന്നും അതുവരെ സമരം നടത്തരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് തല്‍ക്കാലം പിന്മാറുന്നതെന്നും പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ അന്വേഷണം ജൂണ്‍ 15ന് പൂര്‍ത്തിയാക്കുമെന്നും കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അനുരാഗ് താക്കൂറും പറഞ്ഞിരുന്നു.
‘ഗുസ്തി താരങ്ങളുമായി ആറ് മണിക്കൂര്‍ ചര്‍ച്ച നടത്തി. അന്വേഷണം ജൂണ്‍ 15നകം പൂര്‍ത്തിയാക്കുമെന്നും കുറ്റപ്പത്രം സമര്‍പ്പിക്കുമെന്നും താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 30ന് ഡബ്ല്യൂ.എഫ്.ഐ തെരഞ്ഞെടുപ്പ് നടത്തും,’ എന്നാണ് ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.
content highlights: wrestlers wants to participate in asian tralis