ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. കായിക മേഖലക്ക് ദോഷം വരുത്തുന്ന നടപടികളിലേക്ക് കടക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘ഗുസ്തി താരങ്ങള്‍ ദല്‍ഹി പൊലീസിന്റെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ കാത്തിരിക്കണം. കായികമേഖലക്ക് ദോഷം വരുത്തുന്ന ഒരു നടപടിയിലേക്കും കടക്കരുത്. ഞങ്ങളെല്ലാവരും കായികത്തിനും കായികതാരങ്ങള്‍ക്കും അനുകൂലമാണ്,’ അദ്ദേഹം പറഞ്ഞു.
ഗുസ്തി താരങ്ങളുടെ ആവശ്യപ്രകാരം കമ്മിറ്റി രൂപീകരിച്ചെന്നും അവരുടെ ആവശ്യങ്ങളൊന്നും ഒഴിവാക്കിയില്ലെന്നും താക്കൂര്‍ പറഞ്ഞു.
‘കായിക താരങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്ത് നല്‍കി. ഞങ്ങള്‍ ഇനിയും കൂടുതല്‍ ചെയ്യാനും ആഗ്രഹിക്കുന്നു. എല്ലാ കായികയിനത്തിലും ഇന്ത്യ കൂടുതല്‍ ശക്തമാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഗുസ്തി താരങ്ങളുടെ ആവശ്യപ്രകാരം ഞങ്ങള്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിന് ശേഷം ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അവര്‍ ആവശ്യപ്പെട്ട ഒന്നും ഞങ്ങള്‍ ഒഴിവാക്കിയില്ല,’ താക്കൂര്‍ പറഞ്ഞു.
ഗുസ്തി താരങ്ങളെ കേട്ടെന്നും പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അന്വേഷണത്തില്‍ സംതൃപ്തരല്ലെങ്കില്‍ പ്രതിഷേധിക്കാം. നിങ്ങള്‍ക്ക് സുപ്രീംകോടതിയെയും പൊലീസിനെയും റെസ്‌ലിങ് അസോസിയേഷനെയും വിശ്വസിക്കാം. ഞങ്ങള്‍ക്ക് സമഗ്രമായ അന്വേഷണവുമാണ് വേണ്ടത്,’ അദ്ദേഹം പറഞ്ഞു. ഡബ്ല്യു.എഫ്.ഐ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് ഉടന്‍ തന്നെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന് കീഴില്‍ കായിക ബജറ്റ് 874 കോടിയില്‍ നിന്നും 2782 കോടിയായി ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ഖേലോ ഇന്ത്യ, ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം തുടങ്ങിയവ അവതരിപ്പിച്ചു. കായിക താരങ്ങളുടെ പരിശീലനത്തിനായി കോടികള്‍ ചെലവഴിച്ചു. കായിക മേഖലക്കായി 2700 കോടിയുടെ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗുസ്തി താരങ്ങള്‍ ഇന്ന് ചേരാനിരുന്ന ഖാപ്പ് പഞ്ചായത്ത് നാളത്തേക്ക് മാറ്റി. സമരത്തിന്റെ നടപടികളെ കുറിച്ചുള്ള തീരുമാനം ഖാപ്പ് പഞ്ചായത്തില്‍ എടുക്കും.
ചൊവ്വാഴ്ച, ബ്രിജ് ഭൂഷണെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ മത്സരങ്ങളില്‍ ലഭിച്ച മെഡല്‍ ഗംഗയിലൊഴുക്കാനായി താരങ്ങളെത്തിയിരുന്നു. എന്നാല്‍ കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ഗംഗയിലൊഴുക്കാന്‍ തിരിച്ചെത്തുമെന്ന് താരങ്ങള്‍ കര്‍ഷകരെ അറിയിച്ചിരുന്നു.
ലൈംഗിക പരാതിയില്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ഗുസ്തി താരങ്ങള്‍ സമരം ചെയ്യുകയാണ്.
Contenthighlight: Wrestlers should wait for the investigation conclude by delhi police : Anurag thakur